Connect with us

Uae

യു എ ഇയിൽ നാളെ മുതൽ കടുത്ത ചൂട്; 'ജംറതുൽ ഖൈത്' 40 ദിവസം നീണ്ടു നിൽക്കും

കടുത്ത ചൂടും വരണ്ട അന്തരീക്ഷവും "സമൂം' എന്നറിയപ്പെടുന്ന ചൂടുള്ള വരണ്ട മരുഭൂമിയിലെ കാറ്റും ഈ കാലയളവിന്റെ പ്രത്യേകതയാണ്.

Published

|

Last Updated

ദുബൈ| യു എ ഇ ഉൾപ്പെടുന്ന അറേബ്യൻ ഉപദ്വീപിൽ ഈ വർഷത്തെ ഏറ്റവും കടുത്ത ചൂടും വരണ്ട കാലാവസ്ഥയും അനുഭവപ്പെടുന്ന “ജംറതുൽ ഖൈത്’ (വേനൽച്ചൂടിന്റെ പരകോടി) കാലയളവ് ജൂലൈ മൂന്ന് മുതൽ ആരംഭിക്കുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു. ആഗസ്റ്റ് പത്ത് വരെ നീണ്ടുനിൽക്കുന്ന 40 ദിവസത്തെ ഈ കാലയളവിലാണ് വേനൽക്കാലം അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിൽ എത്തിച്ചേരുന്നത്.
അതിരാവിലെ കിഴക്കൻ ചക്രവാളത്തിൽ ജമിനി (മിഥുനം) നക്ഷത്രസമൂഹത്തിലെ ആദ്യ നക്ഷത്രങ്ങൾ ഉദിച്ചുയരുന്നതോടെയാണ് “ജംറതുൽ ഖൈത്’ ആരംഭിക്കുന്നതെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി ബോർഡ് ചെയർമാൻ ഇബ്‌റാഹീം അൽ ജർവാൻ പറഞ്ഞു. പരമ്പരാഗത വേനൽക്കാലത്തിന്റെ ഏറ്റവും കഠിനമായ ഈ ഘട്ടത്തിൽ തീരപ്രദേശങ്ങളിൽ പകൽ സമയത്തെ താപനില 41 മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെയും ഉൾപ്രദേശങ്ങളിലും മരുഭൂമികളിലും 45 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും. ഉഷ്ണതരംഗം ഉണ്ടാകുന്ന സമയങ്ങളിൽ ചില ഉൾപ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയർന്നേക്കാം.
കടുത്ത ചൂടും വരണ്ട അന്തരീക്ഷവും “സമൂം’ എന്നറിയപ്പെടുന്ന ചൂടുള്ള വരണ്ട മരുഭൂമിയിലെ കാറ്റും ഈ കാലയളവിന്റെ പ്രത്യേകതയാണ്. വർഷങ്ങൾക്കനുസരിച്ച് ഉഷ്ണതരംഗത്തിന്റെ തീവ്രതയിൽ മാറ്റമുണ്ടാകാറുണ്ട്. സാധാരണ താപനിലയേക്കാൾ നാല് ഡിഗ്രിയോളം കൂടുന്ന സാഹചര്യത്തെയാണ് ഉഷ്ണതരംഗമായി കണക്കാക്കുന്നത്. നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്ന ലോഹവസ്തുക്കൾ, വാഹനങ്ങൾ എന്നിവയിലെ താപനില 70 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.
“ജംറതുൽ ഖൈത്’ കാലയളവിന്റെ അവസാനത്തോടെ അറബിക്കടലിൽ നിന്നുള്ള  കാറ്റിന്റെ ഫലമായി അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കും. ഇത് ഹജർ മലനിരകളിൽ മഴമേഘങ്ങൾ രൂപപ്പെടുന്നതിനും പ്രാദേശികമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്കും കാരണമാകും. കൂടാതെ ഈ സമയങ്ങളിൽ മരീചികകൾ ദൃശ്യമാകാനും ശക്തമായ പൊടിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ടെന്നും ഇബ്‌റാഹീം അൽ ജർവാൻ കൂട്ടിച്ചേർത്തു.
Content Highlights:
The Emirates Astronomical Society announced that Jamrat al-Qait, the peak summer period, begins on July 3. Temperatures in inland areas may cross 50 degrees Celsius along with dry Samoom winds. High humidity and local rains are expected near the Hajar mountains towards the end of August.
---- facebook comment plugin here -----