Kerala
ഇടിമിന്നലേറ്റ് മുവാറ്റുപുഴയില്‍ വീട് കത്തി നശിച്ചു, കാസര്‍ക്കോട് വീടിനു നാശ നഷ്ടം
മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴ
കൊച്ചി | മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴ. എറണാകുളം മൂവാറ്റുപുഴ ആരക്കുഴയില്‍ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു. പുത്തന്‍പുരയില്‍ ജോബി ജോസഫിന്റെ വീടാണ് കത്തി നശിച്ചത്. വീട്ടില്‍ ആളില്ലാത്ത സമയമായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കാസര്‍ഗോഡ് കുമ്പള ദേവീനഗറില്‍ ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടമുണ്ടായി. പുതിയ വീടിന്റെ മെയിന്‍ സ്വിച്ചും ഇലക്ട്രിക് മീറ്ററും കത്തി. കനത്ത മഴയില്‍ കണ്ണൂര്‍ കാക്കയംചാലില്‍ വീടിന്റെ മതില് ഇടിഞ്ഞ് റോഡിലേക്ക് വീണു. ഇതുവഴിയുള്ള വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.
നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
Content Highlights: Thunderstorms and heavy rainfall lashed central and northern parts of Kerala, causing damage to residential houses in Ernakulam and Kasargod. The IMD has issued a yellow alert for five districts due to the possibility of isolated heavy showers.



