Connect with us

Education Notification

രസമാണ് രസതന്ത്രം

ശാസ്ത്ര വൈദഗ്ദ്ധ്യം വർധിപ്പിക്കുന്നതിൽ താത്പര്യമുണ്ടെങ്കിൽ, കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമോ ബയോകെമിസ്ട്രി പോലുള്ള പ്രത്യേക മേഖലയോ തിരഞ്ഞെടുക്കാം

Published

|

Last Updated

സതന്ത്രം അഥവാ കെമിസ്ട്രി വിപുലമായ പഠന ഗവേഷണ സാധ്യതകളുള്ള ശാസ്ത്ര ശാഖയാണ്. പൊതുവേ നല്ല തൊഴിലവസരങ്ങൾ കെമിസ്ട്രി പഠിച്ചവർക്ക് ലഭിക്കുന്നുണ്ട് . ബി എസ്‌സി കെമിസ്ട്രിക്ക് ശേഷമുള്ള ഏറ്റവും മികച്ച കോഴ്സ് തീരുമാനിക്കുന്നത് ഒരാളുടെ താത്പര്യങ്ങൾ, കരിയർ അഭിലാഷങ്ങൾ, പഠിക്കാനുള്ള കഴിവ് എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

ശാസ്ത്ര വൈദഗ്ദ്ധ്യം വർധിപ്പിക്കുന്നതിൽ താത്പര്യമുണ്ടെങ്കിൽ, കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമോ ബയോകെമിസ്ട്രി പോലുള്ള പ്രത്യേക മേഖലയോ തിരഞ്ഞെടുക്കാം. ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ, മാനേജീരിയൽ സ്ഥാനങ്ങൾ ആഗ്രഹിക്കുന്നവർക്ക്, ഫാർമസ്യൂട്ടിക്കൽ എം ബി എ പോലുള്ള കോഴ്‌സുകൾ പഠിക്കുന്നത് നല്ലതാണ്.

പൊതുവായ കോഴ്‌സുകൾ

ഡിഗ്രി യോഗ്യതയുള്ള എല്ലാ സ്ട്രീമുകാർക്കും പഠിക്കാവുന്ന പൊതുവായ കോഴ്സുകളിലേക്ക് കെമിസ്ട്രി ഡിഗ്രിക്കാർക്കും അപേക്ഷിക്കാം. എം ബി എ, എം എസ് ഡബ്ല്യു, ലൈബ്രറി സയൻസ്, എൽ എൽ ബി, ജേർണലിസം ട്രാവൽ ആൻഡ് ടൂറിസം, ഹോട്ടൽ മാനേജ്മന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, എം സി എ തുടങ്ങി അസംഖ്യം കോഴ്സുകളിലേക്ക് കെമിസ്ട്രി ബിരുദ ധാരികൾക്ക് അവസരമുണ്ട്. വിവിധ ഭാഷാ കോഴ്‌സുകളിലും ചേർന്ന് പഠിക്കാം.

ഐ ഇ എൽ ടി എസ്, ടി ഒ ഇ എഫ് എൽ അടക്കമുള്ള ഭാഷാ പ്രാവീണ്യ പരീക്ഷകൾ വിജയിച്ചു വിദേശ യൂനിവേഴ്‌സിറ്റികളിൽ പ്രവേശനം നേടി ഉപരിപഠനം നടത്താവുന്നതാണ്.

കെമിസ്ട്രി കോഴ്‌സുകൾ

കെമിസ്ട്രി, ഓർഗാനിക് കെമിസ്ട്രി, ഇൻ ഓർഗാനിക് കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, ബയോകെമിസ്ട്രി, ബയോടെക്‌നോളജി, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, മെഡിസിനൽ കെമിസ്ട്രി, മറൈൻ കെമിസ്ട്രി, എൻവിയോൺമെന്റൽ കെമിസ്ട്രി, ഫോറൻസിക് കെമിസ്ട്രി, ഫുഡ് ടെക്നോളജി, ഹൈഡ്രോ കെമിസ്ട്രി, ഫിസിക്കൽ കെമിസ്ട്രി തുടങ്ങിയ ഉപശാഖകളിൽ പി ജി കോഴ്‌സിന് പ്രവേശനം നേടാം.

ജാം പരീക്ഷ എഴുതി ഐ ഐ ടികൾ, എൻ ഐ ടികൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് അടക്കമുള്ള ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സ്ഥാപനങ്ങൾ നടത്തുന്ന പി ജി, പിഎച്ച് ഡി, ഇന്റഗ്രേറ്റഡ് കോഴ്‌സുകളിലും പ്രവേശനം നേടാം. ഐസർ, നൈസർ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസേർച്ച് തുടങ്ങിയ സ്ഥാപനങ്ങളിലും പഠനാവസരങ്ങളുണ്ട്. കേരളത്തിലെ വിവിധ സർവകലാശാലകളിൽ കെമിസ്ട്രിക്കാർക്ക് ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ പ്രവേശനം നേടാം.

സി യു ഇ ടി. പി ജി പരീക്ഷ എഴുതി വിവിധ സെൻട്രൽ യൂനിവേഴ്‌സിറ്റികളിലും എം എസ് സിക്ക് പ്രവേശനത്തിന് ശ്രമിക്കാം. ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിംഗ് (ഗേറ്റ് ) എഴുതാനും അവസരമുണ്ട്. നാഷനൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട്, സെൻട്രൽ ലെതർ ഇൻസ്റ്റിറ്റ്യൂട്ട്, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി(സി ഐ പി ഇ ടി), ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (എഫ് ഡി ഡി ഐ) തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ നടക്കുന്ന വിവിധ കോഴ്‌സുകളിൽ ചേരാവുന്നതാണ്.

സെൻട്രൽ ഫുഡ് ടെക്‌നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി എഫ് ടി ആർ ഐ) മൈസൂരു, സെൻട്രൽ സാൾട്ട് ആൻഡ് മറൈൻ കെമിക്കൽസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (സി എസ് എം സി ആർ ഐ) ഭാവ്‌നഗർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ബയോസോഴ്‌സ് ടെക്‌നോളജി (ഐ എച്ച് ബി ടി പാലംപുർ എന്നീ സ്ഥാപനങ്ങളിലും കെമിസ്ട്രി പഠിച്ചവർക്ക് വിവിധ കോഴ്‌സുകളിൽ ചേരാൻ അവസരമുണ്ട്.

വെല്ലൂർ സി എം സിയിലെ സൈറ്റോജനിറ്റിക്സ്, പി ജി ഡിപ്ലോമ ഇൻ ഹിസ്റ്റോപാത്തോളജിക്കൽ ലാബ് ടെക്‌നോളജി, തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ മെഡിക്കൽ റെക്കോർഡ് സയൻസ്, ന്യൂറോ ടെക്‌നോളജി എന്നീ വിഷയങ്ങളിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സ്, ആർ സി സി യിലെ അഡ്വാൻസ് ട്രെയിനിംഗ് ഇൻ ക്ലിനിക്കൽ ലബോറട്ടറി ടെക്‌നോളജി തുടങ്ങിയ കോഴ്‌സുകളും കെമിസ്ട്രി ബിരുദധാരികൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

തൊഴിലവസരങ്ങൾ

ഫർമസ്യൂട്ടിക്കൽ, വളം, കീടനാശിനി, വസ്ത്രം, പെയിന്റ്, സിമന്റ്, ഗ്ലാസ്സ് തുടങ്ങി ഏതാണ്ട് എല്ലാ വ്യവസായ പ്രൊഡക്‌ഷൻ യൂനിറ്റുകളിലും കൃഷി അനുബന്ധ വ്യവസായങ്ങളിലും കെമിസ്ട്രിക്കാർക്ക് തൊഴിലവസരമുണ്ട്. ഭക്ഷ്യ സംസ്‌കരണ യൂനിറ്റുകളിലും ധാരാളം അവസരങ്ങൾ ലഭ്യമാണ്. ഫുഡ് ടെസ്റ്റ് ലാബുകളിലും വാട്ടർ ടെസ്റ്റ് ലാബുകളിലും വിവിധ തസ്തികകളിൽ പരിശീലനം സിദ്ധിച്ച കെമിസ്ട്രിക്കാർക്ക് നിയമനം ലഭിക്കും. സ്‌കൂളുകൾ, കോളജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, കോച്ചിംഗ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അധ്യാപന മേഖലയിലും നിരവധി അവസരങ്ങൾ ലഭ്യമാണ്. ഫോറൻസിക് സയന്റിസ്റ്റ്, ലാബ് കെമിസ്റ്റ്, ബയോകെമിസ്റ്റ് തുടങ്ങിയ മേഖലകളിലെ അവസരങ്ങളും പ്രയോജനപ്പെടുത്താം.

യൂനിയൻ പബ്ലിക് സർവീസ് കമ്മീഷൻ, സ്റ്റാഫ് സെലക്‌ഷൻ കമ്മീഷൻ, കേരള പി എസ് സി തുടങ്ങിയ സർക്കാർ ഏജൻസികൾ നടത്തുന്ന വിവിധ റിക്രൂട്ട്മെന്റ് പരീക്ഷകൾ എഴുതി ജോലി നേടാൻ കഴിയും. കെമിസ്ട്രി പി ജിക്കാർക്ക് കേരള സർക്കാറിന്റെ വിവിധ വകുപ്പുകളിൽ ഫുഡ് സേഫ്റ്റി ഓഫീസർ, കെമിക്കൽ എക്‌സാമിനർ, ജൂനിയർ കെമിസ്റ്റ് സയന്റിഫിക് ഓഫീസർ തുടങ്ങി വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിനു പുറമെ സർക്കാറിന്റെ ഉയർന്ന പദവികളിൽ ജോലി ലഭിക്കുന്ന സിവിൽ സർവീസ്, സി ജി എൽ, ഐ ബി പി എസ്, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്, റെയിൽവേയിലെ വിവിധ തസ്തികകൾ, സേനകളിലെ വിവിധ ജോലികൾ തുടങ്ങി ബിരുദധാരികൾക്ക് ലഭ്യമായ തൊഴിലവസരങ്ങൾ രസതന്ത്രം പഠിച്ചവർക്കും ഉപയോഗപ്പെടുത്താവുന്നതാണ്.

കരിയർ വിദഗ്ദ്ധൻ

---- facebook comment plugin here -----

Latest