Connect with us

Kerala

പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായ ആദര്‍ശ്, ഫഹദ് എന്നിവരാണ് മരിച്ചത്.

Published

|

Last Updated

ശ്രീകൃഷ്ണപുരം| പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിദ്യാര്‍ഥികളാണ് കരിമ്പുഴ പുഴയില്‍ മുങ്ങി മരിച്ചത്. കടമ്പഴിപ്പുറം ആലങ്ങാട് ചെരിപ്പുറത്ത് വീട്ടില്‍ കെ എസ് ഇ ബി ജീവനക്കാരനായ ഹൈദ്രോസിന്റെയും അധ്യാപികയായ നബീസത്തുല്‍ മിസ്രിയയുടെയും മകന്‍ ഫഹദ് (21), പാലക്കാട് കൊല്ലങ്കോട് നെന്മിനി എ എല്‍ പി സ്‌കൂളിന് സമീപമുള്ള കറുപ്പസ്വാമിയുടെയും-അങ്കണ്‍വാടി വര്‍ക്കറായ ബേബിയുടെയും മകന്‍ ആദര്‍ശ് (24) എന്നിവരാണ് മരിച്ചത്.

കരിമ്പുഴ തെരുവിന് പിറകിലുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ കടവിലാണ് ഇന്ന് ഉച്ച തിരിഞ്ഞ് നാലോടെ അപകടമുണ്ടായത്. ഫഹദും ആദര്‍ശും ഉള്‍പ്പെടെയുള്ള ഒരു സംഘം വിദ്യാര്‍ഥികള്‍ വൈകിട്ട് മൂന്നരയോടെയാണ് പുഴയില്‍ ഇറങ്ങിയത്. കുളിക്കുന്നതിനിടെ ഫഹദ് ഒഴുക്കില്‍ പെട്ടു. ഫഹദിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആദര്‍ശ് മുങ്ങിപ്പോയത്. മറ്റ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം വിഫലമായതോടെ പ്രദേശത്തുകാരെ വിവരമറിയിച്ചു.

വട്ടമ്പലത്ത് നിന്ന് അഗ്നിശമന സേനയും ശ്രീകൃഷ്ണപുരം പോലീസും, കരിമ്പുഴ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. ചുറ്റും പാറക്കെട്ടുകള്‍ ഉള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമായെങ്കിലും വിദ്യാര്‍ഥികളെ രക്ഷിക്കാനായില്ല. ശ്രീകൃഷ്ണപുരം ട്രോമ കെയര്‍ അംഗങ്ങളും, ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് കുട്ടികളെ പുറത്തെടുത്തത്. രണ്ടാള്‍ക്ക് ആഴമുള്ള കടവില്‍ ഇടക്കിടെ അപകടമുണ്ടാകുന്നതായും ഇതിനകം ആറ് മരണങ്ങള്‍ കടവില്‍ സംഭവിച്ചതായും സമീപവാസികള്‍ പറഞ്ഞു. മൃതദേഹങ്ങള്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

ഫഹദിന്റെ സഹോദരങ്ങള്‍: നഹിത, മാജിത, ഹാമിത്

 

Latest