Kerala
കോഴിത്തീറ്റ വിലയില്‍ കുതിപ്പ്; ഒരു ചാക്കിന് കൂടിയത് 500 രൂപയോളം
അസംസ്‌കൃത വസ്തുക്കളായ ചോളം, മെയ്സ്, തവിട്, മൊളാസിസ്, കപ്പലണ്ടി, കപ്പപ്പൊടി എന്നിവയുടെ ലഭ്യതക്കുറവാണ് കോഴിത്തീറ്റയുടെ വിലക്കയറ്റത്തിന് കാരണം
ഇടുക്കി| സംസ്ഥാനത്ത് കോഴിത്തീറ്റ വില ഉയരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 500 രൂപയോളം കൂടിയിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കളായ ചോളം, മെയ്സ്, തവിട്, മൊളാസിസ്, കപ്പലണ്ടി, കപ്പപ്പൊടി എന്നിവയുടെ ലഭ്യതക്കുറവാണ് കോഴിത്തീറ്റയുടെ വിലക്കയറ്റത്തിന് കാരണം. ഏകദേശം 40 ദിവസം കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തിയാണ് വിപണിയിലേക്ക് എത്തിക്കുന്നത്. സാധാരണ മൂന്ന് കിലോ തീറ്റ നല്‍കിയാല്‍ രണ്ട് കിലോ തൂക്കമുള്ള കോഴി ലഭിക്കുമെങ്കിലും, അടുത്തിടെ തീറ്റയുടെ ഗുണനിലവാരം കുറഞ്ഞതോടെ പ്രതീക്ഷിച്ച വളര്‍ച്ച ലഭിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. തീറ്റ വില ഉയര്‍ന്നതോടെ കോഴിവളര്‍ത്തല്‍ ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ് കര്‍ഷകര്‍.
ഒരു മാസം മുമ്പ് 2,000 മുതല്‍ 2,020 രൂപവരെ വിലയുണ്ടായിരുന്ന കോഴിത്തീറ്റ ഇപ്പോള്‍ 2,500 രൂപയിലെത്തിയിട്ടുണ്ട്. ഓണക്കാലത്ത് ചിക്കന്‍ വിപണിയിലും വലിയ പ്രത്യാഘാതമുണ്ടാകുമെന്നാണ് വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഉയര്‍ന്ന മുതല്‍മുടക്ക് കാരണം പുതിയ ബാച്ച് കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്താന്‍ പലരും തയ്യാറാകുന്നില്ല. ഇത് വിപണിയില്‍ കോഴിയിറച്ചിയുടെ ലഭ്യത കുറയ്ക്കാന്‍ കാരണമാകും. നിലവില്‍ കിലോയ്ക്ക് 250 രൂപയാണ് ചിക്കന്റെ വില.ഇതേ സാഹചര്യം തുടരുകയാണെങ്കില്‍ ഓണക്കാലത്ത് ചിക്കന്‍ വില 400 രൂപവരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
Content Highlights:
Poultry feed prices in Kerala surged by nearly Rs 500 per 50 kg bag over the last five months due to raw material shortages. Farmers complain about low-quality feed affecting chicken growth, forcing many to stop production. Traders warn that chicken prices could hit Rs 400 per kg by Onam.




