International
റെഡ് ലൈൻ ലംഘിച്ചാൽ യുദ്ധം മേഖലക്ക് പുറത്തേക്കും വ്യാപിപ്പിക്കും: അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്
"അമേരിക്ക ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാൻ മുതിർന്നാൽ, അമേരിക്കയുടെയും അവരുടെ പങ്കാളികളുടെയും അടിസ്ഥാന സൗകര്യങ്ങൾക്കും ഞങ്ങൾ അതുതന്നെ ചെയ്യും. മേഖലയിലെ എണ്ണയും ഗ്യാസും വർഷങ്ങളോളം അവർക്കും സഖ്യകക്ഷികൾക്കും ലഭിക്കാത്ത സാഹചര്യം ഞങ്ങൾ സൃഷ്ടിക്കും" - ഐആർജിസി
മുംബൈ | അമേരിക്ക ഇറാന്റെ സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിച്ചാൽ അതിശക്തമായ രീതിയിൽ തിരിച്ചടിക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് (IRGC) മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് തുറന്നു നൽകാൻ ഇറാൻ തയ്യാറാകാത്ത പക്ഷം മണിക്കൂറുകൾക്കുള്ളിൽ ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ ഔദ്യോഗിക പ്രതികരണം വന്നിരിക്കുന്നത്.
“അമേരിക്ക ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാൻ മുതിർന്നാൽ, അമേരിക്കയുടെയും അവരുടെ പങ്കാളികളുടെയും അടിസ്ഥാന സൗകര്യങ്ങൾക്കും ഞങ്ങൾ അതുതന്നെ ചെയ്യും. മേഖലയിലെ എണ്ണയും ഗ്യാസും വർഷങ്ങളോളം അവർക്കും സഖ്യകക്ഷികൾക്കും ലഭിക്കാത്ത സാഹചര്യം ഞങ്ങൾ സൃഷ്ടിക്കും,” ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കൻ സൈന്യം ഇറാന്റെ ‘റെഡ് ലൈനുകൾ’ മറികടന്നാൽ പ്രതികരണം പശ്ചിമേഷ്യൻ മേഖലയ്ക്ക് പുറത്തേക്ക് നീളുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഇറാന്റെ പോർവിമാനങ്ങളുടെ പരിധിയിലുള്ള അമേരിക്കയുടെ നിർണ്ണായക ആസ്തികളെക്കുറിച്ച് ശരിയായ കണക്കുകൂട്ടൽ നടത്താൻ യുഎസ് നേതൃത്വത്തിന് കഴിയുന്നില്ലെന്നും ഇറാൻ പരിഹസിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കാൻ ട്രംപ് നൽകിയ സമയപരിധി ഏപ്രിൽ 7 ചൊവ്വാഴ്ച രാത്രി 8 മണിക്ക് (അമേരിക്കൻ സമയം) അവസാനിക്കാനിരിക്കെയാണ് ഈ പോർവിളി.
നിലവിൽ ഖാർഗ് ഐലൻഡിലെ (Kharg Island) ഇറാന്റെ എണ്ണക്കയറ്റുമതി കേന്ദ്രങ്ങൾക്ക് നേരെ യുഎസ്-ഇസ്റാഈൽ സംയുക്ത ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. ഇറാന്റെ പവർ പ്ലാന്റുകൾ തകർക്കുന്നത് യുദ്ധക്കുറ്റമായാകും കണക്കാക്കപ്പെടുക എന്ന് അന്താരാഷ്ട്ര നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും താൻ അതിൽ ആശങ്കാകുലനല്ലെന്നാണ് ട്രംപിന്റെ നിലപാട്. ഇറാന്റെ ഇന്ധന നിലയങ്ങൾ തകർക്കുന്നതിലൂടെ രാജ്യം മുഴുവൻ ഇരുട്ടിലാകുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് പ്രത്യാക്രമണം ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരിക്കുന്നത്.
Summary
The Islamic Revolutionary Guard Corps (IRGC) has warned that any US strike on Iran’s civilian infrastructure will trigger a response extending “beyond the region.” This follows President Donald Trump’s ultimatum to bomb Iranian power plants and bridges if the Strait of Hormuz is not reopened by Tuesday night. The IRGC stated it would target US and allied infrastructure to deprive them of oil and gas for years if its “red lines” are crossed.


