Uae
ഡെലിവറി ജീവനക്കാരെ ഉച്ചവിശ്രമ സമയത്ത് ജോലി ചെയ്യാൻ നിർബന്ധിക്കരുത്: മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം
നടന്നു കൊണ്ടുള്ള ഡെലിവറികൾക്ക് പൂർണ നിരോധനം
ദുബൈ|രാജ്യത്ത് ഉച്ചവിശ്രമ നിയമം നിലനിൽക്കുന്ന സമയങ്ങളിൽ ജോലി ചെയ്യാൻ ഡെലിവറി ജീവനക്കാരെ നിർബന്ധിക്കരുതെന്ന് മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കി. ജൂൺ 15 മുതൽ സെപ്തംബർ 15 വരെ നീണ്ടുനിൽക്കുന്ന കടുത്ത വേനലിലെ തൊഴിൽ സുരക്ഷാ നയത്തിന്റെ ഭാഗമായി ഉച്ചക്ക് 12.30 മുതൽ വൈകിട്ട് മൂന്ന് വരെയുള്ള സമയങ്ങളിൽ നടന്നു കൊണ്ടുള്ള ഡെലിവറികൾ പൂർണമായി നിരോധിച്ചിട്ടുണ്ട്.
ഈ നിയന്ത്രിത സമയങ്ങളിൽ ഡെലിവറി ഓർഡറുകളുടെ എണ്ണത്തിലും മന്ത്രാലയം പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഈ സമയങ്ങളിൽ ഒരു റൈഡർക്ക് മൂന്നിൽ കൂടുതൽ ഓർഡറുകൾ നൽകാൻ പാടില്ല. കൂടാതെ ഇവരുടെ ആകെ ഡെലിവറി സമയം 60 മിനിറ്റിൽ കൂടരുത്.
22-ാമത് വർഷത്തിലാണ് നിയമം നടപ്പിലാക്കുന്നത്. ഡെലിവറി തൊഴിലാളികളുടെ ജോലി സ്വഭാവം കണക്കിലെടുത്ത് പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങളാണ് ഇപ്പോൾ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ളത്.
ഡെലിവറി റൈഡർമാർക്കായി വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് യു എ ഇ യുടനീളം 12,000 ലധികം എയർകണ്ടീഷൻ ചെയ്ത വിശ്രമകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ, ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി മെട്രോ, ബസ് സ്റ്റേഷനുകളിലായി 23 താത്കാലിക വിശ്രമകേന്ദ്രങ്ങളും അനുവദിച്ചിട്ടുണ്ട്.
വിശ്രമകേന്ദ്രങ്ങളിൽ ആവശ്യത്തിന് ഇരിപ്പിടങ്ങളും തണുത്ത കുടിവെള്ളവും
തൊഴിലാളികൾക്ക് ആവശ്യമായ ഒ ആർ എസ് അടക്കമുള്ള പാനീയങ്ങൾ, കൂളിംഗ് ഉപകരണങ്ങൾ എന്നിവ നൽകേണ്ടത് ഡെലിവറി കമ്പനികളുടെ ഉത്തരവാദിത്തമാണ്. ഉയർന്ന താപനിലയുമായി സമ്പർക്കം പുലർത്തുന്നത് കുറക്കുന്ന രീതിയിൽ ജോലി സമയം ക്രമീകരിക്കണം. കൂടാതെ, താപനില മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും റൈഡർമാർക്ക് കൃത്യമായ സന്ദേശങ്ങൾ അയക്കുകയും വേണം. കമ്പനികൾ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം സ്മാർട്ട് ഡിജിറ്റൽ സംവിധാനങ്ങൾ വഴിയും ഫീൽഡ് ഇൻസ്‌പെക്ഷനുകൾ വഴിയും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
Content Highlights:
The UAE Ministry of Human Resources and Emiratisation restricted forcing delivery riders to work during the midday break. From June 15 to September 15, outdoor deliveries are banned from 12:30 PM to 3 PM. Over 12,000 air-conditioned rest areas have been established nationwide for riders.




