International
സമകാലിക വെല്ലുവിളികൾ നേരിടാൻ യുഎൻ സുരക്ഷാ കൗൺസിൽ വിപുലീകരണം നിർബന്ധം: ജി 4 രാജ്യങ്ങൾ
രക്ഷാസമിതിയിൽ വികസ്വര രാജ്യങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കണമെന്ന കാര്യത്തിൽ അവർ യോജിപ്പ് പ്രകടിപ്പിച്ചു
യുണൈറ്റഡ് നാഷൻസ് | യുഎൻ സുരക്ഷാ സമിതിയെ കൂടുതൽ പ്രാതിനിധ്യമുള്ളതും കാര്യക്ഷമവുമാക്കുന്നതിന് സ്ഥിരവും സ്ഥിരമല്ലാത്തതുമായ വിഭാഗങ്ങളിൽ വിപുലീകരണം അത്യാവശ്യമാണെന്ന് ജി 4 രാജ്യങ്ങൾ. യുഎൻ ജനറല് അസംബ്ലിയുടെ 78-ാമത് സെഷനിൽ ബ്രസീൽ, ജർമനി, ജപ്പാൻ വിദേശകാര്യ മന്ത്രിമാരും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് വർമയും നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യമുയർന്നത്.
സമകാലിക ആഗോള വെല്ലുവിളികളെ ഫലപ്രദമായും സമയബന്ധിതമായും നേരിടാനുള്ള യുഎൻ സുരക്ഷാ കൗൺസിലിന്റെ കഴിവില്ലായ്മ അതിന്റെ സമഗ്ര പരിഷ്കരണത്തിന്റെ അടിയന്തിര ആവശ്യകതയെ ശക്തിപ്പെടുത്തുന്നുവെന്ന് ജി 4 രാജ്യങ്ങൾ സംയുക്ത പത്രക്കുറിപ്പിൽ പറഞ്ഞു.
നിർണ്ണായകമായ ഈ വിഷയത്തിൽ ചർച്ചകള് മുന്നോട്ടുകൊണ്ടുപോകാനുള്ള പുതിയ ഗതിവേഗം മന്ത്രിമാർ ഊന്നിപ്പറഞ്ഞു. രക്ഷാസമിതിയിൽ വികസ്വര രാജ്യങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കണമെന്ന കാര്യത്തിൽ അവർ യോജിപ്പ് പ്രകടിപ്പക്കുകയും ചെയ്തു.




