Kerala
നിയമസഭാ തിരഞ്ഞെടുപ്പ്; കണ്ണൂരും കാസര്‍കോടും നിരോധനാജ്ഞ
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 206 പ്രകാരം കര്‍ശന നിയമനടപടി
കാസര്‍കോട്/ കണ്ണൂര്‍ | നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ . കാസര്‍കോട് ജില്ലയില്‍ ഏപ്രില്‍ 10 ന് രാവിലെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വോട്ടെടുപ്പ് വേളയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനുമായാണ് കര്‍ശന നടപടി സ്വീകരിച്ചതെന്ന് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. നിരോധന കാലയളവില്‍ ജില്ലയില്‍ നിയമവിരുദ്ധമായ സംഘം ചേരലുകള്‍ക്കോ പൊതുയോഗങ്ങള്‍ക്കോ പ്രകടനങ്ങള്‍ക്കോ അനുമതിയുണ്ടായിരിക്കില്ല.
മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരോ പ്രചാരകരോ വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂറിനുള്ളില്‍ മണ്ഡലത്തില്‍ തുടരാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്നതിനും കര്‍ശനമായ നിരോധനമുണ്ട്. പോളിംഗ് സ്റ്റേഷനുകള്‍ക്കുള്ളില്‍ നിരീക്ഷകര്‍ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഒഴികെ മറ്റാര്‍ക്കും മൊബൈല്‍ ഫോണുകളോ വയര്‍ലെസ് സെറ്റുകളോ ഉപയോഗിക്കാന്‍ അനുവാദമില്ല. പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ ചുറ്റളവില്‍ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ബൂത്തുകള്‍ സ്ഥാപിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഉത്തരവ് പൊതുജനങ്ങളുടെ സാധാരണ ജീവിതത്തെയോ ജോലിയെയോ ബാധിക്കില്ല. വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍, മറ്റ് സ്വകാര്യ ആഘോഷങ്ങള്‍ എന്നിവക്കും വോട്ട് രേഖപ്പെടുത്താന്‍ പോകുന്നതിനും നിയന്ത്രണങ്ങള്‍ ബാധകമല്ല. വോട്ടെടുപ്പിന് മുമ്പുള്ള 48 മണിക്കൂറില്‍ വീടുകള്‍ കയറിയുള്ള പ്രചാരണങ്ങള്‍ക്കും തടസ്സമുണ്ടാകില്ല. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 206 പ്രകാരം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
കണ്ണൂര്‍ ജില്ലയില്‍ വ്യാഴാഴ്ച അര്‍ധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വ്യാഴാഴ്ച അര്‍ധരാത്രി പന്ത്രണ്ട് മണി വരെയാണ് നിരോധനാജ്ഞ. അനധികൃത ആള്‍ക്കൂട്ടങ്ങളും പൊതുയോഗങ്ങളും നിരോധിച്ചതായി ജില്ല കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു.
അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷ സാധ്യതയുണ്ടന്നാണ് ഇന്റലിജെന്‍സ് റിപ്പോര്‍ട്ടുകള്‍.
വോട്ടെടുപ്പ് സുരക്ഷിതവും സമാധാനപരവുമാക്കുന്നതിന് ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയതായും കലക്ടര്‍ അറിയിച്ചു. ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ കണ്ണൂര്‍ ജില്ലയില്‍ 37 കമ്പനി കേന്ദ്ര സേനയെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിലെ 771 പ്രശ്നസാധ്യതാ ബൂത്തുകളിലും കേന്ദ്ര സേനയുള്‍പ്പെടെയുള്ള പ്രത്യേക സംഘത്തിന്റെ സുരക്ഷയുണ്ടാകും. പൊലീസിന് പുറമെ 493 സൂക്ഷമ നിരീക്ഷകരെയും വിവിധ പ്രശ്നബാധിത ബൂത്തുകളില്‍ നിയോഗിച്ചിട്ടുണ്ട്





