Uae
ആഗോള ഫ്യൂച്ചർ കൗൺസിൽ യോഗങ്ങൾക്ക് യു എ ഇ ആതിഥേയത്വം വഹിക്കും
യു എ ഇ ഗവൺമെന്റ് ഡെവലപ്മെന്റ്ആൻഡ് ഫ്യൂച്ചർ സഹമന്ത്രി ഉഹൂദ് ബിൻത് ഖൽഫാൻ അൽ റൂമിയും വേൾഡ് ഇക്കണോമിക് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ മാരൂൺ കെയ്റൂസും കരാറിൽ ഒപ്പുവെച്ചു.
അബൂദബി|ആഗോള തലത്തിലെ പുതിയ മാറ്റങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനുള്ള വേൾഡ് ഇക്കണോമിക് ഫോറം (ഡാവോസ്) വാർഷിക യോഗങ്ങളുടെ ഭാഗമായുള്ള ഗ്ലോബൽ ഫ്യൂച്ചർ കൗൺസിൽ യോഗങ്ങൾക്ക് അടുത്ത അഞ്ച് വർഷത്തേക്ക് കൂടി യു എ ഇ ആതിഥേയത്വം വഹിക്കും. സ്വിറ്റ്‌സർലൻഡിലെ ഡാവോസിൽ നടന്ന വേൾഡ് ഇക്കോണമിക് ഫോറം യോഗങ്ങളുടെ സമാപനത്തോടനുബന്ധിച്ചാണ് ഇത് സംബന്ധിച്ച പുതിയ കരാറിൽ യു എ ഇയും ഫോറവും ഒപ്പുവെച്ചത്.
ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്സൺ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, ക്യാബിനറ്റ് കാര്യമന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. യു എ ഇ ഗവൺമെന്റ് ഡെവലപ്മെന്റ്ആൻഡ് ഫ്യൂച്ചർ സഹമന്ത്രി ഉഹൂദ് ബിൻത് ഖൽഫാൻ അൽ റൂമിയും വേൾഡ് ഇക്കണോമിക് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ മാരൂൺ കെയ്റൂസും കരാറിൽ ഒപ്പുവെച്ചു.
ആഗോള സമ്പദ്്വ്യവസ്ഥയെയും സാമൂഹിക മേഖലയെയും ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ നയരൂപീകരണം നടത്തുന്നതിനായുള്ള മികച്ച പ്ലാറ്റ്ഫോമാണ് ഈ യോഗങ്ങളെന്ന് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി പറഞ്ഞു. കഴിഞ്ഞ 16 വർഷമായി യു എ ഇയും വേൾഡ് ഇക്കോണമിക് ഫോറവും തമ്മിലുള്ള സഹകരണം ശക്തമായി തുടരുകയാണ് എന്നും അദ്ദേഹം പറഞ്ഞു.


