Kerala
ലൈംഗികാതിക്രമ കേസ്: രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല; രണ്ട് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് എസ്‌ഐടി
പോലീസിന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും
കൊച്ചി | നടിയെ ലൈംഗികമായി ആക്രമിച്ചെന്ന കേസിലെ പ്രതി സംവിധായകന്‍ രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം. നേരത്തെ കസ്റ്റഡി കാലയളവില്‍ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നും പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. രഞ്ജിത്തിനെ നാളെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പോലീസിന്റെ കസ്റ്റഡി അപേക്ഷയും നാളെ പരിഗണിക്കും.
ജനുവരി 30 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഷൂട്ടിങ് ലൊക്കേഷനില്‍ ഉണ്ടായിരുന്ന കാരവാനില്‍ വെച്ച് രഞ്ജിത്ത് ലൈഗീക അതിക്രമം നടത്തിയെന്നാണ് കേസ്. ഷൂട്ടിങ് ലൊക്കേഷനിലും, കാരവാനിലും രഞ്ജിത്തിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.പരാതി വ്യാജമെന്നും ഗൂഢാലോചനയെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ രഞ്ജിത്തിന് എതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം.
എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച വൈകുന്നേരം നാല് മണി വരെയാണ് രഞ്ജിത്തിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. എറണാകുളം സബ് ജയിലില്‍ നിന്നാണ് രഞ്ജിത്തിനെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. കസ്റ്റഡി കാലയളവില്‍ ഓരോ 24 മണിക്കൂര്‍ കൂടുമ്പോഴും രഞ്ജിത്തിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.





