Ongoing News
സിറിയൻ പുനർനിർമാണത്തിന് 403 മില്യൺ ഡോളറിന്റെ വമ്പൻ പാക്കേജ്; ധനസഹായം പ്രഖ്യാപിച്ച് സഊദി അറേബ്യ
ആരോഗ്യ മേഖല, വൈദ്യുതി, ഭവന നിർമാണം, കുടിവെള്ള പദ്ധതികൾ എന്നിവയുൾപ്പെടെ 6 സുപ്രധാന മേഖലകളുടെ വികസനത്തിനായാണ് സൗദി ഫണ്ട് ഫോർ ഡെവലപ്മെന്റ് (SFD) തുക അനുവദിച്ചത്.
റിയാദ്|യുദ്ധക്കെടുതികളിൽ തകർന്ന സിറിയയുടെ പുനർനിർമാണത്തിനും പൊതുസേവന പദ്ധതികൾക്കുമായി 403 മില്യൺ ഡോളറിലധികം (ഏകദേശം 3,600 കോടി രൂപ) ധനസഹായം പ്രഖ്യാപിച്ച് സഊദി അറേബ്യ. സഊദി ഫണ്ട് ഫോർ ഡെവലപ്മെന്റ് (SFD) വഴി ഇളവുകളോടെയുള്ള വികസന വായ്പകളായാണ് ഈ തുക സിറിയക്ക് കൈമാറുന്നത്. സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ ഷറാ എന്നിവരുടെ സാന്നിധ്യത്തിൽ റിയാദിൽ വെച്ചായിരുന്നു ചരിത്രപരമായ കരാർ ഒപ്പുവെക്കൽ ചടങ്ങ് നടന്നത്.
സഊദി ഫണ്ട് സിഇഒ സുൽത്താൻ അൽ മർഷാദും സിറിയൻ ധനകാര്യ മന്ത്രി മുഹമ്മദ് യീസർ ബർനിയയും ചേർന്നാണ് ആറ് സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചത്. സിറിയയിലെ അടിസ്ഥാന സൗകര്യങ്ങൾ വീണ്ടെടുക്കുന്നതിനും ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ആറ് പ്രധാന മേഖലകളിലാണ് ഈ തുക വിനിയോഗിക്കുക.
സഊദി ഫണ്ട് ഫോർ ഡെവലപ്മെന്റ് (SFD) പ്രഖ്യാപിച്ച 403 മില്യൺ ഡോളറിന്റെ വികസന പാക്കേജ് സിറിയയിലെ വിവിധ തന്ത്രപ്രധാന മേഖലകളുടെ സമഗ്രമായ പുനരുദ്ധാരണത്തിനാണ് വിനിയോഗിക്കുന്നത്. ഇതിൽ ഏറ്റവും വലിയ തുകയായ 105 മില്യൺ ഡോളർ സിറിയയിലുടനീളം 25 സിവിൽ ഡിഫൻസ് കേന്ദ്രങ്ങൾ സ്ഥാപിച്ച് അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ആധുനികവത്കരിക്കാൻ നീക്കിവെച്ചപ്പോൾ, 100 മില്യൺ ഡോളർ അത്യാധുനിക ആശുപത്രികളുടെ നിർമാണത്തിനും ചികിത്സാ ഉപകരണങ്ങൾ വാങ്ങുന്നതിനുമുള്ള ആരോഗ്യ മേഖലയ്ക്കായി വകയിരുത്തി.
ഊർജ്ജ സുരക്ഷയ്ക്കായി അനുവദിച്ച 90 മില്യൺ ഡോളർ ഉപയോഗിച്ച് അലപ്പോ തെർമൽ പവർ പ്ലാന്റ് പുനരുജ്ജീവിപ്പിക്കുന്നതിലൂടെ 50 ലക്ഷത്തോളം ജനങ്ങൾക്ക് വൈദ്യുതി ലഭ്യമാകും. കൂടാതെ, യുദ്ധത്തിൽ തകർന്ന 10,000 പാർപ്പിടങ്ങൾ പുനർനിർമിച്ച് ജനങ്ങളെ പുനരധിവസിപ്പിക്കാൻ 60 മില്യൺ ഡോളറും, ഡമാസ്കസ്, ഇദ്ലിബ് നഗരങ്ങളിലെ കുടിവെള്ള വിതരണ ശൃംഖല നവീകരിക്കുന്നതിനും സ്മാർട്ട് വാട്ടർ മീറ്ററുകൾ സ്ഥാപിക്കുന്നതിനുമായി 30 മില്യൺ ഡോളറും ഉപയോഗിക്കും. ധനകാര്യ മന്ത്രാലയത്തിന്റെ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്ത് സുതാര്യത ഉറപ്പാക്കാനുള്ള ഡിജിറ്റൽ പരിവർത്തന പദ്ധതിക്കായി 18 മില്യൺ ഡോളറാണ് മാറ്റിവെച്ചിരിക്കുന്നത്.
അടിസ്ഥാന സൗകര്യ വികസനത്തിന് പുറമെ ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധം, വ്യവസായം, കൃഷി, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണത്തിനുള്ള മറ്റ് സുപ്രധാന ധാരണാപത്രങ്ങളിലും ഒപ്പുവെച്ചിട്ടുണ്ട്. മേഖലയിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരുന്നതിനും സിറിയൻ ജനതയെ മുഖ്യധാരയിലേക്ക് തിരികെ എത്തിക്കുന്നതിനും സഊദി അറേബ്യ നൽകുന്ന വലിയ പിന്തുണയുടെ ഭാഗമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.
Content Highlights: Saudi Arabia has announced over $403 million in concessional loans through SFD to support Syria’s reconstruction and public services. The historic agreement was signed in Riyadh in the presence of Crown Prince Mohammed bin Salman and Syrian President Ahmad al Sharaa. The funding targets health, energy, housing, water, and digital infrastructure across Syria.


