Connect with us

siraj prathivaram

ഉറുദി സഞ്ചാര ഓർമകൾ

മലബാർ വിഭവങ്ങളുടെ സ്വാഭാവികതയും വൈവിധ്യവും അറിഞ്ഞത് ഈ യാത്രകളിലൂടെയാണ്. കുഞ്ഞിപ്പത്തൽ, മുട്ടപ്പത്തിരി, പോലുള്ള എണ്ണമറ്റ വിഭവങ്ങൾ ഓരോ വീട്ടിലും ഉണ്ടാക്കുമായിരുന്നു. നോമ്പ് തുറ പള്ളിയിൽ നിർവഹിച്ചു ഓരോ മുതഅല്ലിമിനെയും വിവിധ കുടുംബനാഥർ കൂടെ കൊണ്ടുപോകും.ആ വീട്ടിലെ വിശിഷ്ട അതിഥിയായി കാണും. സ്നേഹം കൊണ്ട് മൂടും. റമസാനിലെ ആ യാത്രകളിൽ അങ്ങനെ അനേകം കുടുംബങ്ങളുടെ ചേർത്തുപിടിക്കലുകൾ അറിയാൻ പറ്റിയിട്ടുണ്ട്.

Published

|

Last Updated

മസാൻ കാലം മൂന്നാല് വർഷങ്ങൾ യാത്രകളുടേതായിരുന്നു. ഉറുദി പറഞ്ഞു കണ്ണൂരിലെയും വടക്കൻ കോഴിക്കോട്ടെയും ഗ്രാമങ്ങളിലൂടെ നടത്തിയ സഞ്ചാരങ്ങൾ. ജീവിതത്തിലെ മധുരമുള്ള കുറെ അനുഭവങ്ങൾ വന്നു അതുവഴി. കണ്ണൂരും കോഴിക്കോടും തിരഞ്ഞെടുക്കാനുള്ള നിമിത്തം അവിടത്തെ ആളുകളുടെ ഹൃദയപൂർവമായ പെരുമാറ്റമാണ്.

റമസാൻ കാലം വന്നാൽ, എല്ലാ അർഥത്തിലും ഉള്ള മാറ്റം അവിടെങ്ങളിൽ കാണാൻ കഴിയും. അതിലേറ്റവും പ്രധാനം പള്ളിയുമായുള്ള ജനങ്ങളുടെ ഹൃദയപൂർവമായ ബന്ധമാണ്. എല്ലാ വഖ്തിനും നിസ്കാരത്തിന് നാട്ടിലുള്ള പുരുഷന്മാരും എത്തുന്നു. പലരും ളുഹ്‌റിന്‌ എത്തിയാൽ പിന്നെ, പള്ളിയിൽ തന്നെ കൂടി, ഇഅ്തികാഫിലും ഖുർആൻ പാരായണത്തിലും ആയി കഴിഞ്ഞു കൂടും. നോമ്പുതുറയും മഗ്‌രിബും കഴിഞ്ഞേ പിരിഞ്ഞുപോകൂ.

ഇതിനിടയിലാണ് ജമാഅത്ത് നിസ്കാരവും സുന്നത്ത് നിസ്കാരവും കഴിഞ്ഞുള്ള ഉറുദികൾ നടക്കുക. പത്തോ പതിനഞ്ചോ മിനുട്ടുള്ള, മത കാര്യങ്ങൾ പറഞ്ഞുള്ള ഉപദേശ പ്രഭാഷണമാണത്. ജമാഅത്തിന് ഉണ്ടാകുന്ന മിക്കവരും അത് കേൾക്കാനിരിക്കും. ഒരു പൊതുസദസ്സിനെ എങ്ങനെ അഭിമുഖീകരിക്കണം എന്നതിനുള്ള നല്ല പരിശീലനമായിരുന്നു ഇത്തരം ഉറുദികൾ. പള്ളിയിലെത്തുന്ന വിശ്വാസികൾ പിരിവെടുത്തു ഒരു സംഖ്യ സ്വരൂപിച്ചു, ആ മുതഅല്ലിമിനു നൽകുകയും ചെയ്യും.

സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയ ഒരു കാലമായിരുന്നു അത്. ഒരു വർഷത്തേക്കുള്ള കിതാബുകളും മറ്റു വായനാ പുസ്തകങ്ങളും ഒക്കെ വാങ്ങാൻ പണം കണ്ടെത്തിയത് അങ്ങനെയായിരുന്നു. ഇന്ന് വീട്ടിൽ അറബി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലുള്ള വലിയൊരു പുസ്തകശേഖരം ഉണ്ട്. അനിയനും ഞാനും പല റമസാൻ കാലങ്ങളിൽ വാങ്ങിയവയാണ് അവയിൽ മിക്കവയും.

പാനൂരിലെയും നാദാപുരത്തെയും പല പള്ളികൾക്കും നൂറ്റാണ്ടുകളുടെ ഇസ്‌ലാമിക ചരിത്ര കഥകൾ പറയാനുണ്ടാകും. ആ യാത്രകളിൽ അത്തരം ചരിത്രങ്ങളുടെ വാമൊഴിപകർപ്പുകൾ കൂടി കിട്ടുമായിരുന്നു. മാത്രമല്ല, സംഘർഷങ്ങളുടെ വലിയൊരു ചരിത്രവും ഉണ്ട് ഈ ദേശങ്ങൾക്ക്. അവയുടെ വാസ്തവങ്ങളിലേക്കു പോകാനും അതുവഴി പറ്റിയിരുന്നു. ആ യാത്രകൾ, അങ്ങനെ ചരിത്രവും സംസ്കാരവും എല്ലാം തേടിയുള്ളതായിരുന്നു.

അങ്ങനെ പരിചയപ്പെട്ട ഒരാളായിരുന്നു, നാദാപുരത്തെ പുതിയൊട്ടിൽ മൂസാക്ക. ഒരു നാളിൽ അദ്ദേഹത്തിന്റെ നാട്ടിലെ പള്ളിയിലായിരുന്നു സംസാരം. നോമ്പ് തുറക്ക് വീട്ടിലേക്ക് കൂട്ടി. തറാവീഹ് കഴിഞ്ഞു, അവിടെത്തന്നെ താമസിക്കാനും നിർബന്ധം പിടിച്ചു. ആ രാത്രി ഞങ്ങൾ വളരെ നേരം സംസാരിച്ചു. ഒരുകാലത്ത് കടുത്ത ഇടതുപക്ഷ പ്രവർത്തകനാവുകയും, പിന്നീട്, ബോംബയിലെയും ഖത്വറിലെയും പ്രവാസ നാളുകളിൽ, അതിൽ നിന്ന് മാറി, സുന്നി സംഘടനാ ചലനങ്ങളിലേക്ക് അടുക്കുകയും ചെയ്ത ഒരാളായിരുന്നു അദ്ദേഹം. നാദാപുരത്തിന്റെ ഭൂമിശാസ്ത്രപരവും സാമൂഹികവുമായ ചരിത്രങ്ങൾ ഒരു സൂക്ഷ്മചരിത്രകാരന്റെ ബോധ്യത്തോടെ അദ്ദേഹം മുന്നിൽ തുറന്നുവെച്ചു. ആ പറച്ചിലുകൾക്ക് ആഴം ഉണ്ടായിരുന്നു. പിന്നീട് ഏറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്തായി അദ്ദേഹം മാറി. ഇപ്പോഴും കുടുംബത്തോടൊപ്പം വർഷത്തിൽ ഒന്നോ രണ്ടോ നാളുകൾ അദ്ദേഹത്തിന്റെ വീട്ടിൽ പോയി താമസിക്കാറുണ്ട്. അന്ന് പറഞ്ഞ കഥകളുടെ അവസാനമില്ലാത്ത തുടർച്ചകൾ ഇപ്പോഴും ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കാറുണ്ട്. മലബാർ വിഭവങ്ങളുടെ സ്വാഭാവികതയും വൈവിധ്യവും അറിഞ്ഞത് ഈ യാത്രകളിലൂടെയാണ്. കുഞ്ഞിപ്പത്തൽ, മുട്ടപ്പത്തിരി പോലുള്ള എണ്ണമറ്റ വിഭവങ്ങൾ ഓരോ വീട്ടിലും ഉണ്ടാക്കുമായിരുന്നു. നോമ്പ് തുറ പള്ളിയിൽ നിർവഹിച്ചു ഓരോ മുതഅല്ലിമിനെയും വിവിധ കുടുംബനാഥർ കൂടെ കൊണ്ടുപോകും. ആ വീട്ടിലെ വിശിഷ്ട അതിഥിയായി കാണും. സ്നേഹം കൊണ്ട് മൂടും. റമസാനിലെ ആ യാത്രകളിൽ അങ്ങനെ അനേകം കുടുംബങ്ങളുടെ ചേർത്തുപിടിക്കലുകൾ അറിയാൻ പറ്റിയിട്ടുണ്ട്.

തലശ്ശേരി ഭാഗങ്ങൾ ഏറ്റവും ഇഷ്ടപ്പെട്ട പ്രദേശങ്ങളായിരുന്നു. രണ്ട് കാരണമുണ്ട്. ഒന്ന് നിറഞ്ഞ ആതിഥ്യ മനസ്സോടെ അവിടത്തുകാർ നമ്മെ സ്വീകരിക്കും. അവരുടെ വീട്ടിലെ ഒരംഗത്തെപ്പോലെയായിരിക്കും പരിചരണം. മറ്റൊന്ന്, ഓരോ ഗ്രാമങ്ങളിലുമുള്ള വായനശാലകളാണ്. തലശ്ശേരി, പാനൂർ തുടങ്ങിയ ദേശങ്ങളുടെ ഓരോ മുക്കുമൂലകളിലൂടെയും അക്കാലങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. ഓരോ കൊച്ചു പ്രദേശങ്ങളിലും ഉണ്ടായിരുന്നു, സമൃദ്ധമായ പുസ്തകങ്ങളുള്ള വായനശാലകൾ. മിക്ക വീക്കിലികളും പത്രങ്ങളും അവിടെക്കാണാം. ഒരുപാട് വിശേഷപ്പെട്ട പുസ്തകങ്ങൾ കണ്ടത് ഈ യാത്രകളിലൂടെയാണ്.

കൂരാറ, ചെമ്പാട്, കുന്നോത്തുപറമ്പ്, കല്ലിക്കണ്ടി തുടങ്ങിയ സ്ഥലങ്ങളിലുള്ള ലൈബ്രറികൾ പ്രത്യേകം ഓർത്തുപോകുന്നു. മാഹി അങ്ങാടിയിൽ പ്രധാന പാതയോടു ചേർന്നൊരു പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറിയുണ്ട്. നിരവധി പുസ്തകങ്ങൾ അവിടെ നിന്ന് വായിച്ചതോർക്കുന്നു. എന്തുകൊണ്ടാണ്, കണ്ണൂരിൽ ഇത്രയേറെ ഗ്രാമീണ വായനശാലകൾ എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിൽ ഉള്ളവയാണ് കൂടുതൽ ലൈബ്രറികൾ എങ്കിലും, മറ്റുള്ള കക്ഷികളുടെയും ഇടയ്ക്കിടെ കണ്ടിട്ടുണ്ട്. ഈ റമസാന് ഞാൻ കൈറോവിലാണ്. ഒരു പതിറ്റാണ്ടു മുമ്പ് നടത്തിയ, ആ മലബാർ യാത്രകളുടെ ഓർമകൾ, ഈ റമസാനിലും പുളകം പോലെ മനസ്സിലെത്തി, അതൊന്നു പകർത്തി എന്ന് മാത്രം.

Latest