International
തുര്‍ക്കിയില്‍ ഇസ്‌റാഈല്‍ കോണ്‍സുലേറ്റിന് സമീപം വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു
ആക്രമണത്തിന്റെ കൃത്യമായ ലക്ഷ്യം കോണ്‍സുലേറ്റ് തന്നെയാണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
ഇസ്താംബൂള്‍ | തുര്‍ക്കിയിലെ ഇസ്‌റാഈല്‍ കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് സമീപമുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച നടന്ന വെടിവെപ്പില്‍ ഉള്‍പ്പെട്ട മൂന്ന് അക്രമികളെ തുര്‍ക്കി പോലീസ് വധിച്ചതായി അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈലും തുര്‍ക്കിയും സംഭവത്തെ ഭീകരാക്രമണം എന്നാണ് വിശേഷിപ്പിച്ചത്.
തിരക്കേറിയ വാണിജ്യ മേഖലയായ ബ്യൂക്ക്‌ഡെറെ സ്ട്രീറ്റിലെ യാപ്പി ക്രെഡി പ്ലാസയിലാണ് ഇസ്‌റാഈല്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുന്നത്. ഒരു കാറിലെത്തിയ മൂന്ന് പേര്‍ വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയും തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരികെ വെടിയുതിര്‍ക്കുകയുമായിരുന്നു. സംഭവസമയത്ത് കോണ്‍സുലേറ്റില്‍ ഇസ്‌റാഈല്‍ നയതന്ത്രജ്ഞര്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെടിയൊച്ച കേട്ടതോടെ പോലീസ് ഉദ്യോഗസ്ഥര്‍ തോക്കെടുത്ത് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറുന്ന ദൃശ്യങ്ങള്‍ റോയിട്ടേഴ്‌സ് പുറത്തുവിട്ടു. ആക്രമണത്തിന്റെ കൃത്യമായ ലക്ഷ്യം കോണ്‍സുലേറ്റ് തന്നെയാണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.





