International
ഇറാനില്‍ വീണ്ടും യുഎസ് വ്യോമാക്രമണം; റെയില്‍വെ സ്‌റ്റേഷന്‍ , വിമാനത്താവളം എന്നിവ ആക്രമിച്ചതായി റിപ്പോര്‍ട്ട്
ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ പാലങ്ങള്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ടെലിഗ്രാമിലൂടെ സ്റ്റേറ്റ് ടിവി അറിയിച്ചു.
ടെഹ്‌റാന്‍ | ഇറാനിലെ പാലങ്ങളും ഗതാഗത സംവിധാനങ്ങളും ലക്ഷ്യമിട്ട് അമേരിക്ക വീണ്ടും ശക്തമായ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇതിന് മറുപടിയായി ഗള്‍ഫ് മേഖലയിലെ യുഎസ് സഖ്യകക്ഷികള്‍ക്ക് നേരെ ഇറാനും ആക്രമണം അഴിച്ചുവിട്ടു.
.
ഇറാന്റെ സൈനിക ശേഷി ‘കൂടുതല്‍ ദുര്‍ബലപ്പെടുത്താന്‍’ വ്യാഴാഴ്ച വൈകുന്നേരവും പുതിയ തുടര്‍ ആക്രമണങ്ങള്‍ നടത്തുകയാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. അമേരിക്കന്‍ സൈന്യം തുടര്‍ച്ചയായി നടത്തുന്ന ആറാമത്തെ രാത്രി ആക്രമണമാണിത്.
ആഗോള എണ്ണ-വാതക വിതരണത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന ഹോര്‍മുസ് കടലിടുക്കിന് സമീപം, ഇറാന്റെ തെക്കന്‍ മേഖലയിലുള്ള രണ്ട് പാലങ്ങള്‍, ഒരു റെയില്‍വേ സ്റ്റേഷന്‍, ഒരു വിമാനത്താവളം എന്നിവയ്ക്ക് നേരെ ആക്രമണം ഉണ്ടായതായി ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ പാലങ്ങള്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ടെലിഗ്രാമിലൂടെ സ്റ്റേറ്റ് ടിവി അറിയിച്ചു.
ഇറാന്റെ ഏക സിവില്‍ ആണവനിലയം സ്ഥിതി ചെയ്യുന്ന പടിഞ്ഞാറന്‍ നഗരമായ ബുഷെഹ്‌റില്‍ രണ്ട് സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ടെഹ്റാനിലെ സ്റ്റേറ്റ് ടിവി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇറാനിലെ പവര്‍ പ്ലാന്റുകളും പാലങ്ങളും ആക്രമിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
തെക്കുപടിഞ്ഞാറന്‍ മേഖലയിലെ അഹ്വാസിലുള്ള കുട്ടികളുടെ കാന്‍സര്‍ ആശുപത്രിക്ക് സമീപം അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായി ജോര്‍ദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് വ്യാഴാഴ്ച അറിയിച്ചു.
മേഖലയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തെത്തുടര്‍ന്ന് ആശുപത്രി ഒഴിപ്പിച്ചതായി ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ അറിയിച്ചു.
അതേസമയം, മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം വീണ്ടും പ്രതിരോധിച്ചതായി കുവൈത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ അറിയിച്ചു. ബഹ്റൈനില്‍ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുന്ന സൈറണുകള്‍ മുഴങ്ങി.
ആഗോളതലത്തില്‍ അതീവ പ്രാധാന്യമുള്ള ഹോര്‍മുസ് കടലിടുക്കിനെച്ചൊല്ലി ഇരുവിഭാഗവും തമ്മിലുള്ള പോരാട്ടം വീണ്ടും ശക്തമായിരിക്കുകയാണ്. ഫെബ്രുവരി അവസാനം ഇറാനില്‍ യുഎസും ഇസ്‌റാഈലും നടത്തിയ വന്‍ ആക്രമണത്തോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മാസം മുമ്പ് ഒരു പ്രാഥമിക കരാര്‍ ഒപ്പുവെച്ചിരുന്നെങ്കിലും, അത് മറികടന്നാണ് ഇപ്പോള്‍ വീണ്ടും പോരാട്ടം ആരംഭിച്ചിരിക്കുന്നത്
Content Highlights: The United States has launched a fresh wave of overnight airstrikes targeting crucial Iranian transport networks, including an airport, railway station, and bridges near the strategic Strait of Hormuz. In retaliation for these strikes, which also impacted areas near a pediatric cancer hospital in Ahvaz, Iran fired ballistic missiles at US military facilities in Jordan. The rapid escalation has heightened global concerns over energy supplies as the fragile maritime truce completely collapses

