Kerala
ശുപാര്‍ശയില്‍പ്പെടാത്തവര്‍ പട്ടികയില്‍ കടന്നുകൂടി; ഐ പി എസ് നിയമനത്തില്‍ പരാതിയുമായി ഡി ജി പി
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് ഡി ജി പി പരാതി ധരിപ്പിക്കും
തിരുവനന്തപുരം | യു ഡി എഫ് സര്‍ക്കാര്‍ നടത്തിയ ഐ പി എസ് ഉദ്യോഗസ്ഥരുടെ നിയമനങ്ങളില്‍ അതൃപ്തിയുമായി ഡി ജി പി. പോലീസ് ആസ്ഥാനത്ത് നിന്നുളള ശുപാര്‍ശയില്‍പ്പെടാത്തവര്‍ പട്ടികയില്‍ കടന്നുകൂടിയതിലാണ് പരാതി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് ഡി ജി പി പരാതി ധരിപ്പിക്കും. ഇടത് സര്‍ക്കാര്‍ അപ്രധാന സ്ഥാനങ്ങള്‍ നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ണായക സ്ഥാനങ്ങളില്‍ നിയമനം നല്‍കിക്കൊണ്ടായിരുന്നു യു ഡി എഫ് സര്‍ക്കാരിന്റെ നടപടി.
സ്ഥലംമാറ്റത്തില്‍ ഐ പി എസ് തലപ്പത്തുള്ള നീരസം ഡി ജി പി പോലീസ് ഉപദേഷ്ടാവിനെ അറിയിച്ചു. മികച്ച ട്രാക് റിക്കോര്‍ഡ് ഇല്ലാത്ത പലരും ജില്ലാ എസ് പിമാരായെത്തി. വടക്കന്‍ മേഖലയില്‍ ഐ ജിയെ നിയമിച്ചില്ല. തെക്കന്‍ മേഖലയില്‍ വര്‍ഷങ്ങളായി ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥനെ തൊട്ടില്ല എന്നെല്ലാമാണ് പരാതികള്‍.
കോഴിക്കോട് കമ്മീഷണറുടെ നിയമനത്തിലും വിമര്‍ശനം ഉയര്‍ന്നു. സീനിയറായ ഡി സി പിക്ക് മുകളിലായി ജൂനിയറായ ഉദ്യോഗസ്ഥനെ കമ്മീഷണറാക്കി എന്നാണ് പരാതി. കോഴിക്കോട് റൂറല്‍, വയനാട് ഉള്‍പ്പെടെ ജൂനിയര്‍ ഐ പി എസുകാര്‍ക്ക് നിയമനം നല്‍കി. നല്ല സര്‍വ്വീസ് റെക്കോഡില്ലാത്ത ഉദ്യോഗസ്ഥരും ജില്ലാ എസ്പിമാരായി എന്നെല്ലാം പരാതികള്‍ ഉയര്‍ന്നു.
വയനാട്, കോഴിക്കോട്, തിരുവനന്തപുരം റൂറലുകളില്‍ ജൂനിയര്‍ എസ്പിമാരെ നിയോഗിച്ച് മൂന്നുമാസത്തിനകംമാറ്റി. കോട്ടയം അടക്കം മാറ്റിയ എസ് പിമാര്‍ക്ക്പകരം നിയമനം നല്‍കിയിട്ടില്ല. എ ഡി ജി പി തലം മുതല്‍ എസ്പിമാര്‍ വരെയുള്ള 30 മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ ദിവസം സ്ഥലം മാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. സ്ഥലമാറ്റത്തില്‍ അസൗകര്യം അറിയിച്ച് ഡി ഐ ജിമാര്‍ തൃശൂര്‍ റെയ്ഞ്ചിലേക്ക് മാറ്റിയ കാര്‍ത്തിക്കും കണ്ണൂര്‍ റെയ്ഞ്ചിലേക്ക് മാറ്റിയ നാരായണനുമാണ് അസൗകര്യം അറിയിച്ചത്.







