From the print
ട്രംപ്- നെതന്യാഹു കൂടിക്കാഴ്ച ഇന്ന്; വെടിനിർത്തൽ നിർദേശം ചർച്ചയാകും
ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കണമെന്നും ഹമാസുമായി ബന്ദികളുടെ കൈമാറ്റത്തിൽ ധാരണയിലെത്തണമെന്നും ട്രംപ് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഇരുവരുടെയും കൂടിക്കാഴ്ചക്ക് ഏറെ പ്രാധാന്യമുണ്ട്.

വാഷിംഗ്ടൺ | യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് കൂടിക്കാഴ്ച നടത്തും. വൈറ്റ്ഹൗസിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തുക. ഇതിനായി നെതന്യാഹു ഇന്നലെ യു എസിലേക്ക് തിരിച്ചിരുന്നു. ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കണമെന്നും ഹമാസുമായി ബന്ദികളുടെ കൈമാറ്റത്തിൽ ധാരണയിലെത്തണമെന്നും ട്രംപ് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഇരുവരുടെയും കൂടിക്കാഴ്ചക്ക് ഏറെ പ്രാധാന്യമുണ്ട്.
ഗസ്സയിൽ 60 ദിവസത്തെ വെടിനിർത്തലിനുള്ള വ്യവസ്ഥകൾ ഇസ്‌റാഈൽ അംഗീകരിച്ചതായി കഴിഞ്ഞയാഴ്ച ട്രംപ് പറഞ്ഞിരുന്നു. ഏറ്റവും പുതിയ വെടിനിർത്തൽ ചർച്ചയെ കുറിച്ച്, മധ്യസ്ഥരായ ഖത്വറിനെയും ഈജിപ്തിനെയും അനുകൂല നിലപാടാണ് ഈ മാസം നാലിന് ഹമാസ് അറിയിച്ചത്. ഹ്രസ്വകാല വെടിനിർത്തലിന് പകരം ദീർഘകാല വെടിനിർത്തലിനെയാണ് ഹമാസ് പിന്തുണക്കുന്നത്. അങ്ങനെയെങ്കിൽ ബന്ദികളെ കൈമാറാൻ ഒരുക്കമാണെന്നും ഹമാസ് വ്യക്തമാക്കുന്നു. ഇസ്‌റാഈൽ, യു എസ് നിയന്ത്രണത്തിലുള്ള ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ പ്രവർത്തനം നിരോധിക്കുക, ഇസ്‌റാഈൽ സൈന്യത്തെ പൂർണമായി പിൻവലിക്കുക എന്നീ നിബന്ധനകളും ഹമാസ് മുന്നോട്ടുവെക്കുന്നു.
ഭരണത്തിലേറിയാൽ ഗസ്സയിലും യുക്രൈനിലും സമാധാനം പുനഃസ്ഥാപിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം ഇതുവരെയും നടപ്പായിട്ടില്ല. ട്രംപ് രണ്ടാമൂഴം അധികാരമേറ്റതിനു ശേഷം നെതന്യാഹുവുമായി നടക്കുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയാണ് ഇന്നത്തേത്.
വിചാരണ തടയാൻ
നെതന്യാഹുവിന്റെ യു എസ് സന്ദർശനത്തിനെതിരെ ഇസ്‌റാഈലിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. തനിക്കെതിരായ അഴിമതിക്കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകാൻ നോട്ടീസ് ലഭിച്ച തീയതികളിലാണ് നെതന്യാഹു വാഷിംഗ്ടണിലേക്ക് തിരിച്ചത്. ഇത് ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച തന്നെ കോടതിയിൽ നിന്ന് ഇളവ് സമ്പാദിച്ചിരുന്നു. വിചാരണ തടസ്സപ്പെടുത്താനുള്ള തന്ത്രമാണ് യു എസ് സന്ദർശനമെന്നാണ് വിമർശകർ പറയുന്നത്.
ഇറാനുമായുള്ള ഏറ്റുമുട്ടലിൽ വിജയം അവകാശപ്പെടുന്ന ട്രംപും നെതന്യാഹുവും ഇറാന്റെ ആണവ പരിപാടിയിൽ ഭാവി നിലപാടെന്തായിരിക്കണമെന്ന് ചർച്ച ചെയ്യും. ആണവായുധം വികസിപ്പിക്കാനുള്ള ശേഷി ഇറാന് നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ട്രംപ് ഇപ്പോൾ പറയുന്നത്.