Connect with us

Kerala

ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ ട്രാക്കില്‍ മനുഷ്യന്റെ കാല്‍; കണ്ടെത്തിയത് ശുചീകരണ തൊഴിലാളികള്‍

മൃതദേഹ ഭാഗത്തിന് മൂന്ന് ദിവസത്തെ പഴക്കം കണക്കാക്കുന്നു. റെയില്‍വേ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Published

|

Last Updated

ആലപ്പുഴ | റെയില്‍വേ ട്രാക്കില്‍ മനുഷ്യന്റെ കാല്‍ കണ്ടെത്തി. ഇന്ന് രാവിലെ ഒമ്പതോടെ ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ ട്രാക്കിലാണ് സംഭവം. ശുചീകരണ തൊഴിലാളികളാണ്, എറണാകുളം-ആലപ്പുഴ മെമു ട്രെയിന്‍ ട്രാക്കില്‍ നിന്ന് യാര്‍ഡിലേക്ക് മാറ്റിയ സമയത്ത് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. മൃതദേഹ ഭാഗത്തിന് മൂന്ന് ദിവസത്തെ പഴക്കം കണക്കാക്കുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹാവശിഷ്ടം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

റെയില്‍വേ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ട്രെയിനിടിച്ച ആരുടെയോ ശരീരഭാഗം ആയിരിക്കും ഇതെന്നാണ് പോലീസ് സംശയിക്കുന്നത്. മെമു ട്രെയിനില്‍ കുടുങ്ങിയ കാല്‍ ട്രാക്കില്‍ വീണതായിരിക്കുമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലും അന്വേഷണം നടന്നുവരികയാണ്.

ആലപ്പുഴയില്‍ നിന്ന് കൊല്ലം, തുടര്‍ന്ന് കോട്ടയം, ഷൊര്‍ണൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് ആലപ്പുഴയിലേക്കും സര്‍വീസ് നടത്തുന്ന മെമു ട്രെയിന്‍ യാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് കാല്‍ കണ്ടെത്തിയത്. അതിനാല്‍ തന്നെ മറ്റു ജില്ലകളില്‍ എവിടെയെങ്കിലും വച്ച് ട്രെയിന്‍ തട്ടി മരിച്ച ആരുടേതെങ്കിലുമാണോ മൃതദേഹാവശിഷ്ടം എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

 

Latest