Saudi Arabia
കരമാർഗം രാജ്യത്തേക്ക് വരുന്ന സന്ദർശകർക്ക് യാത്രാ നടപടി എളുപ്പം; അബ്ഷിർ സഫർ ഫോർ വിസിറ്റേഴ്സ് ഡിജിറ്റൽ സേവനം ആരംഭിച്ചു
അതിർത്തികളിലെ കാത്തിരിപ്പ് സമയം കുറയ്ക്കാനും യാത്രാ നടപടികൾ വേഗത്തിലാക്കാനും ഈ സംവിധാനം സഹായിക്കും.
ദമാം |സഊദി അറേബ്യയിലേക്ക് കര അതിർത്തികൾ വഴി എത്തുന്ന ജി.സി.സി പൗരന്മാർക്കും വിദേശ സന്ദർശകർക്കുമായി ആഭ്യന്തര മന്ത്രാലയം പുതിയ ‘അബ്ഷിർ സഫർ ഫോർ വിസിറ്റേഴ്സ്’ ഡിജിറ്റൽ സേവനം ആരംഭിച്ചു. അതിർത്തികളിലെ കാത്തിരിപ്പ് സമയം കുറയ്ക്കാനും യാത്രാ നടപടികൾ വേഗത്തിലാക്കാനും ഈ സംവിധാനം സഹായിക്കും.
ഈ സേവനം ഉപയോഗിക്കാൻ സന്ദർശകർക്ക് അബ്ഷിർ അക്കൗണ്ടോ ലോഗിൻ വിവരങ്ങളോ ആവശ്യമില്ല. ആപ്പിലെ പൊതു മെനു വഴി നേരിട്ട് ഇത് ഉപയോഗിക്കാൻ കഴിയുമെന്നതാണ് പ്രധാന സവിശേഷത. യാത്ര പുറപ്പെടുന്നതിന് മുൻപ് തന്നെ യാത്രക്കാരുടെ വിവരങ്ങളും വാഹനത്തിന്റെ വിവരങ്ങളും രജിസ്റ്റർ ചെയ്യാനും, അതിർത്തി കടക്കുന്നതിന് ആവശ്യമായ വാഹന ഇൻഷുറൻസ് ഈ പ്ലാറ്റ്ഫോം വഴി ഓൺലൈനായി എടുക്കാനും ലിങ്ക് ചെയ്യാനും സാധിക്കു. നിലവിൽ ഈ സേവനം നിർബന്ധമല്ലെങ്കിലും, 2027 ഏപ്രിൽ മുതൽ (സേവനം ആരംഭിച്ച് 6 മാസത്തിന് ശേഷം) കരമാർഗ്ഗം എത്തുന്ന എല്ലാ സന്ദർശകർക്കും ഇത് നിർബന്ധിതമാക്കും.
കിംഗ് ഫഹദ് കോസ്വേ, സാൽവ ബോർഡർ ക്രോസിംഗ് തുടങ്ങിയ പ്രധാന അതിർത്തികൾ വഴി വരുന്നവർക്ക് നിലവിൽ ഈ സേവനം ലഭ്യമാണ്. ഇത് സംബന്ധിച്ച സംശയങ്ങൾക്ക് 992 എന്ന നമ്പറിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടുമായി (ജവാസത്) ബന്ധപ്പെടാവുന്നതാണെന്നും പാസ്പോർട്ട് മന്ത്രാലയം അറിയിച്ചു.
Content Highlights: Saudi Arabia launched the Absher Safar for Visitors digital service for land border arrivals. It allows GCC citizens and visitors to pre-register details and vehicle insurance without logging in. The system aims to speed up crossing, becoming mandatory six months after launch in April 2027.




