Eduline
യു കെയിൽ പഠിക്കണോ, കൂടുതൽ പണം വേണം
യു കെയിൽ പഠനത്തിനിടെ ജീവിതച്ചെലവുകൾ വഹിക്കാൻ വിദ്യാർഥികളുടെ കൈവശം ഉണ്ടായിരിക്കേണ്ട നിർബന്ധിത തുകയാണ് (Maintenance Requirement) ഉയർത്തിയിരിക്കുന്നത്.
യുകെയിൽ ഉപരിപഠനം സ്വപ്നംകാണുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടിയായി സ്റ്റുഡന്റ് വിസക്കുള്ള സാമ്പത്തിക മാനദണ്ഡങ്ങൾ വർധിപ്പിച്ച് ബ്രിട്ടീഷ് ഹോം ഓഫീസ്. യു കെയിൽ പഠനത്തിനിടെ ജീവിതച്ചെലവുകൾ വഹിക്കാൻ വിദ്യാർഥികളുടെ കൈവശം ഉണ്ടായിരിക്കേണ്ട നിർബന്ധിത തുകയാണ് (Maintenance Requirement) ഉയർത്തിയിരിക്കുന്നത്.
ചെലവ്
പുതുക്കിയ നിരക്കനുസരിച്ച് ലണ്ടനിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രതിമാസ ചെലവ് 1,48,276 രൂപയായി വർധിക്കും. നേരത്തെ ഇത് 1,44,285 രൂപയായിരുന്നു. ലണ്ടന് പുറത്തുള്ള സർവകലാശാലകളിൽ പഠിക്കുന്നവർക്ക് പ്രതിമാസം ചെലവ് 1,13,576 രൂപയായി ഉയരും. ഇന്ത്യയിൽ നിന്ന് യു കെയിലേക്ക് ബിരുദ, ബിരുദാനന്തര പഠനത്തിനായി പോകാൻ തയ്യാറെടുക്കുന്നവർ പുതിയ സാമ്പത്തിക മാനദണ്ഡങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
വിസ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ആവശ്യമായ തുക കൈവശമുണ്ടെന്ന് തെളിയിക്കാൻ കഴിയണം. കോഴ്സിന്റെ ദൈർഘ്യമനുസരിച്ചാണ് വിദ്യാർഥികൾ തെളിയിക്കേണ്ട സാമ്പത്തിക ശേഷി കണക്കാക്കുന്നത്. പരമാവധി ഒമ്പത് മാസത്തെ ജീവിതച്ചെലവിനുള്ള തുക കാണിച്ചാൽ മതിയാകും.
പുതുക്കിയ നിരക്കനുസരിച്ച് ലണ്ടനിൽ പഠിക്കുന്നവർ: ഒമ്പത് മാസത്തേക്ക് ഏകദേശം 17.5 ലക്ഷം കണ്ടെത്തണം.
ലണ്ടന് പുറത്തു പഠിക്കുന്നവർ: ഒമ്പത് മാസത്തേക്ക് ഏകദേശം 13.4 ലക്ഷം കണ്ടെത്തണം.
ഇതോടെ ലണ്ടനിൽ പഠിക്കുന്നവർക്ക് പ്രതിമാസ ചെലവിനുള്ള തുക അധികം കണ്ടെത്തേണ്ടി വരും. വിദ്യാർഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണിത്. മുകളിൽ പറഞ്ഞ തുക ജീവിതച്ചെലവുകൾക്ക് മാത്രമുള്ളതാണ്. സർവകലാശാലയിലെ ട്യൂഷൻ ഫീസ് ഇതിൽ ഉൾപ്പെടുന്നില്ല.
വിസ അപേക്ഷക്കായി വിദ്യാർഥികൾക്ക് രണ്ട് സാമ്പത്തിക കാര്യങ്ങൾ തെളിയിക്കേണ്ടിവരും.
യു കെയിലെ താമസം, ഭക്ഷണം, യാത്ര തുടങ്ങിയ ജീവിതച്ചെലവുകൾക്ക് ആവശ്യമായ തുക.
രേഖയിൽ വ്യക്തമാക്കിയിട്ടുള്ള പ്രകാരം, ഒരു അക്കാദമിക് വർഷത്തേക്ക് അടക്കാനുള്ള ബാക്കിയുള്ള ട്യൂഷൻ ഫീസ്. അതായത്, ജീവിതച്ചെലവിനുള്ള പണത്തിന് പുറമേ ട്യൂഷൻ ഫീസിനുള്ള തുകയും വിദ്യാർഥികൾ പ്രത്യേകം കണക്കാക്കണം.
ശ്രദ്ധിക്കുക
പുതിയ സാമ്പത്തിക മാനദണ്ഡങ്ങൾ ബാധകമാകുന്നത് കോഴ്സ് ആരംഭിക്കുന്ന തീയതി നോക്കിയല്ല, വിസ അപേക്ഷ സമർപ്പിക്കുന്ന തീയതി അടിസ്ഥാനമാക്കിയാണ്.
ഈ മാസം 30ന് മുമ്പ് സമർപ്പിക്കുന്ന അപേക്ഷകൾ നിലവിലുള്ള സാമ്പത്തിക മാനദണ്ഡങ്ങൾ പ്രകാരം പരിഗണിക്കും. അതിനുശേഷം സമർപ്പിക്കുന്ന അപേക്ഷകൾക്ക് പുതുക്കിയ നിരക്കുകൾ ബാധകമാകും. അതിനാൽ യു കെയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ വിസ അപേക്ഷയുടെ സമയക്രമം കൃത്യമായി ആസൂത്രണം ചെയ്യേണ്ടതുണ്ട്.
ആവശ്യമായ സാമ്പത്തിക ശേഷി തെളിയിക്കാൻ ബേങ്ക് അക്കൗണ്ടിൽ പണം കാണിക്കുന്നത് മാത്രം മതിയാകില്ല. അംഗീകൃത ബേങ്ക് അക്കൗണ്ടിൽ ആവശ്യമായ തുക തുടർച്ചയായി കുറഞ്ഞത് 28 ദിവസം സൂക്ഷിച്ചിരിക്കണം.
ഈ 28 ദിവസത്തെ കാലയളവ് അവസാനിക്കുന്ന തീയതി വിസ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പുള്ള 31 ദിവസത്തിനുള്ളിലായിരിക്കണം.
അവസാന നിമിഷം ബേങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിച്ച് സാമ്പത്തിക മാനദണ്ഡം പൂർത്തിയാക്കാൻ കഴിയില്ലെന്നത് വിദ്യാർഥികൾ പ്രത്യേകം ഓർക്കണം.
താമസച്ചെലവിൽ ഇളവ്
യു കെയിലെ സർവകലാശാലയിൽ താമസസൗകര്യത്തിനായി മുൻകൂട്ടി പണം അടച്ചിട്ടുള്ള വിദ്യാർഥികൾക്ക് ആ തുക മെയിന്റനൻസ് ആവശ്യകതയിൽ നിന്ന് കുറക്കാൻ സാധിക്കും.
ഇതിനായി അനുവദിക്കുന്ന പരമാവധി ഇളവ് 1,48,169 രൂപയായി ഉയർത്തിയിട്ടുണ്ട്. അതിനാൽ സർവകലാശാലാ താമസസൗകര്യത്തിനായി പണം നൽകിയവർ അതിന്റെ രേഖകളും രസീതുകളും സൂക്ഷിക്കണം.
വായ്പ, സ്പോൺസർഷിപ്പ്
ആവശ്യമായ സാമ്പത്തിക ശേഷി തെളിയിക്കാൻ സ്വന്തം ബേങ്ക് നിക്ഷേപം മാത്രമല്ല മാർഗം. അംഗീകൃത വിദ്യാർഥി വായ്പകൾ, ഔദ്യോഗിക സാമ്പത്തിക സ്പോൺസർഷിപ്പ് എന്നിവയും ഉപയോഗിക്കാം.
ചില വിഭാഗം വിദ്യാർഥികൾക്ക് സാമ്പത്തിക മാനദണ്ഡത്തിൽ ഇളവുണ്ട്. സ്റ്റുഡന്റ് യൂനിയൻ സാബാറ്റിക്കൽ ഓഫീസർമാരായി അപേക്ഷിക്കുന്നവരും വിസാ അപേക്ഷക്ക് തൊട്ടുമുമ്പുള്ള 12 മാസങ്ങളിൽ സാധുവായ വിസയിൽ യു കെയിൽ താമസിച്ചിട്ടുള്ള ചില വിദ്യാർഥികളും ഇതിൽ ഉൾപ്പെടുന്നു.
ബ്രിട്ടീഷ് പൗരന്മാർക്കും ഹോം ഓഫീസ് നിർദേശിച്ചിട്ടുള്ള ചില രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കും വിസ അപേക്ഷക്കൊപ്പം സാമ്പത്തിക ശേഷി തെളിയിക്കുന്ന രേഖകൾ സമർപ്പിക്കേണ്ടതില്ല. ആസ്ത്രേലിയ, കാനഡ, അമേരിക്ക, ന്യൂസിലാൻഡ്, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ, ദക്ഷിണ കൊറിയ തുടങ്ങി നിരവധി രാജ്യങ്ങൾ ഈ പട്ടികയിലുണ്ട്.
എന്നാൽ ഇന്ത്യ ഇളവ് ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. അതിനാൽ ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾ സാധാരണയായി ആവശ്യമായ സാമ്പത്തിക രേഖകളും ബേങ്ക് ബാലൻസും ഹാജരാക്കേണ്ടതുണ്ട്. മറ്റ് പ്രത്യേക ഇളവുകൾക്ക് അർഹതയുള്ളവർക്ക് വ്യത്യസ്ത വ്യവസ്ഥകൾ ബാധകമായേക്കാം.
യു കെയിലെ പഠനച്ചെലവ് ഇതിനകം തന്നെ വലിയ സാമ്പത്തിക ബാധ്യതയായിരിക്കുന്ന സാഹചര്യത്തിൽ, മെയിന്റനൻസ് തുകയുടെ വർധന ഇന്ത്യൻ വിദ്യാർഥികൾക്ക് അധിക സാമ്പത്തിക സമ്മർദമുണ്ടാക്കും. അതിനാൽ സർവകലാശാല തിരഞ്ഞെടുക്കുന്നത് മുതൽ വിസ അപേക്ഷ സമർപ്പിക്കുന്നതുവരെ ഓരോ ഘട്ടത്തിലും സാമ്പത്തിക തയ്യാറെടുപ്പിന് മുൻഗണന നൽകേണ്ടത് അനിവാര്യമാണ്.
അന്താരാഷ്ട്ര വിദ്യാർഥികൾ കുറയുന്നു
യു കെയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. 2024-25 അധ്യയന വർഷത്തിൽ യുകെയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 685,565 അന്താരാഷ്ട്ര വിദ്യാർഥികളാണ് പ്രവേശനം നേടിയത്. ആകെ വിദ്യാർഥികളുടെ ഏകദേശം 24 ശതമാനമാണിത്. ഇതിൽ 63,600 പേർ യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ നിന്നും 622,000 പേർ യൂറോപ്യൻ യൂനിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുമാണ്.
2022-23 അധ്യയന വർഷത്തിലെ റെക്കോർഡ് എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ പത്ത് ശതമാനം കുറവുണ്ടായി.
തുടർച്ചയായ രണ്ടാം വർഷമാണ് ഈ ഇടിവ്. 1990കളുടെ തുടക്കത്തിൽ ആധുനിക ഉന്നത വിദ്യാഭ്യാസ മേഖല രൂപവത്കരിക്കപ്പെട്ടതിനുശേഷം, 2012-13 അധ്യയന വർഷത്തിൽ മാത്രമാണ് ഇതിന് മുമ്പ് ഇത്തരമൊരു കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്.
Content Highlights: The UK Home Office has raised the financial maintenance requirements for international student visas. Students studying in London will now need to show higher monthly living expenses alongside tuition fees. The rules apply based on the application date rather than the course start date.




