Connect with us

ukrain- russia issue

ഉക്രൈന്‍ വിഷയം പൊട്ടിത്തെറിയിലേക്ക്; യു എന്‍ അടിയന്തര യോഗം ചേരുന്നു

ഉക്രൈനിലെ വിമത മേഖലകളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് റഷ്യ; പ്രത്യാഘാതം ഗുരുതരമെന്നും നാളെ കൂടുതല്‍ നടപടിയെന്നും അമേരിക്ക

Published

|

Last Updated

മോസ്‌കോ |  കിഴക്കന്‍ ഉക്രൈനിലെ വിമത മേഖലകളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച റഷ്യന്‍ നടപടിക്കെതിരെ ശക്തമായി പ്രതികരിച്ച് അമേരിക്ക. റഷ്യയുടെ നടപടി രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് അടിയന്തര യു എന്‍ യോഗത്തില്‍ അമേരിക്ക പറഞ്ഞു. സാമ്രാജ്യത്വമാണ് റഷ്യ നടത്തിയത്. പ്രത്യാഘാതം വലുതായിരിക്കും. രാജ്യാന്തര സമൂഹത്തിന്റെ ക്ഷമ റഷ്യ പരീക്ഷിക്കരുത്. മിന്‍സ്‌ക് കരാര്‍ റഷ്യ അട്ടിമറിച്ചു. റഷ്യക്ക് മേല്‍ നാളെ കൂടുതല്‍ നടപടിയെന്നും അമേരിക്ക പറഞ്ഞു.

2014 മുതല്‍ റഷ്യന്‍ പിന്തുണയോടെ യുക്രൈന്‍ സൈന്യവുമായി ഏറ്റുമുട്ടി കൊണ്ടിരിക്കുന്ന ഡൊനെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക് മേഖലകളെയാണ് റഷ്യ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചത്. ഇവിടേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാനും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമാര്‍ പുട്ടിന്‍ നിര്‍ദേശം നല്‍കിയിരുന്നു. ആധുനിക ഉക്രൈനെ കമ്യൂണിസ്റ്റ് റഷ്യ സൃഷ്ടിച്ചതാണെന്നും ഉക്രൈനെ തങ്ങളുടെ ചരിത്രത്തില്‍ സുപ്രധാന പങ്കുണ്ടെന്നും പുടിന്‍ പറഞ്ഞു.
ഉക്രൈന്‍ യു എസ് കോളനിയായി മാറി. റഷ്യ്ക്കെതിരായ പോരാട്ടത്തിനുള്ള സേനാതാവളമായി ഉക്രൈനെ മാറ്റുകയാണ് നാറ്റോയുടെ ലക്ഷ്യം. ഉക്രൈന്‍ നാറ്റോ ആയുധപ്പുരയായെന്നും പുടിന്‍ പറഞ്ഞു.

അതേസമയം, അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് റഷ്യ നടത്തിയതെന്ന് യു കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആരോപിച്ചു. യുക്രെയ്ന്റെ പരമാധികാരത്തിന്മേല്‍ കടന്നുകയറുകയാണ് റഷ്യ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ മേഖലകളിലേക്ക് റഷ്യന്‍ സൈന്യത്തിന് വേഗത്തില്‍ പ്രവേശിക്കാന്‍ നടപടിയിലൂടെ കഴിയുമെന്ന് യു എസ് അടക്കമുള്ള രാജ്യങ്ങള്‍ ആശങ്കപ്പെടുന്നു.

 

 

Latest