Connect with us

Uae

യു എ ഇ വേനല്‍ച്ചൂടിന്റെ അവസാന ഘട്ടത്തിലേക്ക്

ആഗസ്റ്റ് 10 വരെ കഠിനമായ കാലാവസ്ഥ തുടരും.

Published

|

Last Updated

ദുബൈ | വേനല്‍ക്കാലത്തെ ഏറ്റവും തീവ്രമായ ഘട്ടങ്ങളിലൊന്നായ വാഗ്രത്ത് അല്‍ മിര്‍സാമിലേക്ക് യു എ ഇ പ്രവേശിച്ചു. അറേബ്യന്‍ ഉപദ്വീപിലുടനീളമുള്ള കൊടുംചൂടിന്റെ അവസാന തരംഗത്തെ അടയാളപ്പെടുത്തുന്നതാണ് ഈ കാലയളവ്. ആഗസ്റ്റ് പത്ത് വരെ നീണ്ടുനില്‍ക്കുന്നതാണ് ഈ ഘട്ടമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയര്‍മാന്‍ ഇബ്റാഹീം അല്‍ ജര്‍വാന്‍ പറഞ്ഞു. ‘സിറിയസ്’ അഥവാ ‘അല്‍ ശിഅ്റ അല്‍ യമാനിയ’ എന്നറിയപ്പെടുന്ന അല്‍ മിര്‍സാം നക്ഷത്രത്തിന്റെ ഉദയത്തോടെയാണിത് സംഭവിക്കുക.

ജംറത്ത് അല്‍ ഖൈസ് അഥവാ ‘വേനല്‍ക്കാല കല്‍ക്കരി’ എന്ന് വിളിക്കപ്പെടുന്ന ഈ ഘട്ടം മരുഭൂമിയിലെ ചൂടിന്റെ പാരമ്യത്തെ സൂചിപ്പിക്കുന്നു. സിറിയസ് ആകാശത്ത് ഉയരുമ്പോള്‍ താപനില വര്‍ധിച്ച് അതിനുശേഷം ഈര്‍പ്പമുള്ള വായു രൂപപ്പെട്ടു തുടങ്ങും. ഹജര്‍ പോലുള്ള പര്‍വത പ്രദേശങ്ങളില്‍ മഴമേഘങ്ങളുടെ പ്രവര്‍ത്തനം വര്‍ധിക്കുമെന്നും അല്‍ ജര്‍വാന്‍ വ്യക്തമാക്കി.

വാഗ്രത്ത് അല്‍ മിര്‍സാം വളരെക്കാലമായി ബെഡൂയിന്‍ സമൂഹത്തിനും മരുഭൂമി നിവാസികള്‍ക്കും ഒരു ജ്യോതിശാസ്ത്രപരമായ അടയാളമായി വര്‍ത്തിച്ചിട്ടുണ്ട്. ‘അല്‍ മിര്‍സാം ഉണര്‍ന്നാല്‍, നിങ്ങളുടെ ഒട്ടകങ്ങളെ കൂട്ടി പുറപ്പെടാന്‍ തയ്യാറാകൂ’ പോലുള്ള നാടന്‍ പഴഞ്ചൊല്ലുകള്‍ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

നഗ്നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളില്‍ ഒന്നാണ് അല്‍ മിര്‍സാം (സിറിയസ്). ഇത് കാനിസ് മേജര്‍ നക്ഷത്രസമൂഹത്തില്‍ പെടുന്നു. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുകയും ഇസ്‌ലാമിനു മുമ്പുള്ള ചില അറബ് ഗോത്രങ്ങള്‍ ആരാധിച്ചിരുന്ന സിറിയസിന്റെ ഉപരിതല താപനില 24,000 ഡിഗ്രിയില്‍ കൂടുതലാണ്. ഭൂമിയില്‍ നിന്ന് 8.6 പ്രകാശവര്‍ഷം അകലെയാണെങ്കിലും സൂര്യനേക്കാള്‍ വളരെ ചൂടും തിളക്കവുമാണ് ഇതിനുള്ളത്.