Saudi Arabia
സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ സിറിയന്‍ പൗരന്റെ വധശിക്ഷ നടപ്പിലാക്കി
സുപ്രീം കോടതി വിധി ശരിവെച്ചതോടെ ശരിഅത്ത് നിയമം അനുസരിച്ച് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് വധശിക്ഷ നടപ്പിലാക്കിയത്.
റിയാദ് | സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ സിറിയന്‍ പൗരന്റെ വധശിക്ഷ നടപ്പിലാക്കി. വടക്കന്‍ പ്രവിശ്യയിലായിരുന്നു സംഭവം. തര്‍ക്കത്തെ തുടര്‍ന്ന് സഊദി പൗരനായ ഇബ്രാഹിം ബിന്‍ ഖാലിദ് ബിന്‍ മയൂഫ് അല്‍-റുവൈലിയെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സിറിയന്‍ പൗരനായ സദ്ദാം ഹുസൈന്‍ അല്‍-ഹുസൈറണ്‍ന്റെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു
കൊലപാതകം നടന്നയുടന്‍ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. അന്വേഷണത്തില്‍ പ്രതി കുറ്റകൃത്യം ചെയ്തതായി കണ്ടെത്തുകയും പ്രതിക്ക് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. സുപ്രീം കോടതി വിധി ശരിവെച്ചതോടെ ശരിഅത്ത് നിയമം അനുസരിച്ച് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് വധശിക്ഷ നടപ്പിലാക്കിയത്.





