Connect with us

international women's day

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം: സംസ്ഥാനത്ത് വിവിധ പരിപാടികൾ

അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വനിതാരത്ന പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Published

|

Last Updated

തിരുവനന്തപുരം | അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് സംസ്ഥാനത്തും വിവിധ പരിപാടികളുണ്ടാകും. സർക്കാറിൻ്റെയും ജില്ലാ ഭരണകൂടങ്ങളുടെയും മറ്റ് കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് വ്യത്യസ്തങ്ങളായ പരിപാടികൾ അരങ്ങേറുക. ”ഡിജിറ്റ് ഓള്‍: നവീനതയും സാങ്കേതിക വിദ്യയും ലിംഗസമത്വത്തിന്” എന്നതാണ് ഇത്തവണത്തെ വനിതാ ദിനത്തിന് ഐക്യരാഷ്ട്രസഭ മുന്നോട്ടു വെക്കുന്ന മുദ്രാവാക്യം. സാങ്കേതിക വിദ്യ അതിവേഗം ബഹുദൂരത്തില്‍ മുന്നോട്ടു പോകുന്ന ഈ കാലയളവില്‍ ലിംഗപരമായ സാമൂഹിക അസമത്വത്തെ എത്തരത്തില്‍ മറികടക്കാമെന്നും, സാങ്കേതിക മേഖലയില്‍ തന്നെ ലിംഗവിവേചനം എത്രത്തോളം നിലനില്‍ക്കുന്നു എന്നും ഉള്ള ചര്‍ച്ച ഉയര്‍ത്തുകയാണ് ഈ മുദ്രാവാക്യം വഴി ഉദ്ദേശിക്കുന്നതെന്ന് കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.

ശാസ്ത്രം വളര്‍ന്ന് മനുഷ്യസമാനമായ ചിന്താശേഷിയുള്ള, ക്രിയാത്മകമായ മെഷീനുകളുടെ ആവിര്‍ഭാവത്തിലേക്ക് എത്തിയിരിക്കുകയാണ്. എ ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വ്യാപകമാകാന്‍ അധികകാലം വേണ്ടിവരില്ലെന്നാണ് സമീപകാലത്ത് സാങ്കേതിക മേഖലയിലെ ഗവേഷണങ്ങളുടെ ഗതി നോക്കുമ്പോള്‍ മനസിലാകുന്നത്. എന്നാല്‍ ഈ വളര്‍ച്ച, സമൂഹത്തിന്റെ സര്‍വമേഖലക്കും ഗുണപരമായ മാറ്റമാണോ കൊണ്ടുവരുന്നത് എന്നതും എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നതും വലിയ ചര്‍ച്ചയ്ക്ക് വിഷയമാക്കേണ്ടതു തന്നെയാണ്. സാങ്കേതിക മേഖലയില്‍ സ്ത്രീകള്‍ക്ക് നിസ്തുലമായ പങ്കുണ്ട്. അവര്‍ പലപ്പോഴും സാങ്കേതികവിദ്യക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് കൊണ്ടുവരുന്നു. സാങ്കേതികവിദ്യയെ കൂടുതല്‍ ഉപയോക്തൃ സൗഹൃദമാക്കാന്‍ അവര്‍ക്ക് സഹായിക്കാനാകും. കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ സാങ്കേതിക രംഗത്തേക്ക് കടന്നുവരേണ്ടിയിരിക്കുന്നു. അതിന്റെ വിജയത്തില്‍ സ്ത്രീകള്‍ ഒരു പ്രധാന പങ്ക് വഹിക്കുമെന്നും സതീദേവി പറഞ്ഞു.

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ‘സമം’ സാംസ്‌കാരിക വിദ്യാഭ്യാസ പദ്ധതിയുമായി സാംസ്‌കാരിക വകുപ്പ് രംഗത്തെത്തി. പദ്ധതിയുടെ ഭാഗമായി ഇന്ന് തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ രാവിലെ 10 മുതല്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു, മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് കെ എസ് എഫ് ഡി സി നിര്‍മിച്ച് ശിവരഞ്ജിനി ജെ സംവിധാനം ചെയ്യുന്ന ‘വിക്ടോറിയ’ എന്ന ചിത്രത്തിന്റെ നിര്‍മാണ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ സ്വിച്ച് ഓണ്‍ ചെയ്ത് നിര്‍വഹിക്കും. ചലച്ചിത്ര പിന്നണി ഗായിക കെ എസ് ചിത്ര ക്ലാപ്പ് നല്‍കും. നൃത്തശില്പങ്ങള്‍, ഗാനാവതരണം, നാടകം, ഏകാംഗ നാടകം, ഡോക്യുമെന്ററി പ്രദര്‍ശനം, ഓപ്പണ്‍ ഫോറം തുടങ്ങിയ പരിപാടികള്‍ അരങ്ങേറും.

ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വനിതാരത്ന പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ് ആണ് ഇന്നലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. കായിക മേഖലയില്‍ കെ സി ലേഖ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതാ വിഭാഗത്തില്‍ നിലമ്പൂര്‍ ആഇശ, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തില്‍ ലക്ഷ്മി എന്‍ മേനോന്‍, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിതയായി കോട്ടയം ഗവ. മെഡിക്കല്‍ കോളജ്, സര്‍ജിക്കല്‍ ഗാസ്ട്രോ എന്‍ട്രോളജി വിഭാഗം അസ്സോസിയേറ്റ് പ്രൊഫ. ഡോ. ആര്‍ എസ് സിന്ധു എന്നിവരെ തിരഞ്ഞെടുത്തു.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളില്‍ സ്ത്രീകള്‍ക്കായി പരിപാടികളും മെഡിക്കല്‍ ക്യാംപുകളും ഒരുക്കും. മെട്രോ യാത്രക്കാരായ സ്ത്രീകള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി നാല് മെട്രോ സ്റ്റേഷനുകളില്‍ നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ വനിതാ ദിനത്തില്‍ ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി, കലൂര്‍, മഹാരാജാസ്, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിലാണ് ഈ സേവനം ലഭിക്കുക. ഈ വെന്‍ഡിംഗ് മെഷീനുകളില്‍ നിന്ന് സ്ത്രീകള്‍ക്ക് സൗജന്യമായി നാപ്കിനുകള്‍ ലഭിക്കും. കലൂര്‍ മെട്രോ സ്റ്റേഷനില്‍ ഉച്ചക്ക് 12.15ന് കെഎംആര്‍എല്‍ എംഡി ശ്രീ. ലോക്‌നാഥ് ബെഹ്‌റ നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ ഉദ്ഘാടനം ചെയ്യും. നെക്‌സോറ അക്കാദമിയുമായി ചേര്‍ന്നാണ് കൊച്ചി മെട്രോ ഈ സൗകര്യം ഒരുക്കുക. കംപ്യൂട്ടറിന്റെ സി പി യു പോലുള്ള ഇലക്ട്രോണിക് വേസ്റ്റുകളും റീസൈക്കിള്‍ ചെയ്ത അലൂമിനിയം, പ്ലാസ്റ്റിക്ക് വേസ്റ്റുകളും ഉപയോഗിച്ച് നെക്‌സോറ അക്കാദമിയിലെ വിദ്യാര്‍ഥികളാണ് ചെലവ് കുറഞ്ഞ നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ നിര്‍മിച്ചത്.

ഇന്ന് ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വനിതകള്‍ക്ക് ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സൗജന്യ പ്രവേശനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി പാര്‍ക്ക്, ഹില്‍വ്യൂ പാര്‍ക്ക്, വാഗമണ്‍ മൊട്ടക്കുന്ന്, വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്ക്, രാമക്കല്‍മേട് , പാഞ്ചലിമേട് , ശ്രീനാരായണപുരം റിപ്പിള്‍ വാട്ടര്‍ഫാള്‍സ്, അണക്കര അരുവിക്കുഴി പാര്‍ക്ക്, മൂന്നാര്‍ ബോട്ടാനിക്കല്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് വനിതകള്‍ക്ക് സൗജന്യം. സ്ത്രീ സൗഹൃദ വിനോദ സഞ്ചാരം പോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി എന്ന് ഡി ടി പി സി സെക്രട്ടറി അറിയിച്ചു