Connect with us

Kerala

കടുത്ത ചൂടിലുരുകി സംസ്ഥാനം; മൂന്ന് ജില്ലകളില്‍ നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പ്

കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് 14 ജില്ലകളിലും കൊടും ചൂട് തുടരുകയാണ്. കടുത്ത ചൂടിനെ തുടര്‍ന്ന് മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെയും ഈ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കും. ഉഷ്ണതരംഗ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പ്രധാന മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍
1. പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

2. ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നിര്‍ത്തി വെക്കുക.

3. ധാരാളമായി വെള്ളം കുടിക്കുക.

4. അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.

5. കായികാധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകളെടുത്തും വിശ്രമിച്ചും മാത്രം ജോലിയില്‍ ഏര്‍പ്പെടുക.

6. നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ, കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണമായും ഒഴിവാക്കുക.

7. വൈദ്യുത ഉപകരണങ്ങള്‍ നിരന്തര ഉപയോഗം മൂലം ചൂട് പിടിച്ചും, വയര്‍ ഉരുകിയും തീപ്പിടിത്തത്തിന് സാധ്യത ഉള്ളതിനാല്‍ ഓഫീസുകളിലും, വീടുകളിലും ഉപയോഗ ശേഷം ഇവ ഓഫ് ചെയ്യണം. രാത്രിയില്‍ ഓഫീസുകളിലും, ഉപയോഗം ഇല്ലാത്ത മുറികളിലുമുള്ള ഫാന്‍, ലൈറ്റ്, എ സി എന്നിവ ഓഫ് ചെയ്തു വെക്കണം.

 

 

Latest