Connect with us

From the print

നാലിൽ മൂന്ന് കുടുംബങ്ങൾക്കും ഭക്ഷണമില്ലെന്ന് യു എൻ; വിശപ്പിന്റെ നിലവിളിയിൽ യമൻ

ദിവസം ഒരു നേരം പോലും ഭക്ഷണം കഴിക്കാനാകാതെ കടുത്ത ദാരിദ്ര്യം

Published

|

Last Updated

ജനീവ | ആഭ്യന്തര സംഘർഷത്താൽ അസ്ഥിരതയിലായ യമനിലെ ചില ഭാഗങ്ങളിൽ നാലിൽ മൂന്ന് കുടുംബങ്ങളും പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്രസഭാ ഏജൻസിയായ വേൾഡ് ഫൂഡ് പ്രോഗ്രാം. 2022ൽ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ ഒപ്പിട്ട വെടിനിർത്തൽ കരാർ പരസ്പര ഏറ്റുമുട്ടൽ ഒരു പരിധി വരെ കുറച്ചിരുന്നെങ്കിലും നിലവിൽ വലിയ ഏറ്റുമുട്ടലാണ് നടക്കുന്നത്.
ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരും സഊദി അറേബ്യയുടെ പിന്തുണയുള്ള യമൻ സർക്കാർ സേനയും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. രാജ്യാതിർത്തി കടന്നും വ്യോമാക്രമണം നടക്കുന്നുണ്ട്. സഊദിയുടെ തെക്കൻ മേഖലകളിലും റിയാദ്, മക്ക, മദീന പ്രവിശ്യകളിലും ഹൂതികൾ മിസൈൽ, ഡ്രോൺ ആക്രമണം നടത്തുന്നുണ്ട്. ചെങ്കടലിലെ കപ്പൽ പാതകളെ പോലും തടസ്സപ്പെടുത്തിയുള്ള വലിയ ആക്രമണമാണിപ്പോൾ നടക്കുന്നത്.
ഏകദേശം 74 ശതമാനം വീടുകളിലും കടുത്ത പട്ടിണി നേരിടുന്നുണ്ടെന്ന് വേൾഡ് ഫൂഡ് പ്രോഗ്രാം അസ്സി. എക്‌സിക്യുട്ടീവ് ഡയറക്ടർ ജനീവയിൽ പറഞ്ഞു. നിലവിൽ സഹായ സംഘടനകൾക്ക് പ്രവേശനാനുമതിയുള്ള സർക്കാർ നിയന്ത്രിത പ്രദേശങ്ങളിലെ 74 ശതമാനം കുടുംബങ്ങൾക്കും അടിസ്ഥാനപരമായ ഭക്ഷണ ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയുന്നില്ല. ഈ വർഷത്തെ ഏറ്റവും ഉയർന്ന പട്ടിണി നിരക്കാണിത്. സർക്കാർ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ഏകദേശം ജനസംഖ്യ ഒരു കോടിയോളം വരും.

സംഘർഷം കാരണം പതിനായിരക്കണക്കിന് ആളുകൾക്ക് വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു. ഇതോടെ ഭക്ഷണ സാധനങ്ങളുടെ വിതരണം പൂർണമായി തടസ്സപ്പെടുകയും ചെയ്തു.

ആവശ്യമായ ഭക്ഷണത്തിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് യമൻ. നിലവിലെ യുദ്ധസാഹചര്യത്തിൽ ഗോതമ്പ് പൊടി, പാചക എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയർന്നു. പല കുടുംബങ്ങളും പ്രതിദിനം ഒരു നേരം പോലും ഭക്ഷണം കഴിക്കാൻ സാധിക്കാതെ കടുത്ത ദാരിദ്ര്യത്തിലാണ്. അഞ്ച് വയസ്സിന് താഴെയുള്ള 22 ലക്ഷത്തിലധികം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നതായാണ് യു എൻ കണക്ക്.
യമനിലെ അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനായി വേൾഡ് ഫൂഡ് പ്രോഗ്രാം ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.
നിലവിലെ സംഘർഷങ്ങളും പലായനങ്ങളും സൃഷ്ടിച്ച കെടുതികൾ പരിഹരിക്കാൻ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ 10.9 കോടി ഡോളറും പതിവ് സഹായങ്ങൾക്കായി 15.8 കോടി ഡോളറുമാണ് അടിയന്തരമായി ആവശ്യമുള്ളത്.
നിലവിലെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, അടുത്ത മാസത്തേക്ക് നിശ്ചയിച്ചിരുന്ന ഭക്ഷ്യവിതരണ പദ്ധതികളിൽ നിന്നുള്ള വിഭവങ്ങൾ വകമാറ്റി ഉപയോഗിക്കുകയാണ്. പുതുതായി ഫണ്ട് ലഭിച്ചില്ലെങ്കിൽ വരും മാസങ്ങളിൽ വലിയ സഹായക്കുറവ് അനുഭവപ്പെടും. ഫണ്ടിന്റെ കുറവിനുപുറമെ, താഇസ്, ഹുദൈദ തുടങ്ങിയ മുൻനിര സംഘർഷ മേഖലകളിലേക്ക് ഭക്ഷ്യവസ്തുക്കളും സഹായങ്ങളും എത്തിക്കാൻ കഴിയാത്തവിധം ഗതാഗതവും സുരക്ഷയും തടസ്സപ്പെട്ടിട്ടുണ്ട്.
താഇസിലും പരിസര പ്രദേശങ്ങളിലും ഹൂതികളുമായി കനത്ത ഏറ്റുമുട്ടലുണ്ടായതായി കഴിഞ്ഞ ദിവസം യമൻ സർക്കാർ സേന അറിയിച്ചിരുന്നു.

Content Highlights: The UN World Food Program warned that three out of four families in conflict-ridden Yemen face severe hunger. Intensified fighting between Houthi rebels and government forces has disrupted food supplies and escalated commodity prices. WFP urgently requires funding to maintain relief operations for millions affected by the crisis.

---- facebook comment plugin here -----

Latest