National
ബസ് ദുരന്തം: തെലങ്കാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്‍ മദീനയില്‍
ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരിയുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.
മദീന | സഊദി അറേബ്യയിലെ മദീനയില്‍ തെലങ്കാനക്കാരായ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 45 പേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തെലങ്കാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്‍ മദീനയിലെത്തി. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരിയുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. തെലങ്കാന നിയമസഭാ സാമാജികരായ മജീദ് ഹുസ്സൈന്‍ എം എല്‍ എ, സെക്രട്ടറി ബി ശാഫിയുല്ല ഐ എ എസ് എന്നിവരും മന്ത്രിയോടൊപ്പമുണ്ട്.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം ധനസഹായം തെലങ്കാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഖബറടക്ക ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് ഓരോ കുടുംബത്തില്‍ നിന്നും രണ്ടുപേരെ സഊദിയില്‍ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിന്നുള്ള യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനും ആവശ്യമായ പിന്തുണ ഉറപ്പാക്കാനും തെലങ്കാന ചീഫ് സെക്രട്ടറി എ ശാന്തി കുമാരി റസിഡന്റ് കമ്മീഷണറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു
നവംബര്‍ ഒമ്പതിനാണ് ഉംറ തീര്‍ഥാടനത്തിനായി ഹൈദരാബാദില്‍ നിന്നും 54 അംഗ സംഘം ജിദ്ദയിലെത്തിയത്. ഇവരില്‍ 45 പേരാണ് ഞായറാഴ്ച രാത്രി 11ന് അപകടത്തില്‍പ്പെട്ടത്. ഇവരില്‍ നാലുപേര്‍ കാറില്‍ മദീനയിലേക്ക് പോവുകയും നാലുപേര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ മക്കയില്‍ തങ്ങുകയുമായിരുന്നു. ശേഷിച്ച 46 പേരാണ് അപകടത്തില്‍പ്പെട്ട ബസ്സിലുണ്ടായിരുന്നത്. മക്കയില്‍ നിന്ന് മദീനയിലേക്കുള്ള യാത്രക്കിടെ മദീനയില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ അകലെ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് ബസ് ഓയില്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയത്. അപകടത്തില്‍പ്പെട്ട 46 യാത്രക്കാരില്‍ 45 പേരും ബസ് പൂര്‍ണമായി കത്തിയതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.





