Business
എ ഐ ചിപ്പുകൾ വികസിപ്പിക്കാൻ ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസ്; സാംസങുമായി ചർച്ച
നിർമ്മിത ബുദ്ധി (AI) പ്രോസസ്സർ വിപണിയിൽ 90 ശതമാനത്തിലധികം ആധിപത്യമുള്ള എൻവിഡിയയോട് മത്സരിക്കാനാണ് ബൈറ്റ്ഡാൻസിന്റെ നീക്കം
ബീജിംഗ് | ജനപ്രിയ ഹ്രസ്വ വീഡിയോ ആപ്പായ ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസ് സ്വന്തമായി എ ഐ. ചിപ്പുകൾ വികസിപ്പിക്കുന്നു. നിർമ്മിത ബുദ്ധി (AI) പ്രോസസ്സർ വിപണിയിൽ 90 ശതമാനത്തിലധികം ആധിപത്യമുള്ള എൻവിഡിയയോട് മത്സരിക്കാനാണ് ബൈറ്റ്ഡാൻസിന്റെ നീക്കം. ചിപ്പ് നിർമ്മാണത്തിനായി ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് ഇലക്ട്രോണിക്സുമായി ബൈറ്റ്ഡാൻസ് ചർച്ചകൾ തുടങ്ങിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഈ വർഷം അവസാനത്തോടെ ഒരു ലക്ഷത്തോളം ചിപ്പുകൾ നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വരും വർഷങ്ങളിൽ ഇത് 3.5 ലക്ഷമായി ഉയർത്താനും പദ്ധതിയുണ്ട്. ആഗോളതലത്തിൽ എ ഐ. ഇൻഫ്രാസ്ട്രക്ചർ വർദ്ധിക്കുന്നതിനാലുണ്ടാകുന്ന മെമ്മറി ചിപ്പുകളുടെ ക്ഷാമം സാംസങ്ങുമായുള്ള കരാറിലൂടെ പരിഹരിക്കാൻ ബൈറ്റ്ഡാൻസിന് സാധിക്കും. ‘സീഡ് ചിപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ സ്വന്തം ക്ലൗഡ് സേവനങ്ങൾ, ഇ-കൊമേഴ്സ്, വീഡിയോ പ്ലാറ്റ്‌ഫോമുകൾ എന്നിവ കൂടുതൽ കരുത്തുറ്റതാക്കാനാണ് കമ്പനി ശ്രമിക്കുന്നത്.
എൻവിഡിയയുടെ ചിപ്പുകളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള കമ്പനികൾ നേരത്തെ തന്നെ സ്വന്തം ചിപ്പുകൾ വികസിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെയും കടന്നുവരവ്. ചൈനയിലേക്കുള്ള അമേരിക്കയുടെ ചിപ്പ് കയറ്റുമതി നിയന്ത്രണങ്ങളും ഇത്തരം തദ്ദേശീയ പരീക്ഷണങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ബൈറ്റ്ഡാൻസിന് പുറമെ ചൈനീസ് കമ്പനികളായ അലിബാബയും ബൈഡുവും ഇതിനോടകം തന്നെ സ്വന്തം എ ഐ. ചിപ്പുകൾ വിപണിയിലിറക്കിയിട്ടുണ്ട്.





