Connect with us

editorial

ഏക സിവില്‍ കോഡും സുപ്രീം കോടതിയുടെ തിടുക്കവും

രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും ഏക സിവിൽ കോഡിനെ പൂര്‍ണമായും അംഗീകരിക്കാന്‍ മുന്നോട്ട് വരുന്നതു വരെ കാത്തിരിക്കുകയാണ് സുപ്രീം കോടതിയുടെയും സര്‍ക്കാറുകളുടെയും ഭരണഘടനാപരമായ ധര്‍മം.

Published

|

Last Updated

ഏക സിവില്‍ കോഡിന്റെ കാര്യത്തില്‍ സുപ്രീം കോടതിക്ക് തിടുക്കം. നടപ്പായി കാണാന്‍ വല്ലാത്ത താത്പര്യം. ഇക്കാര്യം ഇടക്കിടെ കേന്ദ്ര സര്‍ക്കാറിനെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കും. രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സമയമായല്ലോ, എന്താണ് നടപ്പാക്കാത്തതെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ചൊവ്വാഴ്ച കേന്ദ്രത്തെ ഉണര്‍ത്തിയത്. ഇന്ത്യയിലെ ശരീഅത്ത് നിയമത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. 2019ലെ ജോസ് പൗലോ കുട്ടിഞ്ഞോ കേസ്, 2015ലെ വിവാഹിതരല്ലാത്ത അമ്മമാരുടെ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസ്, 2003ലെ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ കേസ്, 1995ലെ സര്‍ള മുദ്ഗല്‍ കേസ്, 1985ലെ ഷാബാനു കേസ് തുടങ്ങിയവയിലെല്ലാം ഏക സിവില്‍ കോഡിനായി ആവശ്യമുയര്‍ത്തിയിട്ടുണ്ട് സുപ്രീം കോടതി.

ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശത്തില്‍ പെട്ടതാണ് (ആര്‍ട്ടിക്കിള്‍- 25) മതവിശ്വാസം വെച്ച് പുലര്‍ത്താനും ആചരിക്കാനുമുള്ള അവകാശം. അതേസമയം ഭരണഘടനയിലെ നിര്‍ദേശക തത്ത്വങ്ങളില്‍ പെട്ടതാണ് ഏക സിവില്‍ കോഡ്. മൗലികാവകാശവും നിര്‍ദേശക തത്ത്വവും എതിര്‍ ദിശകളില്‍ വന്നാല്‍ മൗലികാവകാശത്തിനാണ് പ്രാമുഖ്യം നല്‍കേണ്ടതെന്ന് വ്യക്തം. എന്നിട്ടും കോടതി ഇടക്കിടെ ഏക സിവില്‍ കോഡിനു വേണ്ടി ശബ്ദമുയര്‍ത്തുന്നത് ദുരൂഹം.

അനുയോജ്യമായ സമയത്ത് സാധ്യമാകുമെങ്കില്‍ മാത്രം നടപ്പില്‍ വരുത്താവുന്നതാണ് ഭരണഘടനയുടെ നിര്‍ദേശക തത്ത്വങ്ങളില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍. രാജ്യത്ത് ഇത് നടപ്പാക്കാനുള്ള സാഹചര്യമായിട്ടില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇരുപത്തിയൊന്നാമത് നിയമ കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള സമിതി ഏക സിവില്‍ കോഡിന്റെ സാധ്യതകളെക്കുറിച്ച് വിശദമായ പഠനം നടത്തിയിരുന്നു. ഭരണഘടനാപരമായി സാധ്യതയുള്ളതോ രാജ്യത്തിന് അനിവാര്യമായതോ അല്ല ഏക സിവില്‍ കോഡെന്ന് സമിതി 2018ല്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തിനും ബഹുസ്വരതക്കും നിരക്കാത്ത ഒരു ഏകീകരണം ജനാധിപത്യത്തിന് ഗുണകരമല്ലെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. മതനിരപേക്ഷതക്ക് ഏക സിവില്‍ കോഡ് അനിവാര്യമാണെന്ന വാദത്തെയും സമിതി തള്ളി. മതേതരത്വം ഇന്ത്യ എക്കാലവും പുലര്‍ത്തിപ്പോന്ന ബഹുസ്വരതക്ക് എതിരല്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

ഭരണഘടനാ അസംബ്ലിയില്‍ ദിവസങ്ങള്‍ നീണ്ട ചര്‍ച്ചക്ക് വിഷയീഭവിച്ചതാണ് ഏക സിവില്‍ കോഡ്. അത് മൗലിക തത്ത്വങ്ങളില്‍ ഉള്‍ക്കൊള്ളിക്കണമെന്ന അഭിപ്രായം ഉയര്‍ന്നു വന്നെങ്കിലും രാജ്യത്തെ ബഹുസ്വരതയും സാംസ്‌കാരിക വൈവിധ്യവും കണക്കിലെടുത്ത് ആര്‍ട്ടിക്കിള്‍ 44ല്‍ നിര്‍ദേശക തത്ത്വങ്ങളില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. അന്നേരം ബി ആര്‍ അംബേദ്കര്‍ ഒരു കാര്യം പ്രത്യേകം ഉണര്‍ത്തുകയും ചെയ്തു, “ഇത് പൗരന്മാര്‍ പൂര്‍ണമായും സ്വമേധയാ സ്വീകരിക്കേണ്ട വിഷയമാണ്. അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. അംഗീകരിക്കാന്‍ സന്നദ്ധമാകുന്നവര്‍ക്കു മാത്രം ബാധകമാകുന്ന വിധത്തിലായിരിക്കണം അത് നടപ്പാക്കേണ്ടത്’. അംബേദ്കറുടെയും ബി എസ് ചൗഹാന്‍ കമ്മീഷന്റെയും നിലപാടുകള്‍ക്ക് കടകവിരുദ്ധമാണ് ഏക സിവില്‍ കോഡിനുള്ള സുപ്രീം കോടതിയുടെ മുറവിളി.

മുസ്‌ലിംകള്‍ മാത്രമാണ് ഏക സിവില്‍ കോഡിനോട് വിയോജിക്കുന്നവരെന്നും മുസ്‌ലിം വ്യക്തി നിയമ(മുഹമ്മദന്‍ ലോ)ത്തെ മാത്രമേ ഇത് ദോഷകരമായി ബാധിക്കുകയുള്ളൂവെന്നും ഒരു പൊതുധാരണയുണ്ട് സമൂഹത്തില്‍. ഹിന്ദു, ക്രിസ്ത്യന്‍, പാഴ്‌സി തുടങ്ങിയ മതവിഭാഗങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കും. ഈ മതസ്ഥര്‍ക്കെല്ലാമുണ്ട് വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ കാര്യങ്ങളില്‍ അവരുടേതായ വ്യക്തിനിയമങ്ങള്‍. ബ്രിട്ടീഷ് ഭരണകാലത്തെ നിയമങ്ങളാണ് ക്രിസ്ത്യന്‍ വിഭാഗം ഇപ്പോഴും പിന്തുടരുന്നത്. ഹിന്ദു മതത്തിലെ തന്നെ, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ നികുതി നിയമങ്ങളില്‍ പോലും വ്യത്യസ്തത പുലര്‍ത്തുന്നു.

വരുമാന നികുതി നിയമത്തിന്റെ സെക്്ഷന്‍ 80ല്‍ വരുന്ന നികുതി കിഴിവുകള്‍ക്ക് അര്‍ഹരാണ് ഇവര്‍. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗോത്ര വര്‍ഗക്കാര്‍ക്ക് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 371(എ), 371(ജി) പ്രകാരം പ്രത്യേക സംരക്ഷണം നല്‍കുന്നു. അവരുടെ ആചാരപരമായ നിയമങ്ങളില്‍ ഇടപെടാന്‍ പാര്‍ലിമെന്റിന് പോലും പരിമിതികളുണ്ട്. ഏക സിവില്‍ കോഡ് നടപ്പാക്കിയ സംസ്ഥാനമാണ് ഗോവ. അതേസമയം അവിടെ ഹിന്ദു മതവിഭാഗത്തിലെ ചില ആചാരങ്ങള്‍ ഇപ്പോഴും സിവില്‍ കോഡിന് പുറത്താണ്. ഗോത്ര വിഭാഗങ്ങളിലുമുണ്ട് ആചാര വൈവിധ്യം. വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത പ്രദേശങ്ങളെ കേന്ദ്രീകരിച്ച് നിലനില്‍ക്കുന്ന ഗോത്രങ്ങള്‍ക്കെല്ലാം അവരുടേതായ പ്രത്യേക നിയമങ്ങളുണ്ട്. ഒരു നിയമം കൊണ്ടും ഇല്ലാതാക്കാന്‍ സാധിക്കുന്നതല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സമുദായങ്ങളിലും ഗോത്രങ്ങളിലും നിലനില്‍ക്കുന്ന ഇത്തരം ആചാര വൈവിധ്യങ്ങളെന്ന് ഭരണഘടനാ അസംബ്ലിയില്‍ രാഷ്ട്രതന്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനുമായ കെ എം മുന്‍ഷിയും നിയമ, രാഷ്ട്രീയ വിദഗ്ധനായ നസീറുദ്ദീന്‍ അഹ്മദും ചൂണ്ടിക്കാണിച്ചതാണ്.

ജുഡീഷ്യറിയുടെ സ്ഥാപക ലക്ഷ്യത്തിനും ധര്‍മത്തിനും ചേരാത്തതാണ് ഏക സിവില്‍ കോഡിനു വേണ്ടിയുള്ള സുപ്രീം കോടതിയുടെ തിടുക്കം കൂട്ടല്‍. ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്നതാണ്. രാജ്യത്ത് നിലനില്‍ക്കുന്ന സാംസ്‌കാരിക വൈവിധ്യത്തെ അംഗീകരിക്കുന്ന നിലവിലെ അവസ്ഥയെ തകിടം മറിച്ച് ഏകശിലാത്മകമായ ഒരു സംവിധാനത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കം ആശങ്കയുണ്ടാക്കുന്നു. നിയമം നടപ്പാക്കിയാല്‍ തന്നെ എല്ലായിടത്തും എല്ലാ വിഭാഗങ്ങളിലും അത് പ്രയോഗവത്കരിക്കാന്‍ സാധ്യമല്ലെന്ന് ഗോവയിലെ അനുഭവം ബോധ്യപ്പെടുത്തുന്നു. രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും ഇത്തരമൊരു നിയമ നിര്‍മാണത്തെ പൂര്‍ണമായും അംഗീകരിക്കാന്‍ മുന്നോട്ട് വരുന്നതു വരെ കാത്തിരിക്കുകയാണ് സുപ്രീം കോടതിയുടെയും സര്‍ക്കാറുകളുടെയും ഭരണഘടനാപരമായ ധര്‍മം.

---- facebook comment plugin here -----