National
ജമ്മു കശ്മീരില്‍ രണ്ടു പോലീസ് ഓഫീസര്‍മാരെ പട്രോളിംഗിനിടയില്‍ കാണാതായി; തിരച്ചില്‍ ശക്തമാക്കി
സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായ റാഷ്പാല്‍ കുമാര്‍ (40), ബാബി ചന്ദ് (54) എന്നിവരെയാണ് കാണാതായത്
ജമ്മു | ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ പട്രോളിംഗിനിടയില്‍ കാണാതായ പോലീസ് ഓഫീസര്‍മാര്‍ക്കായി തിരച്ചില്‍ ശക്തമാക്കി. സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായ റാഷ്പാല്‍ കുമാര്‍ (40), ബാബി ചന്ദ് (54) എന്നിവരെയാണ് കാണാതായത്. സൈന്യത്തോടൊപ്പം പട്രോളിംഗ് നടത്തിയിരുന്ന ഇവര്‍ ധേര്ണ പോസ്റ്റിലേക്ക് മടങ്ങുന്നതിനിടയിലാണ് കാണാതായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.
ബുധനാഴ്ച ഡച്ചാന്-മര്‍വ മേഖലയില്‍ കാണാതായ എസ് പി ഒമാര്‍ക്കായി സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ വന്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു. സംഭവദിവസം പകല്‍ സമയത്ത് പ്രദേശത്ത് വെടിവെയ്പ് ശബ്ദം കേട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തുടക്കത്തില്‍ ഇവരുടെ മൊബൈല്‍ ഫോണുകള്‍ റിംഗ് ചെയ്തിരുന്നെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാകുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 16-ന് കിഷ്ത്വാറിലെ വാനിപോര ട്രിഗാമിലെ വീടിന് സമീപം മറ്റൊരു എസ് പി ഒയായ 55 കാരന് ബഷീര്‍ അഹമ്മദിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പെദില് പോലീസ് പോസ്റ്റില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം സര്‍വീസ് റൈഫിളുമായി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കാണാതായത്. തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുക്കള്‍ തന്നെയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായിരുന്നു.
Content Highlights: Security forces intensified search operations in Jammu and Kashmir’s Kishtwar district for two missing Special Police Officers, Rashpal Kumar and Babi Chand. They disappeared while returning from patrol duty with the Army in the Dachhan-Marwah area. Gunshots were heard nearby before their phones went off.





