Connect with us

International

അഴിമതി കേസുകളില്‍ നെതന്യാഹുവിന് മാപ്പ് നല്‍കൂ; ഇസ്‌റാഈലിനോട് ട്രംപ്

ഇസ്‌റാഈലിന് വേണ്ടി ഇത്രയേറെ കാര്യങ്ങള്‍ ചെയ്ത മഹാനായ നായകനാണ് നെതന്യാഹുവെന്നും ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍ | പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അഴിമതിക്കേസുകളിലെ വിചാരണ റദ്ദാക്കാന്‍ ഇസ്‌റാഈലിനോട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം. വിചാരണ റദ്ദാക്കിയില്ലെങ്കില്‍ നെതന്യാഹുവിന് മാപ്പ് നല്‍കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. കേസ് വേട്ടയാടലാണെന്ന് ട്രംപ് പറഞ്ഞു.

ഇസ്‌റാഈല്‍ അമേരിക്കയുടെ പ്രധാന സഖ്യകക്ഷികളില്‍ ഒരാളാണെന്നും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കി. രാജ്യത്തിന് വേണ്ടി ഇത്രയേറെ കാര്യങ്ങള്‍ ചെയ്ത മഹാനായ നായകന്‍ എന്ന നിലയില്‍ നെതന്യാഹുവിന് മാപ്പ് നല്‍കണം. തിങ്കളാഴ്ച നെതന്യാഹു കോടതിയില്‍ ഹാജരാകുമെന്നാണ് തനിക്ക് മനസ്സിലാകുന്നത്. രാജ്യത്തിന് വേണ്ടി ഇത്രയധികം കാര്യങ്ങള്‍ ചെയ്ത ഒരാള്‍ ഇത്തരത്തില്‍ വേട്ടയാടപ്പെടുന്നത് തനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. ഇസ്‌റാഈലിന്റെ ചരിത്രത്തിലെ ബീബി നെതന്യാഹുവിനെപ്പോലെ മറ്റൊരു പോരാളി ഇല്ലെന്നും ട്രംപ് അവകാശപ്പെട്ടു.

ഇസ്‌റാഈലി പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് മാത്രമാണ് നെതന്യാഹുവിന് മാപ്പ് നല്‍കാനുള്ള അധികാരമുള്ളത്. ഇറാനുമായുള്ള യുദ്ധത്തിനിടയില്‍ ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കോടതി നടപടികള്‍ നിര്‍ത്തി വെച്ചിരുന്നു. യുദ്ധം അവസാനിച്ച സാഹചര്യത്തില്‍ നെതന്യാഹുവിന്റെ ക്രോസ് വിസ്താരം പുനരാരംഭിക്കാനിരിക്കെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് രംഗത്തുവന്നത്.

മൂന്ന് അഴിമതിക്കേസുകളിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിചാരണ നേരിടുന്നത്.

---- facebook comment plugin here -----

Latest