Connect with us

International

ട്രംപിന് കനത്ത തിരിച്ചടി; പത്ത് ശതമാനം ആഗോള ഇറക്കുമതി തീരുവ യു എസ് കോടതി റദ്ദാക്കി

1970 കളിലെ വ്യാപാര നിയമം അനുസരിച്ച് ഈ നടപടിക്ക് നിയമസാധുതയില്ലെന്ന് കോടതി

Published

|

Last Updated

വാഷിംഗ്ടൺ | പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ പത്ത് ശതമാനം ആഗോള ഇറക്കുമതി തീരുവ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യു എസ് ട്രേഡ് കോടതി റദ്ദാക്കി. 1970 കളിലെ വ്യാപാര നിയമം അനുസരിച്ച് ഈ നടപടിക്ക് നിയമസാധുതയില്ലെന്ന് കോടതി നിരീക്ഷിച്ചു. വ്യാഴാഴ്ച പുറപ്പെടുവിച്ച വിധി ട്രംപ് ഭരണകൂടത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

ടോയ് നിർമ്മാതാക്കളായ ബേസിക് ഫൺ, സുഗന്ധവ്യഞ്ജന ഇറക്കുമതിക്കാരായ ബർലാപ്പ് ആൻഡ് ബാരൽ, വാഷിംഗ്ടൺ സംസ്ഥാനം എന്നിവർ നൽകിയ ഹർജിയിലാണ് യു എസ് കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡ് 2-1 ന് വിധി പ്രസ്താവിച്ചത്. ഫെബ്രുവരി 24 ന് പ്രാബല്യത്തിൽ വന്ന തീരുവയെയാണ് ഇവർ ചോദ്യം ചെയ്തത്. എന്നാൽ, ഈ വിധി നിലവിൽ പരാതി നൽകിയ രണ്ട് ചെറുകിട സ്ഥാപനങ്ങൾക്കും വാഷിംഗ്ടൺ സംസ്ഥാനത്തിനും മാത്രമാണ് ബാധകമാകുക. അതിനാൽ അപ്പീൽ നടപടികൾ തുടരുന്ന സാഹചര്യത്തിൽ മറ്റ് ഇറക്കുമതിക്കാർക്ക് തീരുവ തുടരേണ്ടി വരും.

അന്താരാഷ്ട്ര സാമ്പത്തിക അടിയന്തരാവസ്ഥാ നിയമപ്രകാരം (ഐ ഇ ഇ പി എ) ട്രംപ് നേരത്തെ ഏർപ്പെടുത്തിയ തീരുവ നടപടികൾ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനെ മറികടക്കാനായി ഫെബ്രുവരിയിൽ 1974 ലെ ട്രേഡ് ആക്റ്റിലെ സെക്ഷൻ 122 ഉപയോഗിച്ചാണ് പുതിയ പത്ത് ശതമാനം തീരുവ പ്രഖ്യാപിച്ചത്. ഡോളറിന്റെ മൂല്യത്തകർച്ച തടയാനോ ബാലൻസ് ഓഫ് പെയ്മെന്റ് പ്രശ്നങ്ങൾ പരിഹരിക്കാനോ 150 ദിവസത്തേക്ക് താൽക്കാലിക ഡ്യൂട്ടി ചുമത്താൻ ഈ നിയമം അധികാരം നൽകുന്നുണ്ട്. എന്നാൽ ട്രംപ് ചൂണ്ടിക്കാട്ടിയ വ്യാപാര കമ്മി ഈ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് കോടതി വ്യക്തമാക്കി.

1.2 ട്രില്യൺ ഡോളറിന്റെ വ്യാപാര കമ്മിയും ജി ഡി പി യുടെ 4 ശതമാനത്തോളം വരുന്ന കറന്റ് അക്കൗണ്ട് കമ്മിയും ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഭരണകൂടം തീരുവയെ പ്രതിരോധിച്ചത്. എന്നാൽ നിയമവിരുദ്ധമായ തീരുവകൾ ആഗോള വിപണിയിൽ മത്സരിക്കാൻ തടസ്സമാണെന്ന് ബേസിക് ഫൺ സി ഇ ഒ ജയ് ഫോർമാൻ പ്രതികരിച്ചു. മറ്റ് 24 ഡെമോക്രാറ്റിക് സംസ്ഥാനങ്ങൾ നൽകിയ ഹർജി നിയമപരമായ നിലനിൽപ്പില്ലെന്ന് കാട്ടി കോടതി നിരസിച്ചു. അവർ നേരിട്ട് തീരുവ അടച്ചതായി തെളിയിക്കാൻ സാധിക്കാത്തതാണ് ഇതിന് കാരണം. എന്നാൽ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി വഴി തീരുവ അടച്ചതിന്റെ രേഖകൾ ഹാജരാക്കിയതിനാലാണ് വാഷിംഗ്ടൺ സംസ്ഥാനത്തിന് വിധി അനുകൂലമായത്.

Summary

The US Court of International Trade has struck down President Donald Trump’s 10% global tariffs, ruling they were not legally justified under the 1974 Trade Act. While the decision currently only applies to two businesses and Washington state, it marks a significant legal setback for the administration’s trade policy. The court found that the trade deficits cited by Trump did not authorize the use of emergency tariff powers under Section 122.

Latest