Connect with us

From the print

ആലുവയിലെ വിവാദ ഹാലോവീന്‍ പാര്‍ട്ടി; മുഴുവന്‍ പേരെയും ചോദ്യം ചെയ്യാന്‍ പോലീസ്

കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന കടവന്ത്ര സ്വദേശി അലക്‌സിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡി അപേക്ഷ നല്‍കി

Published

|

Last Updated

കൊച്ചി | ആലുവ വെളിയത്തുനാട്ടിലെ റിസോര്‍ട്ടില്‍ നടന്ന വിവാദ ഹാലോവീന്‍ പാര്‍ട്ടിക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. പാര്‍ട്ടിക്കിടെ മദ്യസത്കാരവും ലഹരി ഉപയോഗവും നടന്നിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന്, പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. ഇതിനായി നോട്ടീസ് നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന കടവന്ത്ര സ്വദേശി അലക്‌സിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ മുഖ്യ ആസൂത്രകരില്‍ ഒരാളും പ്രതിയുടെ സുഹൃത്തുമായ 24കാരിയെ ഉടന്‍ ചോദ്യം ചെയ്യും. പെണ്‍കുട്ടികള്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇന്‍സ്റ്റഗ്രാം വഴി കൂട്ടായ്മ സംഘടിപ്പിച്ചത്. എന്നാല്‍ പാര്‍ട്ടിക്കിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കടക്കം മദ്യവും മറ്റ് ലഹരിവസ്തുക്കളും വിളമ്പിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

പോലീസിന്റെ മുന്‍കൂര്‍ അനുമതി തേടാതെയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് റിസോര്‍ട്ടില്‍ പാര്‍ട്ടി നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ റിസോര്‍ട്ട് മാനേജരുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തുകയും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. പോലീസിന് പുറമെ എക്‌സൈസ് വകുപ്പും സംഭവത്തില്‍ സമാന്തരമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 31നാണ് ആലുവ വെളിയത്തുനാടുള്ള റിസോര്‍ട്ടില്‍ ഹാലോവീന്‍ പാർട്ടി നടന്നത്. മൂന്ന് ദിവസത്തിനു ശേഷമാണ് പാര്‍ട്ടിക്കിടെ ലൈംഗികാതിക്രമം നേരിട്ടെന്നു കാണിച്ച് പതിനഞ്ചുകാരി പോലീസില്‍ പരാതി നൽകിയത്.

Content Highlights: Police expanded the investigation into the sexual assault of a minor during a Halloween party at an Aluva resort. Notices are being issued to all participants following findings of alcohol and drug use. Parallel probes by police and excise are underway while key organizers face questioning.

---- facebook comment plugin here -----

Latest