Connect with us

Kerala

കൊല്ലത്ത് വാഹനാപകടത്തില്‍ രണ്ട് കായിക താരങ്ങള്‍ക്ക് പരുക്കേറ്റ സംഭവം: കേസെടുത്ത് പോലീസ്

അമിതവേഗതയിലും അശ്രദ്ധവുമായാണ് പ്രതി വാഹനം ഓടിച്ചതെന്ന് എഫ്ഐആറില്‍ പറയുന്നു

Published

|

Last Updated

കൊല്ലം| കൊല്ലത്ത് വാഹനാപകടത്തില്‍ രണ്ട് കായിക താരങ്ങള്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. കൊല്ലം ഈസ്റ്റ് പോലീസാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 281, 125 (a), 125 (b), മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988 ലെ 134 (A), 134 (B) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അമിതവേഗതയിലും അശ്രദ്ധവുമായാണ് പ്രതി വാഹനം ഓടിച്ചതെന്ന് എഫ്ഐആറില്‍ പറയുന്നുണ്ട്. നിലവില്‍ പ്രതി പോലീസ് കസ്റ്റഡിയിലാണ്.

ഇന്നലെ വൈകിട്ട് 6.40ന് യുഡിഎഫ് പ്രചരണം കഴിഞ്ഞ് മടങ്ങിയ വാഹനമാണ് അപകടമുണ്ടാകിയത്. അപകടത്തില്‍ ഹോക്കി താരങ്ങളായ ചിന്നു ലക്ഷ്മി (13), ധനലക്ഷ്മി (13) എന്നിവര്‍ക്കാണ് പരുക്കേറ്റത്. അമിത വേഗത്തിലെത്തിയ കാര്‍ ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ച് കായലില്‍ വീണു.

ചിന്നു ലക്ഷ്മിയുടെ തലയ്ക്ക് മുറിവും നട്ടെല്ലിലെ അസ്ഥിക്ക് പൊട്ടലും ഇടത് കൈക്കും വാരിയെല്ലിനും താടിയെല്ലിനും പൊട്ടലും ഉണ്ടായി. ഇതിന് പുറമേ ആന്തരിക രക്തസ്രാവവും സംഭവിച്ചു. ധനലക്ഷ്മിയുടെ ഇടത് കാലിന് മുറിവും പൊട്ടലും സംഭവിച്ചിട്ടുണ്ട്. ഇടത് തുട ഭാഗത്ത് അസ്ഥിക്ക് പൊട്ടലും ശരീരത്തിന്റെ പല ഭാഗത്തും മുറിവും സംഭവിച്ചിട്ടുണ്ട്. ചിന്നുലക്ഷ്മി അപകടനില തരണം ചെയ്തിട്ടുണ്ട് എന്നാണ് വിവരം.

---- facebook comment plugin here -----

Latest