Kerala
വടകര കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ്; ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ ജയില്‍ മോചിതനായി
കഴിഞ്ഞ 19 ദിവസമായി വടകര സബ് ജയിലിലായിരുന്നു ജിതിന്‍
കോഴിക്കോട്| ലോകസഭാ തിരഞ്ഞെടുപ്പില്‍ വടകരമണ്ഡലത്തില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ ജയില്‍ മോചിതനായി. കഴിഞ്ഞ 19 ദിവസമായി വടകര സബ് ജയിലിലായിരുന്നു ജിതിന്‍ ഭാസ്‌കര്‍. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.
50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജഡ്ജി ബി എസ് ബിന്ദുകുമാരി ജാമ്യം അനുവദിച്ചത്. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കുകയും ചെയ്യും. ആഴ്ചയില്‍ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. ജയിലിന് പുറത്ത് ജിതിനെ ഡിവൈഎഫ്‌ഐ , സിപിഐഎം പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
കഴിഞ്ഞ 16 നാണ് പ്രത്യേക അന്വേഷണസംഘം ജിതിന്‍ഭാസ്‌ക്കറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്താണ് എം എസ് എഫ് നേതാവിന്റേത് എന്ന വ്യാജേന പ്രചരിച്ച സ്‌ക്രീന്‍ ഷോട്ട് വിവാദമായത്. യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ പാറക്കല്‍ അബ്ദുല്ല എം എല്‍ എ ആഭ്യന്തര മന്ത്രിക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഈ കേസില്‍ വീണ്ടും അന്വേഷണം ഊര്‍ജിതമാക്കിയത്. തുടര്‍ന്നാണ് ഡി വൈ എഫ് ഐ നേതാവായിരുന്ന ജിതിന്‍ ഭാസ്‌കര്‍ അറസ്റ്റിലായത്.
പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് ജിതിന്‍ ഭാസ്‌ക്കറാണ് ബ്രോഡ്കാസ്റ്റ് മെസേജിംഗ് വഴി വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയത്. ഡിവൈഎഫ്‌ഐ നേതാവായിരുന്ന റിബേഷ് രാമകൃഷ്ണന്‍ ഉള്‍പ്പടെ നിരവധി പേരെ ചോദ്യം ചെയ്തതിന് ശേഷമാണ് ജിതിന്‍ ഭാസ്‌ക്കറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ച ആളെ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
Content Highlights:
DYFI leader Jithin Bhaskar has been released from Vadakara sub jail after spending 19 days in custody. The Kozhikode District Sessions Court granted him conditional bail with two sureties of 50,000 rupees each. He was arrested by the Special Investigation Team for allegedly fabricating and circulating a controversial fake screenshot during the recent Lok Sabha election.




