Connect with us

National

ഡൽഹിയിൽ മൂന്നുനില കെട്ടിടം തകർന്നു വീണ് രണ്ട് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

പൈവാലൻ പ്രദേശത്ത് നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നുവീണത്.

Published

|

Last Updated

ന്യൂഡൽഹി | ഡൽഹി ചാന്ദ്‌നി ചൗക്കിലെ ചാവ്രി ബജാർ പ്രദേശത്ത് നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നു വീണ് രണ്ട് പേർ മരിച്ചു. ആറ് പേർ കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. പൈവാലൻ പ്രദേശത്ത് നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നുവീണത്. ചാവ്രി ബജാർ മെട്രോ സ്റ്റേഷന് സമീപമാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

അപകടത്തെ തുടർന്ന് ആറ് ഫയർ ഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. രണ്ട് വാട്ടർ ടണ്ടറുകൾ, ഒരു വാട്ടർ ബൗസർ, ഒരു ക്വിക്ക് റെസ്പോൺസ് വെഹിക്കിൾ, ഒരു ഇൻസിഡന്റ് റെസ്പോൺസ് ടീം എന്നിവയെയാണ് ആദ്യം നിയോഗിച്ചത്. പിന്നീട് അസിസ്റ്റന്റ് ഡിവിഷണൽ ഓഫീസർ രാജേഷ് ശുക്ലയുടെ നേതൃത്വത്തിൽ കൂടുതൽ സേനയെയും വിന്യചിച്ചു. ഇതിനുപുറമെ ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ ഇടുങ്ങിയ വഴിയിലൂടെ വലിയ യന്ത്രങ്ങൾ എത്തിക്കാൻ സാധിക്കാത്തത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്.

ഉറങ്ങിക്കിടക്കുന്ന സമയത്താണ് വലിയ ശബ്ദം കേട്ടതെന്ന് ദൃക്സാക്ഷിയായ മുഹമ്മദ് നയീം പറഞ്ഞു. അടുത്തുള്ള കെട്ടിടമാണ് തകർന്നതെന്ന് പിന്നീട് മനസ്സിലായെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷം സെപ്റ്റംബർ ആറിന് ഡൽഹിയിലെ സത്യ നികേതനിൽ അഞ്ച് നില കെട്ടിടം തകർന്ന് ഏഴ് പേർ മരിച്ചിരുന്നു.

Content Highlights
A three-storey under-construction building collapsed in Delhi’s Chandni Chowk area, resulting in two deaths and trapping six others. Fire department and disaster response units are conducting manual rescue operations in the narrow lane. The incident has raised serious concerns regarding building safety and periodic structural audits in Delhi.

---- facebook comment plugin here -----

Latest