International
മേഖലയിലെ സുരക്ഷാ ആശങ്കകള്‍ തുടരുന്നു; സഊദിയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച നടപടി നീട്ടി ഇന്ത്യന്‍ വിമാനക്കമ്പനികള്‍
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ ദമാം, റിയാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും 2026 ഡിസംബര്‍ ഏഴ് വരെ റദ്ദാക്കിയതായി അറിയിച്ചു.
ന്യൂഡല്‍ഹി/ദമാം | ഗള്‍ഫ് മേഖലയില്‍ സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സഊദി അറേബ്യയിലേക്കും തിരിച്ചുമുള്ള ഭൂരിഭാഗം വിമാന സര്‍വീസുകളും നിര്‍ത്തിവെച്ച നടപടി പ്രമുഖ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ തുടരുന്നു. പ്രവാസികള്‍ക്കും തീര്‍ഥാടകര്‍ക്കും ആശ്വാസമായി പടിഞ്ഞാറന്‍ സഊദി നഗരങ്ങളിലേക്ക് പരിമിതമായ സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ദമാം, റിയാദ് എന്നിവിടങ്ങളിലേക്കുള്ള പ്രധാന സര്‍വീസുകള്‍ ഇപ്പോഴും റദ്ദാക്കിയ നിലയിലാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ ദമാം, റിയാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും 2026 ഡിസംബര്‍ ഏഴ് വരെ റദ്ദാക്കിയതായി അറിയിച്ചു. എന്നാല്‍, സുരക്ഷാ അവലോകനത്തിന് ശേഷം ജിദ്ദ, മദീന എന്നിവിടങ്ങളിലേക്ക് തിരഞ്ഞെടുത്ത സര്‍വീസുകള്‍ കമ്പനി ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. വിമാനങ്ങള്‍ റദ്ദാക്കപ്പെട്ട യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുകയോ സൗജന്യമായി മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നല്‍കുകയോ ചെയ്യും.
ജിദ്ദയിലേക്കുള്ള സര്‍വീസുകള്‍ നേരത്തെ നിര്‍ത്തിവെച്ചതിന് പിന്നാലെ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ 30 വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. നാളെ നവംബര്‍ മാസം അവസാനിക്കാനിരിക്കെ, നിയന്ത്രണങ്ങള്‍ ഡിസംബറിലേക്ക് നീട്ടുമോ എന്ന കാര്യത്തില്‍ വിമാനക്കമ്പനികളുടെ ഔദ്യോഗിക അറിയിപ്പിനായി ആശങ്കയോടെ കാത്തിരിക്കുകയാണ് യാത്രക്കാര്‍.
ഇന്ത്യന്‍ വിമാനക്കമ്പനികളില്‍ ഏറ്റവും കൂടുതല്‍ കാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത് അകാസ എയര്‍ (Akasa Air) ആണ്. ജിദ്ദയിലേക്കുള്ള സര്‍വീസുകള്‍ 2027 ജനുവരി 10 വരെയും റിയാദിലേക്കുള്ള സര്‍വീസുകള്‍ 2027 ജനുവരി 31 വരെയും അകാസ എയര്‍ റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് ലഭിക്കാനോ അധിക നിരക്കില്ലാതെ യാത്ര പുനഃക്രമീകരിക്കാനോ അര്‍ഹതയുണ്ടായിരിക്കും. വ്യോമപാതയിലെ ജാഗ്രതയെത്തുടര്‍ന്ന് അന്താരാഷ്ട്ര വിമാനക്കമ്പനികളും സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
വിദേശ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയപ്പോഴും സൗദിയ, ഫ്ളൈനാസ്, ഫ്ളൈഅഡീല് തുടങ്ങിയ സഊദി ദേശീയ വിമാനക്കമ്പനികള്‍ ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ന്യൂഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കോഴിക്കോട് തുടങ്ങിയ പ്രധാന ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകള്‍ തുടരുന്നുണ്ട്. കൂടാതെ, ബഹ്റൈന്‍ (ഗള്‍ഫ് എയര്‍), മസ്കത്ത് (ഒമാന്‍ എയര്‍) എന്നിവിടങ്ങള്‍ വഴിയുള്ള കണക്ഷന് വിമാനങ്ങള്‍ വഴിയാണ് യാത്രക്കാര്‍ നാട്ടിലേക്ക് മടങ്ങുന്നതിനായി ഉപയോഗപ്പെടുത്തുന്നത്.
റിയാദിലെ ഇന്ത്യന്‍ എംബസ്സി തങ്ങളുടെ ഔദ്യോഗിക ചാനലുകളിലൂടെ വിമാനക്കമ്പനികളുടെ അംഗീകൃത അറിയിപ്പുകള് പങ്കുവെക്കുന്നുണ്ട്. അവസാന നിമിഷവും സമയക്രമങ്ങളില്‍ മാറ്റങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് യാത്രാ വിവരങ്ങള്‍ ഉറപ്പുവരുത്തണമെന്ന് എംബസ്സി യാത്രക്കാരോട് അഭ്യര്‍ഥിച്ചു.
Content Highlights: Indian airlines have extended the suspension of flight services to Saudi Arabia due to persistent security concerns in the region. Akasa Air cancelled all flights for the rest of the year until January, while IndiGo extended its Riyadh and Dammam suspension until December 7. However, IndiGo and Air India plan to resume limited services to cities like Jeddah and Madinah starting next month.




