Uae
ചന്ദ്രന്റെ ഇരുണ്ട ഭാഗത്തിറങ്ങൽ ദൗത്യവുമായി യു എ ഇ
ചന്ദ്രന്റെ മറുവശത്ത് ഇറങ്ങാൻ ശ്രമിക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ രാജ്യമായി യു എ ഇയെ മാറ്റുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം

ദുബൈ|ചന്ദ്രന്റെ മറുവശത്ത് ഇറങ്ങുന്ന രണ്ടാമത്തെ രാജ്യമാകാൻ യു എ ഇ ശ്രമിക്കുമെന്ന് ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് പറഞ്ഞു. 2026-ൽ നടക്കാനിരിക്കുന്ന എമിറേറ്റ്‌സ് ചാന്ദ്ര ദൗത്യത്തിന്റെ ഒരു പ്രധാന ഭാഗമായ റാശിദ് 2 റോവറിനുള്ള പേലോഡ് ഡെലിവറി സേവനങ്ങൾ നൽകുന്നതിനായി മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററും (എം ബി ആർ എസ് സി) യു എസ് ആസ്ഥാനമായുള്ള ഫയർഫ്ലൈ എയ്റോസ്പേസും തമ്മിൽ ഒരു കരാറിൽ ഒപ്പുവെച്ച സന്ദർഭത്തിലാണ് ശൈഖ് ഹംദാൻ സാധ്യത അറിയിച്ചത്. ചൈന 2019ൽ വിജയിച്ചു.
“ചന്ദ്രന്റെ മറുവശത്ത് ഇറങ്ങാൻ ശ്രമിക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ രാജ്യമായി യു എ ഇയെ മാറ്റുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ഇത് രാജ്യത്തെ ബഹിരാകാശ പര്യവേഷണത്തിൽ മുൻപന്തിയിൽ നിർത്തും.’ ശൈഖ് ഹംദാൻ വ്യാഴാഴ്ച എക്സിൽ പറഞ്ഞു. എം ബി ആർ എസ് സി ഇപ്പോൾ രണ്ടാമത്തെ ചാന്ദ്ര റോവറായ റാശിദ് 2 ചന്ദ്രനിലേക്ക് കൊണ്ടുപോകാൻ ഫയർഫ്ലൈ എയ്റോസ്പേസിനെ തിരഞ്ഞെടുത്തിട്ടുണ്ട്. 2026 ന്റെ തുടക്കത്തിൽ വിക്ഷേപിക്കാൻ നിശ്ചയിച്ചിരിക്കുന്ന ബ്ലൂ ഗോസ്റ്റ് 2 ലാൻഡറിൽ ബഹിരാകാശത്തേക്ക് യാത്ര ചെയ്യും.
പത്ത് ദിവസത്തെ ദൗത്യത്തിനായി ചന്ദ്രന്റെ മറുവശത്ത് – വെളിച്ചമില്ലാത്ത ഭാഗത്ത് – ലാൻഡിംഗ് ശ്രമം നടത്തും. 2023 ഏപ്രിലിൽ പരാജയപ്പെട്ട റാശിദ് 1 ദൗത്യത്തിന് ശേഷം ചന്ദ്രനിൽ ഒരു റോവർ ഇറക്കാനുള്ള ബഹിരാകാശ കേന്ദ്രത്തിന്റെ രണ്ടാമത്തെ ശ്രമമാണിത്. ജപ്പാന്റെ ഹകുട്ടോ-ആർ മിഷൻ 1ന്റെ ഭാഗമായ ആദ്യത്തെ റോവർ, ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചപ്പോൾ നഷ്ടപ്പെട്ടു.
ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങാൻ കഴിഞ്ഞ രണ്ട് കമ്പനികളിൽ ഒന്നാണ് ഫയർഫ്ലൈ. അതിന്റെ ബ്ലൂ ഗോസ്റ്റ് 1 വാഹനം മാർച്ച് രണ്ടിന് ഇറങ്ങി. മറ്റൊരു യു എസ് കമ്പനിയായ ഇന്റ്യൂച്വേറ്റീവ് മെഷീൻസ് കഴിഞ്ഞ വർഷം ചന്ദ്രന്റെ ഉപരിതലത്തിലേക്കുള്ള ആദ്യത്തെ വിജയകരമായ സ്വകാര്യ ദൗത്യം നടത്തി.
രണ്ട് കമ്പനികളും നാസയുടെ കൊമേഴ്സ്യൽ ലൂണാർ പേലോഡ് സർവീസസ് (സി എൽ പി എസ്) പ്രോഗ്രാമിന്റെ ഭാഗമാണ്. ഇത് ഉപരിതലത്തിലേക്ക് ശാസ്ത്രീയവും സാങ്കേതികവുമായ പേലോഡുകൾ എത്തിക്കാൻ കഴിയുന്ന ചാന്ദ്ര വാഹനങ്ങൾ വികസിപ്പിക്കുന്ന കമ്പനികൾക്ക് കരാറുകൾ നൽകുന്നു.