First Gear
ഒരുലക്ഷം വില്പ്പന നാഴികക്കല്ല് പിന്നിട്ട് ടൊയോട്ട ഗ്ലാന്സയും അര്ബന് ക്രൂയിസറും
ഗ്ലാന്സ 65,000 യൂണിറ്റ് വില്പ്പനയും അര്ബന് ക്രൂയിസര് 35,000 യൂണിറ്റിലധികം മൊത്തവ്യാപാരവും രേഖപ്പെടുത്തി.
ന്യൂഡല്ഹി| ജാപ്പനീസ് വാഹന നിര്മ്മാതാക്കളായ ടൊയോട്ടയുടെ മാരുതി റീ ബാഡ്ജ് പതിപ്പുകളായ ഗ്ലാന്സ, അര്ബന് ക്രൂയിസര് എന്നീ കാറുകള് ഒന്നിച്ച് ഇന്ത്യയില് ഒരു ലക്ഷം യൂണിറ്റ് വില്പ്പന നാഴികക്കല്ല് പിന്നിട്ടതായി പ്രഖ്യാപിച്ചു. മാരുതിയില് നിന്നുള്ള റീ ബാഡ്ജ് പകതിപ്പുകളായ ഈ രണ്ട് കാറുകളും 2019 ന്റെ രണ്ടാം പകുതിയില് ആണ് ഇന്ത്യയില് അവതരിപ്പിച്ചത്.
ഗ്ലാന്സയ്ക്ക് 65,000 യൂണിറ്റ് വില്പ്പനയും അര്ബന് ക്രൂയിസര് 35,000 യൂണിറ്റിലധികം മൊത്തവ്യാപാരവും രേഖപ്പെടുത്തി എന്നാണ് റിപ്പോര്ട്ടുകള്. എക്സ്പ്രസ് മെയിന്റനന്സ് 60, ക്യു സേവനം, എക്സ്റ്റന്ഡഡ് വാറന്റി ആന്റ് സര്വീസ് പാക്കേജുകള് എന്നിങ്ങനെ പ്രത്യേകം രൂപകല്പന ചെയ്ത മൂല്യവര്ധിത സേവന പരിപാടികളോടെയാണ് ഈ മോഡലുകള് രാജ്യത്ത് വാഗ്ദാനം ചെയ്യുന്നത്. ഗ്ലാന്സ മാരുതി ബലേനോയുടെയും അര്ബന് ക്രൂയിസര് വിറ്റാര ബ്രെസയുടെയും റീബ്രാന്ഡഡ് പതിപ്പുകളാണ്.
2020-ലെ വില്പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള് ഗ്ലാന്സ 25 ശതമാനത്തില് അധികം വളര്ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
മാരുതിയുടെ ജനപ്രിയ മോഡല് ബലേനോയുടെ ടൊയോട്ട വേര്ഷനാണ് ഗ്ലാന്സ. 2019 ജൂണ് ആറിനായിരുന്നു വാഹനത്തിന്റെ വിപണിയിലെ അരങ്ങേറ്റം. ബിഎസ് 6ലുള്ള 1.2 ലിറ്റര് കെ12ബി പെട്രോള് എഞ്ചിനാണ് ഗ്ലാന്സയുടെ ഹൃദയം. ഇതിന് 83 ബിഎച്ച്പി പവറില് 113 എന്എം ടോര്ക്ക് ഉത്പാദിപ്പിക്കാന് കഴിയും. 1.2 ലിറ്റര് ഡ്യുവല്ജെറ്റ് ഹൈബ്രിഡ് പെട്രോള് എഞ്ചിനിലും ഗ്ലാന്സ എത്തും. 5 സ്പീഡ് മാനുവല്, സിവിടി ഗിയര്ബോക്സുകളാവും ട്രാന്സ്മിഷന്.
മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ റീ ബാഡ്ജ് പതിപ്പാണ് പുതിയ അര്ബന് ക്രൂയിസര്. 2020 ആദ്യമാണ് ടൊയോട്ട വാഹനത്തെ പുറത്തിറക്കിയത്. 1.5 ലിറ്റര് പെട്രോള് എഞ്ചിനാണ് ടൊയോട്ട അര്ബന് ക്രൂയിസറിന് കരുത്തേകുന്നത്. ഈ മോട്ടോര് 103 ബിഎച്ച്പി കരുത്തും 138 എന്എം ടോര്ക്കും പരമാവധി ഉത്പാദിപ്പിക്കും. 5 സ്പീഡ് മാനുവല്, 4 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്സ്മിഷന് ഓപ്ഷനുകള്.
ഇപ്പോള് ഹ്യുണ്ടായി ക്രെറ്റ, കിയ സെല്റ്റോസ് എന്നിവയെ നേരിടാന് ഒരു പുതിയ മിഡ്-സൈസ് എസ് യുവി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ടൊയോട്ടയും മാരുതി സുസുക്കിയും എന്നാണ് പുതിയ റിപ്പോര്ട്ടുകള്. പുതിയ ഉല്പ്പന്നം വികസിപ്പിക്കാന് ടൊയോട്ടയും മാരുതി സുസുക്കിയും ഒരു വര്ഷത്തിലേറെയായി ഒരുമിച്ച് പ്രവര്ത്തിക്കുന്നു. പുതിയ എസ് യുവി നിലവില് രണ്ട് നിര്മ്മാതാക്കളും സംയുക്തമായിട്ടാണ് വികസിപ്പിച്ചെടുക്കുന്നതെന്നാണ് വിവരം. ഗ്ലാന്സ എന്ന പേരില് ടൊയോട്ട വില്ക്കുന്ന മാരുതി ബലേനോയില് ഇതുവരെ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. അര്ബന് ക്രൂയിസര് എന്ന ബ്രെസയ്ക്കും ചെറിയ മാറ്റങ്ങള് മാത്രമേ ഉള്ളൂ.
വാഹനത്തിന്റെ ഡെവലപ്പ്മെന്റ് ചെലവ് ഏകദേശം 1,000 കോടി രൂപയോളമാണ്. രണ്ട് നിര്മ്മാതാക്കളും ഒരുമിച്ച് പ്രവര്ത്തിക്കുന്ന ആദ്യത്തെ പദ്ധതിയാണിത്. ടൊയോട്ടയുടെ കര്ണാടക പ്ലാന്റില് നിര്മ്മിക്കുന്ന ഈ വാഹനം ഇന്ത്യയിലെ മാരുതി സുസുക്കി ഡീലര്ഷിപ്പുകളിലൂടെയും ടൊയോട്ട ഡീലര്ഷിപ്പുകളിലൂടെയും വില്പ്പനയ്ക്കെത്തുമെന്നാണ് റിപ്പോര്ട്ടുകള്.



