Connect with us

International

'ഖതൈബ് ഹിസ്ബുല്ല' ഗ്രൂപ്പിന്റെ തടങ്കലിലായിരുന്ന യു എസ് മാധ്യമപ്രവര്‍ത്തക ഷെല്ലി കിറ്റല്‍സണ്‍ മോചിതയായി

കഴിഞ്ഞാഴ്ച ഇറാന്‍ അനുകൂല ഇറാഖി സായുധ ഗ്രൂപ്പായ ഖതൈബ് ഹിസ്ബുല്ല ബഗ്ദാദിനു സമീപം വച്ച് 49കാരിയായ കിറ്റല്‍സണെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

Published

|

Last Updated

ബഗ്ദാദ് | ഇറാഖില്‍ തീവ്രവാദി ഗ്രൂപ്പിന്റെ തടങ്കലിലായിരുന്ന യു എസ് ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തക ഷെല്ലി കിറ്റില്‍സണ്‍ മോചിതയായി. കഴിഞ്ഞാഴ്ച ഇറാന്‍ അനുകൂല ഇറാഖി സായുധ ഗ്രൂപ്പായ ഖതൈബ് ഹിസ്ബുല്ല ബഗ്ദാദിനു സമീപം വച്ച് 49കാരിയായ കിറ്റല്‍സണെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോ ആണ് കിറ്റല്‍സണ്‍ മോചിതയായ വിവരം അറിയിച്ചത്. നിലവിലെ പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുദാനിയുടെ ദേശസ്‌നേഹ നിലപാടുകളോടുള്ള ബഹുമാനാര്‍ഥമാണ് കിറ്റല്‍സണെ വിട്ടയക്കാന്‍ തീരുമാനിച്ചതെന്ന് ഗ്രൂപ്പ് വ്യക്തമാക്കി. ഭാവിയില്‍ ഇത്തരം വിട്ടുവീഴ്ചകള്‍ ഉണ്ടാവില്ലെന്നും ഗ്രൂപ്പ് അറിയിച്ചു. ഖതൈബ് ഹിസ്ബുല്ലയാണ് മാധ്യമ പ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയതെന്ന് യു എസും ഇറാഖ് അധികൃതരും പറഞ്ഞിരുന്നെങ്കിലും സമ്മതിക്കാന്‍ ഗ്രൂപ്പ് നേരത്തെ തയ്യാറായിരുന്നില്ല.

കഴിഞ്ഞ മാസം 31ന് തിരക്കേറിയ റോഡില്‍ വെച്ച് ആയുധധാരികളായ സംഘം ഷെല്ലിയുടെ കാര്‍ തടഞ്ഞുനിര്‍ത്തുകയും ബലമായി പുറത്തിറക്കി മറ്റൊരു വാഹനത്തില്‍ കയറ്റി ക്കൊണ്ടുപോകുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അല്‍ അറേബ്യ ചാനല്‍ പുറത്തുവിട്ടിരുന്നു.
തട്ടിക്കൊണ്ടുപോയവരെ സുരക്ഷാ സേന പിന്തുടരുന്നതിനിടെ പ്രതികളുടെ സംഘത്തിലെ ഒരു വാഹനം മറിഞ്ഞു. ഇതിലുണ്ടായിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

രണ്ട് കാറുകളിലായാണ് അക്രമിസംഘം എത്തിയത്. ഇതില്‍ ഷെല്ലിയെ കയറ്റിയ കാര്‍ ബഗ്ദാദിന്റെ തെക്കന്‍ ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഇറാഖിലേക്ക് യാത്ര ചെയ്യരുതെന്ന് ട്രംപ് ഭരണകൂടം ഷെല്ലി കിറ്റില്‍സണ് മുന്നറിയിപ്പ് നല്‍കിയിരുന്നതായുള്ള വിവരം പുറത്തുവന്നിരുന്നു.

 

 

 

 

Latest