Kerala
ബാലുശ്ശേരിയില്‍ റോഡിലേക്ക് വീണ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ ലോറിയിടിച്ച് മരിച്ചു
തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍, ബിജീഷ് എന്നിവരാണ് മരിച്ചത്.

കോഴിക്കോട്|കോഴിക്കോട്ബാലുശ്ശേരിയില്‍ റോഡിലേക്ക് വീണ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ ലോറിയിടിച്ച് മരിച്ചു. തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍, ബിജീഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. അപകട ദൃശ്യങ്ങള്‍ പുറത്തുവന്നു. തൊട്ടുപിന്നാലെ വന്ന വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന കാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.
ബൈക്ക് യാത്രക്കാര്‍ റോഡില്‍ വീണു കിടക്കുന്നതും അവരുടെ മുകളിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വീണുകിടക്കുന്ന ബൈക്ക് യാത്രക്കാരുടെ സമീപത്ത് നിന്ന് മറ്റൊരു ബൈക്കും മറിഞ്ഞുകിടക്കുന്നതും ഒരാള്‍ എഴുന്നേറ്റ് നില്‍ക്കുന്നതും കാണാം. എങ്ങനെയാണ് അപകടമുണ്ടായതെന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചിരുന്നോ, അതോ റോഡിലെ കുഴിയാണോ എന്ന കാര്യത്തിലെല്ലാം വ്യക്തത വരേണ്ടതുണ്ട്. റോഡിലേക്ക് ബൈക്ക് യാത്രികര്‍ വീണതിന് പിന്നാലെ ഇവരുടെ മുകളിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയായിരുന്നു.
മരിച്ച സജിന്‍ലാലും ബിജീഷും പെയിന്റിംഗ് തൊഴിലാളികളാണ്. ബാലുശ്ശേരി ഭാഗത്തു നിന്നും കോക്കല്ലൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്.