Connect with us

Uae

ഷാർജയിൽ വാടക രജിസ്‌ട്രേഷൻ കഴിഞ്ഞാൽ ഉടൻ യൂട്ടിലിറ്റി കണക്ഷൻ

മുനിസിപ്പാലിറ്റി വാടക കരാർ സാക്ഷ്യപ്പെടുത്തിയാൽ, വാടകക്കാർക്ക് ആവശ്യമായ ഡെപ്പോസിറ്റ് തുകയെക്കുറിച്ച് എസ് എം എസ് ലഭിക്കും.

Published

|

Last Updated

ഷാർജ| ഷാർജയിൽ വാടക കരാർ രജിസ്റ്റർ ചെയ്താൽ വാടകക്കാർക്ക് ഇനി വൈദ്യുതി, വെള്ളം, ഗ്യാസ് കണക്ഷനുകൾക്കായി പ്രത്യേക അപേക്ഷ നൽകേണ്ടതില്ല. ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റിയും (സീവ) ഷാർജ മുനിസിപ്പാലിറ്റിയും ചേർന്നുള്ള പുതിയ സംരംഭത്തിൽ വാടക കരാർ സാക്ഷ്യപ്പെടുത്തിയാൽ ഉടൻ തന്നെ യൂട്ടിലിറ്റി സേവനങ്ങൾ ഉടൻ പ്രവർത്തനക്ഷമമാക്കും. ഇത് കൂടുതൽ രേഖകളുടെ ആവശ്യകതയും വിവിധ വകുപ്പുകൾ സന്ദർശിക്കുന്നതും ഒഴിവാക്കുന്നു.
മുനിസിപ്പാലിറ്റി വാടക കരാർ സാക്ഷ്യപ്പെടുത്തിയാൽ, വാടകക്കാർക്ക് ആവശ്യമായ ഡെപ്പോസിറ്റ് തുകയെക്കുറിച്ച് എസ് എം എസ് ലഭിക്കും. ഡെപ്പോസിറ്റ്  അടച്ച ഉടൻ തന്നെ പ്രത്യേക അപേക്ഷയുടെ ആവശ്യമില്ലാതെ സീവയുടെ സേവനങ്ങൾ പ്രവർത്തനക്ഷമമാകും. ഡിജിറ്റൽ പരിവർത്തന പദ്ധതികളുടെ ഭാഗമായി ആരംഭിച്ച ഈ സേവനം ഇരു സ്ഥാപനങ്ങളും തമ്മിലുള്ള സംയോജിത ഇ-ലിങ്ക് സംവിധാനത്തിന്റെ ഭാഗമാണ്. നേരത്തെ ഷാർജയിലെ വാടകക്കാർ ആദ്യം മുനിസിപ്പാലിറ്റിയിൽ വാടക കരാർ സാക്ഷ്യപ്പെടുത്തുകയും പിന്നീട് സീവയിൽ നേരിട്ടോ അല്ലെങ്കിൽ ഓൺലൈനായോ സേവന പ്രവർത്തനത്തിനായി അപേക്ഷിക്കുകയും ചെയ്യേണ്ടിയിരുന്നു.
ഈ പ്രക്രിയയിൽ സാക്ഷ്യപ്പെടുത്തിയ കരാർ, എമിറേറ്റ്‌സ് ഐഡി തുടങ്ങിയ രേഖകൾ സമർപ്പിക്കുകയും യൂട്ടിലിറ്റികൾ ബന്ധിപ്പിക്കുന്നതിന് മുമ്പ് ഒരു സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കുകയും ചെയ്യണമായിരുന്നു. ഇതിന് നിരവധി വകുപ്പുകളുമായി ഏകോപിപ്പിക്കുകയും പല ദിവസങ്ങൾ എടുക്കുകയും ചെയ്യുമായിരുന്നു. പുതിയ സേവനങ്ങൾ ഉദ്യോഗസ്ഥതലത്തിലുള്ള കാലതാമസം കുറക്കാനും ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കാനുമുള്ള യു എ ഇയുടെ ലക്ഷ്യങ്ങളുമായി യോജിക്കുന്നു. ഈ സംരംഭം വാടകക്കാർക്കും ഭൂവുടമകൾക്കും സമയം ലാഭിക്കുന്നതിനൊപ്പം പ്രവർത്തനക്ഷമത വർധിപ്പിക്കാനും സഹായിക്കുമെന്ന് സീവ അറിയിച്ചു.

Latest