editorial
യു എസ് തിരഞ്ഞെടുപ്പ്: ഇന്ത്യക്കുള്ള പാഠങ്ങൾ
ദേശീയത, രാജ്യസുരക്ഷ, കുടിയേറ്റം തുടങ്ങിയ വൈകാരിക വിഷയങ്ങള്‍ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുമെങ്കിലും വിലക്കയറ്റവും തൊഴിലില്ലായ്മയും ജീവിതച്ചെലവിലെ കുതിച്ചുകയറ്റവും അവഗണിച്ചു കൊണ്ട് എന്നും അധികാരം നിലനിര്‍ത്താന്‍ കഴിയണമെന്നില്ല.
ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പരാജയം അമേരിക്കയില്‍ മാത്രമല്ല, ആഗോളതലത്തിലെ രാഷ്ട്രീയ, സാമ്പത്തിക രംഗത്തും പ്രതിഫലനം സൃഷ്ടിക്കും. ഇന്ത്യയില്‍ പ്രത്യേകിച്ചും. കേവല നയതന്ത്ര സൗഹൃദത്തിലുപരി വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ഊര്‍ജം, പ്രതിരോധം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെല്ലാം പരസ്പരം ആശ്രയിക്കുന്നുണ്ട് ഇരുരാജ്യങ്ങളും. ഇത്തരമൊരു സാഹചര്യത്തില്‍ അമേരിക്കയുടെ അധികാര സമവാക്യങ്ങളിലുണ്ടാകുന്ന മാറ്റം ഇന്ത്യയുടെ രാഷ്ട്രീയ- സാമ്പത്തിക താത്പര്യങ്ങളിലും പ്രതിഫലിക്കുക സ്വാഭാവികം.
വ്യാപാര മേഖലയിലാണ് തിരഞ്ഞെടുപ്പ് ഫലം ഇന്ത്യക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ “അമേരിക്ക ഫസ്റ്റ്’ നയത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള വിവിധ ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയത് ഇന്ത്യന്‍ വ്യാപാര രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഡെമോക്രാറ്റുകള്‍ കോണ്‍ഗ്രസ്സിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതോടെ ട്രംപിന്റെ വ്യാപാര നയങ്ങളില്‍ പുനഃപരിശോധനക്ക് സാധ്യതയുണ്ട്. ഇറക്കുമതിത്തീരുവ അമേരിക്കന്‍ ഉപഭോക്താക്കള്‍ക്കു തന്നെ വിലക്കയറ്റം സൃഷ്ടിക്കുന്നുവെന്ന വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തില്‍ വിശേഷിച്ചും. വിദേശ രാജ്യങ്ങള്‍ക്കു മേല്‍ തീരുവ ചുമത്തുമ്പോള്‍ അതിന്റെ ഒരു ഭാഗം അമേരിക്കന്‍ കമ്പനികളും ഉപഭോക്താക്കളും വഹിക്കേണ്ടി വരുന്നുവെന്ന സാമ്പത്തിക യാഥാര്‍ഥ്യം ഭരണകൂടത്തിന് അവഗണിക്കാനാകില്ല. അതേസമയം, പ്രസിഡന്റിന്റെ പ്രത്യേക വ്യാപാര അധികാരങ്ങളും നിയമപരമായ വ്യവസ്ഥകളും നിലനില്‍ക്കെ ഇക്കാര്യത്തില്‍ പെട്ടെന്ന് മാറ്റം പ്രതീക്ഷിക്കേണ്ടതില്ല.
തിരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് ഇറാന് യുദ്ധത്തിന് പരിസമാപ്തി കുറിക്കാനുള്ള സാധ്യതയാണ് ഇന്ത്യക്ക് പ്രതീക്ഷ നല്കുന്ന മറ്റൊരു ഘടകം. ഒരു വിദേശ രാഷ്ട്രത്തിന്റെ ആഭ്യന്തര പ്രശ്നമല്ല ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇറാന് യുദ്ധം. രാജ്യത്തേക്കുള്ള എണ്ണ ഇറക്കുമതിയെയും ഗള്‍ഫ് രാഷ്ട്രങ്ങളുമായുള്ള വ്യാപാര ബന്ധങ്ങളെയും പ്രവാസികളുടെ സുരക്ഷയെയും ഇത് വലിയ തോതില്‍ ബാധിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുമ്പോള്‍ ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് വര്‍ധിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പ്രധാന കാരണം ഇറാന് യുദ്ധമാണെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശം ഉയര്‍ന്നിരിക്കെ, ട്രംപ് ഭരണകൂടത്തിനു മേല്‍ സമാധാനത്തിനായുള്ള ആഭ്യന്തര സമ്മര്‍ദം വര്‍ധിക്കും. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ്സിന് സൈനിക നടപടികളെക്കുറിച്ച് വിശദീകരണം തേടാനും പ്രതിരോധ ബജറ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും സാധിക്കുകയും ചെയ്യും.
സര്‍ക്കാര്‍ ഫണ്ടുകള്‍ നിയന്ത്രിക്കുന്നതിലൂടെ ട്രംപ് ഭരണകൂടത്തിനു മേല്‍ സമ്മര്‍ദം ചെലുത്തി യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്ന യു എസ് സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷുമറിന്റെ പ്രസ്താവന ശ്രദ്ധേയമാണ്. “ഈ യുദ്ധം അവസാനിക്കണം, അവസാനിച്ചേ തീരൂ’- ഷുമര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. “ഇറാനില്‍ ട്രംപ് സര്‍ക്കാര്‍ നടത്തുന്ന ആക്രമണം എന്തിനെന്നു പോലും അമേരിക്കന്‍ ജനതക്കറിയില്ല. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന് റിപബ്ലിക് പാര്‍ട്ടിയില്‍ നിന്ന് പോലും പിന്തുണ ലഭിച്ചിട്ടുണ്ട്. അമേരിക്കന്‍ ജനതയുടെ അനുമതിയില്ലാതെ യുദ്ധം ചെയ്യുന്ന ഒരു പ്രസിഡന്റിനെ തടയാനുള്ള മാര്‍ഗങ്ങളിലൊന്നാണ് സര്‍ക്കാര്‍ ചെലവുകള്‍ നിയന്ത്രിക്കാനുള്ള കോണ്‍ഗ്രസ്സിന്റെ അധികാരം’ അദ്ദേഹം തുടര്‍ന്നു പറഞ്ഞു. അതേസമയം വിദേശനയത്തിലും സൈനിക നടപടികളിലും അമേരിക്കന്‍ പ്രസിഡന്റിന് ഗണ്യമായ അധികാരമുള്ളതിനാല്‍ കോണ്‍ഗ്രസ്സിന്റെ തീരുമാനത്തിനും സമ്മര്‍ദത്തിനും ട്രംപ് വഴങ്ങുമോയെന്ന് കാത്തിരുന്നു കാണേണ്ടതാണ്.
കുടിയേറ്റ, തൊഴില്‍ വിസ നയത്തില്‍ തിരഞ്ഞെടുപ്പ് ഫലം മാറ്റങ്ങളുണ്ടാക്കുമോ എന്ന കാര്യം പ്രവചനാതീതമാണ്. അമേരിക്കന്‍ ഐ ടി മേഖലകളിലും ആരോഗ്യ രംഗത്തും ഗവേഷണ സ്ഥാപനങ്ങളിലും ലക്ഷക്കണക്കിനു ഇന്ത്യക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ട്രംപ് ഭരണകൂടം എച്ച്-1 ബി വിസ നടപടികള്‍ കടുപ്പിച്ചതും പുതിയ അപേക്ഷകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത പ്രഖ്യാപിച്ചതും ഇന്ത്യന്‍ കമ്പനികളിലും പ്രൊഫഷനലുകളിലും വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിലെ അധികാര സമവാക്യത്തിലെ മാറ്റത്തെ തുടര്‍ന്ന് ഈ വിഷയത്തില്‍ ചര്‍ച്ച നടന്നേക്കാമെങ്കിലും കുടിയേറ്റ നിയന്ത്രണത്തെ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഗണ്യമായൊരു വിഭാഗം പിന്തുണക്കുന്നതിനാല് ഈ വിഷയത്തില്‍ ഉടനടി മാറ്റം പ്രതീക്ഷിക്കാവുന്നതല്ല.
റിപബ്ലിക്കന്‍ പാര്‍ട്ടി നേരിട്ട തിരിച്ചടി ഇന്ത്യക്ക് നല്കുന്ന ഏറ്റവും വിലയ പാഠം ജനാധിപത്യത്തിന്റെ ശക്തിയെക്കുറിച്ചുള്ളതാണ്. ഭരണകൂടങ്ങളുടെ യഥാര്‍ഥ കരുത്ത് സൈനിക ശക്തിയിലോ സാമ്പത്തിക മേല്ക്കോയ്മയിലോ മാധ്യമ സ്വാധീനത്തിലോ അല്ല, ജനങ്ങളുടെ സംതൃപ്തിയിലാണെന്നതാണ് പരമ പ്രധാനമായ പാഠം. ദേശീയത, രാജ്യസുരക്ഷ, കുടിയേറ്റം തുടങ്ങിയ വൈകാരിക വിഷയങ്ങള്‍ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുമെങ്കിലും വിലക്കയറ്റവും തൊഴിലില്ലായ്മയും ജീവിതച്ചെലവിലെ കുതിച്ചുകയറ്റവും അവഗണിച്ചു കൊണ്ട് എന്നും അധികാരം നിലനിര്‍ത്താന്‍ കഴിയണമെന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ അനുഭവത്തിന് വലിയ പ്രസക്തിയുണ്ട്. തൊഴില്‍രാഹിത്യം, കാര്‍ഷിക പ്രതിസന്ധി, വിലക്കയറ്റം, സാമ്പത്തിക അസമത്വം തുടങ്ങിയവ രാജ്യം നേരിടുന്ന വലിയ വെല്ലുവിളികളാണ്. മതപരമായ ധ്രുവീകരണവും വൈകാരിക രാഷ്ട്രീയവും ഉപയോഗപ്പെടുത്തി യഥാര്‍ഥ പ്രശ്നങ്ങളെ മറികടക്കാനുള്ള ശ്രമം ദീര്‍ഘ കാലത്തേക്ക് ഗുണം ചെയ്യില്ലെന്ന മുന്നറിയിപ്പാണ് അമേരിക്കയില്‍ നിന്നുയര്‍ന്നത്.
Content Highlights: The Republican setback in US midterm elections carries significant economic and geopolitical implications for India across trade, energy, and visa policies. Democrat control over Congress may prompt reviews of Trump’s import tariffs and increase domestic pressure to halt the Iran conflict.



