Connect with us

Business

യു എ ഇ സുവര്‍ണ ജൂബിലി; 50 ദിവസം നീളുന്ന കാമ്പയിനുമായി ലുലു

Published

|

Last Updated

അബൂദബി | യു എ ഇ സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി 50 ദിവസം നീളുന്ന കാമ്പയിനുമായി ലുലു ഗ്രൂപ്പ്. വിപണന മേളയും സാമൂഹിക ക്ഷേമ പദ്ധതികളുമാണ് നടപ്പാക്കുക. യു എ ഇയിലെ 87 ലുലു സ്റ്റോറുകളില്‍ ഡിസംബര്‍ ഒമ്പതുവരെ പരിപാടികള്‍ നടക്കും. 50 ദിവസം 50 ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം ഇളവാണ് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുക. പലവ്യഞ്ജനം, ഫാഷന്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഇതിലുള്‍പ്പെടും. കല്യാണ്‍ ജുവല്ലേഴ്സുമായി ചേര്‍ന്ന് സ്വര്‍ണസമ്മാന പദ്ധതിയും ഇക്കാലയളവില്‍ നടക്കും.

100 ദിര്‍ഹത്തിന്റെ ഇടപാടുകള്‍ നടത്തുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 50 ഭാഗ്യശാലികള്‍ക്ക് 50 ഗ്രാം സ്വര്‍ണം വച്ച് മൊത്തം രണ്ടര കിലോ സ്വര്‍ണം സമ്മാനമായി നല്‍കും. മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, കാമറ, ഐ ടി ഉത്പന്നങ്ങള്‍ തുടങ്ങിയവക്ക് ഇളവുകള്‍ ലഭ്യമാക്കിക്കൊണ്ട് ‘ഡിജി ടെക്’ മേള ഒക്ടോബര്‍ 26 മുതല്‍ ആരംഭിക്കും. മൊബൈല്‍, ടി വി, ലാപ്ടോപ്പുകള്‍ എന്നിവ മാറ്റിവാങ്ങാന്‍ ‘എക്‌സ്‌ചേഞ്ച് ഫെസ്റ്റിവലും’ പലിശരഹിത ഇന്‍സ്റ്റാള്‍മെന്റ് പദ്ധതികളും ഇക്കാലയളവിലുണ്ടാകും. ദീപാവലിയുടെ ഭാഗമായി ഇന്ത്യന്‍ പരമ്പാരാഗത വസ്ത്രങ്ങളുടെയും മധുരപലഹാരങ്ങളുടെയും വിപണനമേളയും നടക്കും. ലുലു ദീവാലി ഗിഫ്റ്റ് കാര്‍ഡും പുറത്തിറക്കിയിട്ടുണ്ട്. കൂടുതല്‍ പേര്‍ക്കുള്ള ദീവാലി മധുരപലഹാരങ്ങളുടെ കോര്‍പ്പറേറ്റ് ഓര്‍ഡറുകളും ഇത്തവണ സ്വീകരിക്കും.

ഇലക്ട്രോണിക്‌സ്, മൊബൈല്‍ ഉത്പന്നങ്ങളുടെ വിപണന മേള ‘സൂപ്പര്‍ ഫ്രൈഡേ’ നവംബര്‍ 23-ന് ആരംഭിക്കും. 10 ദിവസം നീണ്ടുനിക്കുന്ന മേളയുടെ ഭാഗമായി ഉത്പന്നങ്ങള്‍ വന്‍ വിലക്കുറവില്‍ ലഭിക്കും. യു എ ഇ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ‘അഭിമാനത്തോടെ യു എ ഇയില്‍ നിന്നും’ എന്ന ആശയത്തില്‍ പ്രാദേശിക കാര്‍ഷിക വിളകളുടെ വിപണന മേള നടക്കും. ഓണ്‍ലൈന്‍ ഇടപാടുകള്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ലുലു ഷോപ്പിംഗ് ആപ്പ് നവീകരിക്കുകയും ചെയ്തു. ഉത്പന്നങ്ങള്‍ കേടുപാടുകള്‍ കൂടാതെ ഗുണനിലവാരം ഉറപ്പാക്കിക്കൊണ്ട് സൂക്ഷിക്കുന്നതിനായി 200 ഊഷ്മാവ് നിയന്ത്രിത വാഹനങ്ങളാണ് ലുലുവിനായി സേവനമനുഷ്ഠിക്കുന്നത്.

യു എ ഇയില്‍ തുടക്കം കുറിച്ച് ആഗോള ബ്രാന്‍ഡായ ലുലു ഗ്രൂപ്പിന്റെ ഭാഗമാകുന്നതില്‍ അഭിമാനിക്കുന്നതായി ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. എല്ലാവിധ വ്യവസായാനുകൂല സാഹചര്യങ്ങളും ലഭ്യമാക്കിയ ദീര്‍ഘദര്‍ശികളായ യു എ ഇ ഭരണാധികാരികളാണ് ഞങ്ങളുടെ നേട്ടങ്ങള്‍ക്ക് കാരണം. അതിന് കാരണമായ ലക്ഷക്കണക്കിന് ഉപഭോക്താക്കളോടും യു എ ഇയുടെ സംരംഭകത്വ മനോഭാവത്തോടുള്ള ആദരവുകൂടിയാണ് ഈ ആഘോഷങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക ക്ഷേമ പദ്ധതികളുടെ ഭാഗമായി എമിറേറ്റ്‌സ് റെഡ് ക്രെസന്റുമായി സഹകരിച്ച് ‘രണ്ടുദിര്‍ഹം നല്‍കൂ, രണ്ട് കണ്ണുകള്‍ രക്ഷിക്കൂ’ എന്ന ആശയത്തില്‍ ‘റിവര്‍ ബ്ലൈന്‍ഡ്‌നെസ്’ എന്ന നേത്രരോഗബാധിതരായ പാവപ്പെട്ടവര്‍ക്ക് സഹായം ലഭ്യമാക്കും.

യു എ ഇയോടുള്ള ജനങ്ങളുടെ സ്‌നേഹം വാക്കുകളിലൂടെ പങ്കുവെക്കാന്‍ ‘വാള്‍ ഓഫ് പ്രൈഡ്’ എന്ന പദ്ധതി നടപ്പാക്കും. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരടക്കം അക്ഷരങ്ങളിലൂടെ യു എ ഇയോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്ന പദ്ധതിയില്‍ ഏവര്‍ക്കും ഭാഗമാകാനാകുമെന്ന് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗ്രൂപ്പ് മാര്‍ക്കറ്റിങ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി നന്ദകുമാര്‍, ഒംനിചാനല്‍ ഓപ്പറേഷന്‍സ് ഹെഡ് സ്റ്റുവര്‍ട്ട് ഡേവിഡ്ജ്, റീട്ടെയില്‍ ഓപ്പറേഷന്‍ ഡയറക്ടര്‍ ഷാബു അബ്ദുല്‍ മജീദ്, ബയിങ് ഡയറക്ടര്‍ മുജീബ് റഹ്‌മാന്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest