Connect with us

prathivaram coverstory

ഹിറ്റ്‌ലറെ വിറപ്പിച്ച ആ മലയാളി ശബ്ദങ്ങൾ

ജർമൻ ഏകാധിപതിയും നാസി ഭീകരനുമായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ നെഞ്ചിലേക്ക് വാക്്ശരങ്ങൾ എയ്ത അപൂർവ ധൈര്യശാലികളായ രണ്ട് കേരളപുത്രന്മാരെക്കുറിച്ചുള്ള അത്ഭുതാവഹവും വികാരഭരിതവുമായ ചരിത്രത്തിലേക്ക് ഒരന്വേഷണം...

Published

|

Last Updated

നുഷ്യത്വം എന്നത് മണ്ടത്തരത്തിന്റെയും ഭീരുത്വത്തിന്റെയും പ്രകടനമാണെന്ന, അഡോൾഫ് ഹിറ്റ്്ലർ എല്ലായ്‌പ്പോഴും ഉയർത്തിപ്പിടിച്ച ആപ്‌തവാക്യത്തിലെ വൈരുധ്യം അയാൾ ജനവിരുദ്ധനും പേടിത്തൊണ്ടനുമായിരുന്നുവെന്നതാണ്‌. ഒന്നാം ലോകയുദ്ധത്തിന് മുമ്പ് ജന്മനാടായ ഓസ്ട്രിയയിൽ നിർബന്ധിത സൈനികസേവനത്തിൽനിന്ന്‌ ഒഴിയാൻ ജർമനിയിലേക്ക് മാറി. പിന്നീട്‌ പിടികൂടി അതിന്റെ ഭാഗമാക്കി. ചില സഹസൈനികർ നൽകിയ “പിൻഭാഗത്തെ പന്നി’ എന്ന വിശേഷണം സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങൾ നിരസിച്ചതിൽ അന്വർഥം. പലപ്പോഴും ട്രെഞ്ചുകളിൽ കൂടുതൽ ഒതുങ്ങിക്കൂടി. സോവിയറ്റ്‌ ചെമ്പടയുടെ മുന്നേറ്റം മനസ്സിലാക്കി വിജയവും സുനിശ്‌ചിതമായെന്ന്‌ തിരിച്ചറിഞ്ഞ ഘട്ടത്തിൽ, പ്രവൃത്തികളുടെ അനന്തരഫലങ്ങളെ തുടർന്നുള്ള അറസ്റ്റ്, വിചാരണ, ശിക്ഷ എന്നിവ അഭിമുഖീകരിക്കാനാവാതെയാണ്‌ 1945 ഏപ്രിൽ 30ന് ബെർലിനിലെ രഹസ്യ താവളമായ റീച്ച് ചാൻസലറി ഉദ്യാനത്തിന് താഴത്തെ ഭൂഗർഭ ഫ്യൂറർബങ്കർ സമുച്ചയത്തിലെ സ്വകാര്യ പഠനമുറിയിൽ സയനൈഡ് ഗുളികകൾ വിഴുങ്ങി കൈവശമുണ്ടായ വാൾതർ പിപികെ 7.65 എം എം സ്വന്തം പിസ്റ്റളിൽനിന്ന്‌ തലയിലേക്ക്‌ സ്വയം വെടിയുണ്ട പായിച്ച്‌ ആത്മഹത്യ ചെയ്തത്‌. 55 അടി താഴെ സ്ഥിതിചെയ്യുന്ന ഷെൽട്ടറിൽ 18 മുറികളുണ്ടായിരുന്നു. വെള്ളവും വൈദ്യുതിയുമുള്ളതിനാൽ പൂർണമായും സ്വയംപര്യാപ്‌തം.

കൂടുതൽ നിർവികാരനായിക്കൊണ്ടിരുന്നെങ്കിലും ഹിറ്റ്‌ലർ ഉത്തരവുകൾ നൽകുകയും ഹെർമൻ ഗോറിംഗ്, ഹെൻറിച്ച് ഹിംലർ, ജോസഫ് ഗീബൽസ് തുടങ്ങിയ അടുത്ത നാസി പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ആത്മഹത്യക്ക്് ഒരു ദിവസം മുമ്പ് ദീർഘകാല കാമുകി ഇവാ ബ്രൗണിനെ വിവാഹം കഴിച്ചു. അവസാന വിൽപത്രത്തിൽ അഡ്മിറൽ കാൾ ഡോണിറ്റ്‌സിനെ രാഷ്ട്രത്തലവനായും ഗീബൽസിനെ ചാൻസലറായും നിയമിക്കുകയുമുണ്ടായി. ബ്രൗണിനൊപ്പം സ്വകാര്യ വസതിയിലേക്ക് പോയി ഇരുവരും സയനൈഡ്‌ വിഴുങ്ങുകയും നായ്ക്കൾക്ക്‌ വിഷംനൽകി കൊല്ലുകയും ചെയ്‌തു. ബെനിറ്റോ മുസോളിനിയെപ്പോലെ ജഡം പരസ്യമായി അപമാനിക്കപ്പെടാതിരിക്കാൻ തന്റെ ശരീരത്തിന്‌ തീകൊളുത്താനും ആഗ്രഹിച്ചിരുന്നുവത്രെ. ഒറ്റവാക്കിൽ പറഞ്ഞാൽ തെറ്റാണെന്ന് എനിക്കറിയാവുന്ന കാര്യങ്ങൾ ചെയ്യാതിരിക്കാൻ ഞാൻ വളരെ ഭീരുവായിരുന്നതുപോലെ, ശരിയാണെന്ന് എനിക്കറിയാമായിരുന്ന കാര്യങ്ങൾ ചെയ്യാനും ഞാൻ വളരെ ഭീരുവായിരുന്നുവെന്ന്‌ – ചാൾസ് ഡിക്കൻസ് ‘മഹത്തായ പ്രതീക്ഷകൾ’ (ഗ്രേറ്റ് എക്‌സ്‌പെക്റ്റേഷൻസ് -1861 ) നോവലിൽ കുറിച്ചിട്ടുണ്ട്‌.

ഭീരുത്വത്തിലധിഷ്ഠിതമാണ് മിക്ക നാഗരികതകളും. ഭീരുത്വം പഠിപ്പിച്ച്‌ നാഗരികത കൈവരിക്കാൻ ഏറെ എളുപ്പം. ധൈര്യത്തിലേക്ക് നയിക്കുന്ന മാനദണ്ഡങ്ങളിൽ നിങ്ങൾ വെള്ളംചേർക്കുകയും ഇച്ഛാശക്തിയെയും വിശപ്പിനെയും നിയന്ത്രിക്കുകയും ചെയ്യുന്നു. ചക്രവാളങ്ങളിൽ വേലികെട്ടുന്നുമുണ്ട്‌. ഓരോ ചലനത്തിനും നിയമം നിർമിക്കും. കുഴപ്പങ്ങളുടെ നിലനിൽപ്പിനെ നിഷേധിക്കുന്നു. കുട്ടികളെ പോലും പതുക്കെ ശ്വസിക്കാൻ പഠിപ്പിച്ച്‌ നിങ്ങൾ മെരുക്കുകയുമാണെന്നത്‌ – ഫ്രാങ്ക് ഹെർബർട്ടിന്റെ ഗോഡ് എംപറർ ഓഫ് ഡ്യൂണിൽനിന്നുള്ള സംഭാഷണ ശകലമാണ്‌.

നിനക്ക് ശത്രുക്കളില്ലെന്നാണോ പറയുന്നത്? അയ്യോ സുഹൃത്തേ, പൊങ്ങച്ചം ദരിദ്രമാണ്. ധീരന്മാർ സഹിക്കുന്ന കർത്തവ്യ പോരാട്ടത്തിൽ ഇടപെട്ടവൻ ശത്രുക്കളെ ഉണ്ടാക്കിയിരിക്കണം. നിങ്ങൾക്കതില്ലെങ്കിൽ ചെയ്ത പ്രവൃത്തി ചെറുതാണ്. ഒരു രാജ്യദ്രോഹിയുടെയും അരക്കെട്ടിൽ അടിച്ചിട്ടില്ല നിങ്ങൾ. കള്ളം പറഞ്ഞ ചുണ്ടിൽനിന്ന് ഒരു പാനപാത്രവും അടിച്ചിട്ടില്ല. ഒരിക്കലും തെറ്റിനെ ശരിയിലേക്ക് മാറ്റിയിട്ടില്ല. എങ്കിൽ പോരാട്ടത്തിൽ നിങ്ങൾ ഭീരുവായിരുന്നുവെന്ന – ബ്രിട്ടീഷ്‌ ചിത്രകാരൻ ചാൾസ് പിയേഴ്‌സ് മക്കേസിയുടെ ആന്തരിക പ്രചോദനം ഉൾക്കൊണ്ട പല പോരാളികളും ചരിത്രത്തിലെമ്പാടുമുണ്ടായിട്ടുണ്ട്‌. ചില മലയാളികളും ആ അർഥത്തിൽ ആവേശം വിതച്ചുവെന്നത്‌ അഭിമാനകരമാണ്‌. സ്വാതന്ത്ര്യത്തിനു മുമ്പേ ജയ് ഹിന്ദ് എന്ന അഭിവാദനം ആവിഷ്കരിച്ച, ഹിറ്റ്്ലറെ മാപ്പുപറയിച്ച ഡോ. ചെമ്പകരാമൻ പിള്ളയാണ്‌ ജ്വലിക്കുന്ന ആ പാരമ്പര്യത്തിലെ ആദ്യ സൂര്യൻ. കന്യാകുമാരിയിലെ നഞ്ചിൽനാടുനിന്നുള്ള ചിന്നസ്വാമി പിള്ളയുടെയും നാഗമ്മാളിന്റെയും മകനായി 1891 സെപ്‌തംബർ 15ന് തിരുവനന്തപുരത്തായിരുന്നു ജനനം. സ്കൂളിൽ വിദ്യാർഥിയായിരിക്കെ ബാലഗംഗാധര തിലകൻ മനസ്സും ഹൃദയവും കീഴടക്കി.

ബ്രിട്ടീഷ്‌ വിരുദ്ധാശയങ്ങൾ പ്രചരിപ്പിക്കാനും ദേശീയാഭിമാനം ജ്വലിപ്പിക്കാനും ഗോപാൽ ഗണേഷ് അഗാർക്കർ, മഹാദേവ് ബല്ലാൽ ചിപ്ലുങ്കർ എന്നിവർക്കൊപ്പം പ്രസീദ്ധീകരണത്തിന് അദ്ദേഹം തുടക്കമിടുകയുണ്ടായി.
പശ്ചിമഘട്ട മേഖലയിൽ അപൂർവമായ പൂമ്പാറ്റകളെ കുറിച്ച് പഠിക്കാൻ അക്കാലത്ത് ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞൻ സർ വാൾട്ടർ സ്‌ട്രിക്ലാൻഡ് തിരുവനന്തപുരത്ത് വരികയുണ്ടായി. ചിലന്തികളുടെ നിറം മാറ്റാനുള്ള കഴിവ്‌ സംബന്ധിച്ച്‌ പ്രശസ്ത ശാസ്‌ത്ര മാഗസിനിൽ കുറിപ്പ്‌ എഴുതിയ ടി പദ്മനാഭ പിള്ളയെന്ന വിദ്യാർഥിയെ അദ്ദേഹം പരിചയപ്പെട്ടു. കണ്ടെത്തലിൽ അത്ഭുതംകൂറി ആ പതിനെട്ടുകാരനെ ഉപരിപഠനത്തിന്‌ യൂറോപ്പിലേക്ക് വിളിക്കാനുറച്ചു. ഒപ്പം അടുത്ത ബന്ധുവും അയൽവാസിയുമായ ചെമ്പക രാമനെയും ക്ഷണിക്കുകയുണ്ടായി.

1908 സെപ്‌തംബർ 22ന് കപ്പലിൽ ജർമനിയിലേക്ക് തിരിച്ചു. പദ്മനാഭൻ ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത്‌ യാത്ര അവസാനിപ്പിച്ച് മടങ്ങി. ചെമ്പകരാമൻ യൂറോപ്പിലേക്ക്‌ എത്തിയത്‌ ജീവിതം മാറ്റിമറിച്ചു. ആദ്യം ഇറങ്ങിയത്‌ ഇറ്റലിയിൽ. പിന്നീട്‌ ബെർലിൻ സ്കൂൾ ഓഫ് ലാംഗ്വേജസിൽ പഠിക്കാൻ അവസരം ലഭിച്ചു. ശേഷം സ്വിറ്റ്സർലൻഡിൽ വിദ്യാഭ്യാസം തുടർന്ന അദ്ദേഹം ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ തുടങ്ങി ഡസനിലേറെ ഭാഷകൾ സ്വായത്തമാക്കി. 1910 ഒക്ടോബർ മുതൽ 1914 വരെ സ്വിറ്റ്സർലാൻഡിലെ സൂറിച്ചിൽ ഇ ടി എച്ച്‌ എൻജിനീയറിംഗിൽ ഡിപ്ലോമ കോഴ്‌സിൽ ചേർന്നു. സാമ്പത്തികശാസ്‌ത്രത്തിലും എൻജിനീയറിംഗിലും ഇരട്ട ഡോക്ടറേറ്റ് നേടി ജർമൻ വിദേശകാര്യ ഓഫീസിൽ ഉദ്യോഗസ്ഥനുമായി.

െബർലിൻ പഠന വേളയിൽ പിള്ള ഇന്ത്യൻ വിമോചനത്തിനായുള്ള പ്രചാരണ പ്രവർത്തനങ്ങളിൽ മുഴുകി. അധികം വൈകാതെ ഒന്നാം ലോക യുദ്ധത്തിന്റെ വെടിമുഴക്കം. എംബസി പിന്തുണയിൽ 1914 സെപ്‌തംബറിൽ സൂറിച്ചിൽ അന്താരാഷ്ട്ര പ്രോ-ഇന്ത്യ കമ്മിറ്റിക്ക്് രൂപംകൊടുത്ത്‌ അതിന്റെ അധ്യക്ഷനുമായി. സ്വാതന്ത്ര്യ സമ്പാദനത്തിനായുള്ള ഒടുങ്ങാത്ത ആഗ്രഹം വിദേശത്തുള്ള വിപ്ലവകാരികളിൽ തിരതല്ലുന്നത്‌ തിരിച്ചറിഞ്ഞു. വീരേന്ദ്രനാഥ് ചതോപാധ്യായയുടെ നേതൃത്വത്തിൽ ഭൂപേന്ദ്രനാഥ് ദത്ത, പുന്നക്കൽ എ രാമൻ പിള്ള, താരക്നാഥ് ദാസ്, ബർക്കത്തുല്ല, ചന്ദ്രകാന്ത് ചക്രവർത്തി, എം പ്രഭാകർ, ബിരേന്ദ്ര സർക്കാർ, ഹെരാംബലാൽ ഗുപ്ത എന്നിവർ അംഗങ്ങളായി ഇന്ത്യൻ അന്താരാഷ്ട്ര സമിതി രൂപവത്കരിച്ചത്‌ പുതിയ ചുവട്‌. 1914 ഒക്ടോബറിൽ ചെമ്പകരാമനും അതിന്റെ ഭാഗമായി മാറി.

ആംസ്റ്റർഡാം, സ്റ്റോക്ക്ഹോം, വാഷിംഗ്്ടൺ തുടങ്ങിയ നഗരങ്ങളിലും അനുബന്ധങ്ങളുണ്ടായി. ബെർലിൻ കമ്മിറ്റി രൂപവത്കരണശേഷം ഗദർ പാർടിയുടെ ലാല ഹർദയാലിനെയും ഉൾപ്പെടുത്തി. ചെമ്പകരാമന്റെ ധിഷണ, സംഘാടക മികവ്‌, ധീരത, അക്കാദമിക ഔന്നത്യം എന്നിവ കൈസർ വില്യം രണ്ടാമന്റെ പ്രശംസ നേടുകയും ചെയ്‌തു. യൂറോപ്പിൽ നിന്നുള്ള വിമോചന പ്രസ്ഥാനത്തിനുവേണ്ടി പോരാടുന്നതിനു പുറമേ 1915ല്‍ പിള്ള അഫ്ഗാനിസ്ഥാൻ അമീറുമായി ബന്ധപ്പെട്ട്‌ കാബൂളിൽ പ്രൊവിഷണല്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ സ്ഥാപിച്ച്‌ വിദേശ മന്ത്രിയുമായി. സൂറിച്ചിൽ നിന്നും ‘പ്രോ ഇന്ത്യ’ പത്രം ആരംഭിച്ചു. 1914 സെപ്‌തംബർ 22ന്‌ ക്യാപ്റ്റൻ കാൾ വോൺ മുള്ളറുടെ നേതൃത്വത്തിൽ എസ് എം എസ് എംഡൻ ജർമൻ യുദ്ധക്കപ്പൽ ബ്രിട്ടീഷ് സൗകര്യങ്ങളിൽ ബോംബാക്രമണം നടത്തി തിരികെപ്പോയി. ആ മുങ്ങിക്കപ്പലിൽ പിള്ളയും ഉണ്ടായിരുന്നു.

പക്ഷേ ഒന്നാം ലോക യുദ്ധത്തില്‍ ജർമനിക്കേറ്റ തിരിച്ചടി പോരാളികളെ നിരാശയിലാഴ്‌ത്തി. ബ്രിട്ടീഷ്‌ സമ്മർദത്തെ തുടർന്ന്‌ 1919ല്‍ ചെന്പക രാമനെ കാബൂളിൽ നിന്ന് പുറത്താക്കിയത്‌ വീണ്ടും ബെർലിനിലെത്തിച്ചു. ഇന്ത്യൻ നാഷനൽ വൊളണ്ടിയർ കോർപ്സ് സ്ഥാപിച്ച അദ്ദേഹം 1919 ൽ വിയന്നയിൽ സുഭാഷ്‌ ചന്ദ്രബോസിനെ സന്ദർശിച്ച്‌ മാതൃരാജ്യത്തിന്റെ മോചനത്തിനുള്ള പരിപാടി ബോധ്യപ്പെടുത്തി. ഹിറ്റ്‌ലർ ഭരണം പിടിച്ചാൽ ബ്രിട്ടീഷ് ആധിപത്യത്തിന് അന്ത്യമാകുമെന്ന പ്രതീക്ഷയിൽ അയാളുമായി ചങ്ങാത്തം സ്ഥാപിച്ചു. ഹിൻഡൻബർഗ്, ലുഡെൻഡോർഫ് എന്നീ പ്രധാന ജനറൽമാരുമായും അടുത്ത സൗഹൃദം. 1930 തൊട്ട്‌ ഹിറ്റ്്ലറുടെ നിലപാടുകളിലും വാക്കുകളിലും അപകടം മണത്തു. ഇന്ത്യ ബ്രിട്ടീഷ് ചവിട്ടടിയിൽ അമർന്നതിന്റെ കാരണം അനാര്യന്മാര്‍ ആയതിനാലാണെന്നും അതിനാൽ അധികാരം കൈയാളാനുള്ള അവകാശം ഇല്ലെന്നുമുള്ള 1931 ആഗസ്റ്റ് 10 ന്റെ പത്രസമ്മേളനത്തിലെ വെളിപ്പെടുത്തൽ ചെമ്പകരാമന്‌ പ്രകോപനമായി.

തുടർന്ന്‌ ഹിറ്റ്്ലർക്ക് കത്തയച്ചത്‌, “ചോരയേക്കാൾ ത്വക്കിന്റെ വർണത്തിലാണ്‌ താങ്കളുടെ പ്രാമുഖ്യം. ഞങ്ങളുടെ തൊലി ഇരുണ്ടതാവാം; ഹൃദയങ്ങളല്ല’ എന്നാണ്‌. വംശീയവാദം പിൻവലിക്കാനും ക്ഷമചോദിക്കാനും ഹിറ്റ്്ലർക്ക് പിള്ള മൂന്ന് ദിവസം അനുവദിച്ചു. നിശ്ചയിച്ച സമയപരിധിക്ക് ഒരു ദിവസത്തിനുശേഷം അയാൾ ഖേദം അറിയിച്ചെങ്കിലും ബന്ധം പൂർണമായും ശിഥിലമായി. 1933 ജനുവരി 30 ന്‌ ചാന്‍സലറായതോടെ ഹിറ്റ്‌ലറിൽ അധികാരഭ്രാന്ത്‌ കൊടുമുടിയിലെത്തി. മാസങ്ങൾക്കകം പിള്ളയുടെ വസതി റെയ്ഡ് നടത്തി ദേഹോപദ്രവമേൽപ്പിച്ചു. നാസികളുടെ വിഷപ്രയോഗം ഗുരുതര രോഗബാധിതനാക്കിയ അദ്ദേഹത്തെ ഭാര്യ ഇറ്റലിയിലേക്ക് കൊണ്ടുപോയി. തലച്ചോറിൽ ചോര കട്ടപിടിച്ചതായി കണ്ടെത്തി. മികച്ച ചികിത്സക്കുള്ള പണത്തിന്റെ അഭാവം 1934 മെയ് 28 ന് ഇറ്റലിയിലെ നിലവാരമില്ലാത്ത കൊച്ചു ആശുപത്രിയിൽ 42ാം വയസ്സിൽ ആ ജീവൻ നഷ്ടമാക്കി.

നാസി വിരുദ്ധ പോരാട്ടത്തിലെ രക്തസാക്ഷി മിച്ചിലോട്ട് മാധവൻ

രണ്ടാം ലോക യുദ്ധ വേളയിൽ ഫ്രാൻസിലെ നാസി വിരുദ്ധ പോരാട്ടത്തിലെ രക്തസാക്ഷിയാണ്‌ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായിരുന്ന മിച്ചിലോട്ട് മാധവൻ. മയ്യഴിയിലെ എക്കോൽ സെംത്രാൽ ഏകൂർ കോംപ്ലമാംതേർ ഫ്രഞ്ച് സ്കൂൾ വിദ്യാർഥിയായിരിക്കേ തന്നെ സാഹസികത അവന്റെ സ്വഭാവവിശേഷമായിരുന്നു. പുതുച്ചേരിയിൽ പഠിക്കവെ ഹരിജനോത്ഥാരണത്തിന്‌ മുന്നിട്ടിറങ്ങി. മാഹിയിലെ പ്രാദേശിക രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടു. 1934ൽ ഗാന്ധിജി മാഹി സന്ദർശിച്ചതാണ് വഴിത്തിരിവുണ്ടാക്കിയത്. 1937ൽ ഗണിത ഉപരിപഠനത്തിന്‌ ഫ്രാൻസിലേക്ക്‌ പോയി പാരീസ്‌ കമ്യൂണിസ്റ്റ് പാർട്ടിയംഗമാകുകയും സൊർബോൻ സർവകലാശാലയിലും പുറത്തും പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്‌തു. പാർട്ടി ഹോസ്റ്റൽ സെക്രട്ടറിയായി. നാസികൾക്കെതിരായ ചെറുത്തു നില്‍പ്പിനുള്ള ആഹ്വാനവുമായി മാധവനും സംഘവും പാരീസിന്റെ ഉൾഭാഗങ്ങളില്‍ തെരുവു നാടകങ്ങൾ അവതരിപ്പിച്ചു. രഹസ്യ ലഘുലേഖകൾ വിതരണം ചെയ്‌തെന്നാരോപിച്ചായിരുന്നു ആദ്യ അറസ്റ്റ്.

രണ്ടാം ലോക യുദ്ധകാലത്ത്‌ ഫ്രാൻസിലെ നാസിവിരുദ്ധപ്രതിരോധത്തിൽ ശക്തമായി മുഴുകുകയായിരുന്നു മാധവനും മറ്റും. ആക്രമണത്തെ അതേ നാണയത്തിൽ തിരിച്ചടിക്കുകയെന്ന തീരുമാനത്തിന്റെ ഭാഗമായി ചിലേടങ്ങളിൽ ചെറുത്തുനിൽപ്പുകളുണ്ടായി. 1942 മാർച്ച് ഒന്പതിന് സ്പെഷ്യൽ ബ്രിഗേഡുകൾ അറസ്റ്റ് ചെയ്ത്‌ അദ്ദേഹത്തെ രഹസ്യ പോലീസായ ഗസ്റ്റപ്പോയ്ക്ക് കൈമാറി. പാരീസിലെ ഷേര്‍മിദി ജയിലിലായിരുന്നു ആദ്യം കൊണ്ടുപോയത്. അതിനിടെ തടവില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി കോൺസെൻട്രേഷൻ ക്യാമ്പായ ഫോർട്ട് ഡി റൊമൈൻവില്ലിൽ പീഡനത്തിനിരയാക്കി. 1942 ആഗസ്റ്റ് 24ന് കുപ്രസിദ്ധമായ റൊമേൻവിൽ കോട്ടയിലെ തടങ്കൻ പാളയത്തിൽ തള്ളി.

മാധവന്‍ ഉൾപ്പെടെ 116 പേരെ കോടതിയില്‍ ഹാജരാക്കാതെ ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു. അതിനിടെ 1942 സെപ്‌തംബർ 17ന് പാരീസിലെ റെക്സ് സിനിമാ തിയറ്ററിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് നാസികള്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആ സംഭവം മറയാക്കി ഹിറ്റ്‌ലർ സേന മാധവനെ കുടുക്കാൻ ദുരാരോപണങ്ങൾ മെനഞ്ഞു. തുടര്‍ന്നാണ് ഫ്രഞ്ച് നാസി നേതാവ് കാള്‍ ഒബെര്‍ഗിന്റെ ഉത്തരവനുസരിച്ച്‌ മാധവന്‍ അടക്കമുള്ള 45 കമ്യൂണിസ്റ്റുകാരെ ഫയറിംഗ് സ്‌ക്വാഡ്‌ വധിച്ചത്. തടവറയില്‍നിന്നും പുറത്തുകൊണ്ടു പോയി തൂണില്‍ ബന്ധിച്ച്‌ കണ്ണുകെട്ടിയായിരുന്നു തുരുതുരാ വെടിയുതിർത്തത്‌. പിന്നീട്‌ മൃതശരീരങ്ങൾ കുന്നിന്‍ ചെരുവില്‍ കൂട്ടിയിട്ട് തീ കൊടുക്കുകയായിരുന്നു.

ആ സംഭവ പരന്പരകൾ ചിലർ രേഖപ്പെടുത്തിയത്‌ വേദനാജനകമാണ്‌. കണ്ണാടിച്ചില്ലില്‍ നാസി ചിഹ്നം രേഖപ്പെടുത്തിയ ഗസ്റ്റപ്പോയുടെ കറുത്ത വാഹനം പാരീസിന്റെ പടിഞ്ഞാറു ഭാഗത്തെ വിജനമായ വലേറിയര്‍ കുന്ന് ലക്ഷ്യമാക്കി കുതിച്ചു. ബാക്കി തടവുകാർ അവർക്ക് ശുഭയാത്ര ആശംസിച്ചു. ആർക്കും വധശിക്ഷ നൽകില്ലെന്ന് നാസികൾ പ്രഖ്യാപിച്ചതിനാൽ ഗസ്റ്റപ്പോ തങ്ങളെ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേക്ക് കൈമാറുകയാണെന്ന ധാരണയിലായിരുന്നു ഏവരും. സമീപത്തെ ചാപ്പലില്‍ അല്‍പ്പനേരം തടവുകാരെ വിശ്രമിക്കാൻ അനുവദിക്കുകയുമുണ്ടായി. അപാരമായ ആത്മധൈര്യം പുലർത്തിയ തടവുകാർ വിലങ്ങിട്ടുപൂട്ടിയ കൈകളുയർത്തി ചാപ്പലിലെ ചുവരുകളില്‍ നാസിവിരുദ്ധ മുദ്രാവാക്യങ്ങളെഴുതി.

പിന്നീട് ആട്ടിന്‍ പറ്റങ്ങളെപോലെ തെളിച്ചുകൊണ്ടുപോയി. അക്ഷരമാലാ ക്രമത്തില്‍ ഓരോരുത്തരെയായി സൈന്യം വെടിവെച്ചു കൊന്നു. ഏറ്റവും ഒടുവിലായിരുന്നു മാധവന്റെ ഊഴം. വെടിയുണ്ട നെഞ്ചിലേക്ക് തുളച്ചുകയറുംവരെ അദ്ദേഹം ഹിറ്റ്്ലര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടേയിരുന്നു. ഫ്രഞ്ച് ദേശീയ ഗാനമായ ലാ മാർസെയിലൈസ് ആലപിച്ചാണ് മാധവന്‍ മരണം സ്വീകരിച്ചത്‌. ഇന്ത്യക്കാരനാണെന്ന് പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന്‌ ജീവൻ രക്ഷപ്പെടുത്താമായിരുന്നു. പക്ഷേ, ഫ്രഞ്ച് പൗരനാണെന്നായിരുന്നു വെളിപ്പെടുത്തിയത്‌. വാഹനത്തില്‍ കയറ്റിയ തടവുകാര്‍ക്ക് മറ്റുള്ളവരോട് വിട പറയാന്‍ അവസരം നല്‍കിയില്ലെങ്കിലും കാമുകി ജിസൽ മോറെയോട് സംസാരിക്കാന്‍ മാധവന് അനുമതി കൊടുത്തു. അഴികള്‍ക്കപ്പുറത്ത് കണ്ണുകളില്‍ നോക്കി നിശബ്ദമായി നിൽക്കുകയായിരുന്നു ഇരുവരും.

ജയില്‍ രജിസ്റ്ററില്‍ 27ാം പേജില്‍ 766ാം തടവുകാരൻ

രണ്ടാം ലോകയുദ്ധം തുടങ്ങിയതോടെ മാധവന് നാടുമായുള്ള ബന്ധം ഇല്ലാതായിരുന്നു. അറസ്റ്റോ മരണമോ ഒന്നും വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. പിന്നീട് ഫ്രാന്‍സില്‍ കൊല്ലപ്പെട്ടവരുടെ തടവറ രജിസ്റ്ററില്‍ നിന്നാണ്‌ കൊല്ലപ്പെട്ട വിവരം പുറത്തറിഞ്ഞത്. ജയില്‍ രജിസ്റ്ററില്‍ 27‐ാം പേജില്‍ 766‐ാം തടവുകാരനായി മിച്ചിലോട്ട് മാധവന്റെ പേരുമുണ്ട്. രണ്ട് വര്‍ഷം കഴിഞ്ഞാണ് മാതാപിതാക്കള്‍ മാധവന്റെ മരണവിവരം അറിഞ്ഞത്‌. ജന്മനാട്‌ വിശദാംശങ്ങൾ മനസ്സിലാക്കിയത്‌ വർഷങ്ങൾക്കുശേഷവും. യുദ്ധകാലത്ത് ആശയവിനിമയങ്ങൾ അതീവ പരിമിതമായതിനാലും നാസിതടവറകളിൽ നടക്കുന്നവ അറിയാൻ സാധ്യമല്ലെന്നതിനാലും മാധവൻ ജീവിച്ചിരിപ്പുണ്ടാകും എന്നാണ് കുടുംബാംഗങ്ങൾ കരുതിയിരുന്നത്‌. ഒപ്പം തടവറയിലുണ്ടായ പി എസ് ഷമോഫിന്റെ കുറിപ്പ് അടിസ്ഥാനമാക്കി മയ്യഴിയുടെ ചരിത്രകാരൻ സി എച്ച് ഗംഗാധരനാണ്‌ വസ്‌തുത കണ്ടെത്തിയത്‌. കാമുകി ജിസെല്‍ മോലെയും പിടിയിലാവുകയുണ്ടായി.

റെയ്ഡ് വിവരം മനസ്സിലാക്കി മാധവന്റെ മുറിയിലെത്തി രഹസ്യ ലഘുലേഖകള്‍ മാറ്റവെയായിരുന്നു കുടുങ്ങിയത്‌. അവരെ ഓഷ്‌വിറ്റ്‌സ്‌ പീഡനക്യാന്പിലെത്തിച്ച്‌ ഒരു വർഷത്തിനകം തൂക്കിലേറ്റി. ഫ്രഞ്ച് ചെറുത്തുനിൽപ്പ്‌ പ്രസ്ഥാനത്തിലെ അംഗങ്ങളെന്ന നിലയിൽ ഭർത്താവ്‌ ജോർജ്‌ ഡുഡാച്ചിനൊപ്പം റാവൻസ്ബ്രൂക്ക്‌, ഓഷ്‌വിറ്റ്‌സ്‌ തടവറകളിൽ നരകിച്ച ഫ്രഞ്ച് എഴുത്തുകാരി ഷാർലെറ്റ്‌ ഡെല്‍ബോയുടെ ‘ഓഷ്‌വിറ്റ്‌സ് ആൻഡ് ആഫ്റ്റര്‍’ എന്ന ഹൃദയഭേദകമായ ഓർമകളുടെ സമാഹാരത്തിൽനിന്നാണ്‌ ഈ വിശദാംശങ്ങൾ. ‘ഓഷ്‌വിറ്റ്സ്, എറ്റ് അപ്രേസ്’ എന്ന ഫ്രഞ്ച്‌ മൂലകൃതി റോസെറ്റ് സി ലാമോണ്ട് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌ത്‌ യേൽ യൂനിവേഴ്സിറ്റി പ്രസ്സാണ്‌ പ്രസിദ്ധീകരിച്ചത്.

പ്രവാസം നോവലിലെ പ്രധാന കഥാപാത്രം

മാധവനെ വധിച്ച പാരീസിലെ ഫോര്‍ട്ട് മോണ്ട് -വാലേറിയ്‌നിൽ സ്ഥാപിച്ച ഫ്രാന്‍സിന്റെ യുദ്ധസ്മാരകത്തില്‍ അദ്ദേഹത്തിന്റെ പേരുമുണ്ട്; അധിനിവേശ നാസി സേനയോട് പോരാടുകയും ചെറുക്കുകയും ചെയ്ത ഒട്ടേറെ പേരുകൾക്കൊപ്പം. പ്രശസ്ത നോവലിസ്റ്റ് എം മുകുന്ദന്റെ ‘പ്രവാസം’ (2008)നോവലിൽ അദ്ദേഹത്തെക്കുറിച്ച് വിവരണമുണ്ട്‌. ഫോര്‍ട്ട് മോണ്ട്- വാലേറിയ്ന്‍ താന്‍ സന്ദര്‍ശിച്ചതായി അദ്ദേഹം ഒരഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്‌തു. പ്രവാസത്തിലെ പ്രധാന കഥാപാത്രമാണ് മിച്ചിലോട്ട് മാധവൻ. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ഊർജസ്വലമാകുംമുമ്പ്‌ വിദേശ രാജ്യമായ ഫ്രാൻസിൽ പോയി ചെന്പതാകയേന്തിയ ആ മലയാളിയുടെ ആവേശകരവും പ്രചോദനാത്മകവുമായ സാഹസിക ജീവിതവും പ്രവാസികളുടെ അതിജീവനവും അതിൽ വശ്യമനോഹരമായി വരച്ചുവെച്ചിട്ടുണ്ട്‌.

പ്രവാസി മലയാളികളുടെ ജീവിതത്തിന്റെ സത്തയായി കരുതപ്പെടുന്ന നൊസ്റ്റാൾജിയയെ പുനർനിർവചിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന ലക്ഷക്കണക്കിനാളുകളെ ആദരിക്കാനുമുള്ള ശ്രമമാണ് നോവൽ എന്നാണ്‌ രചയിതാവിന്റെ സത്യവാങ്‌മൂലം. വ്യത്യസ്‌ത കാരണങ്ങളാൽ സ്വന്തം പ്രദേശം വിട്ടുപോകാൻ നിർബന്ധിതരായ വിവിധതരക്കാരുടെ വ്യത്യസ്തങ്ങളായ വികാരങ്ങൾ സംബന്ധിച്ചാണ്‌ ആഖ്യാനം. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനും നല്ല ജോലി നേടുന്നതിനും മെച്ചപ്പെട്ട ജീവിതസാഹചര്യം എത്തിപ്പിടിക്കുന്നതിനുമായുള്ള അലച്ചിലുകളാണ്‌ പ്രേരണ. അതിൽ മിക്കയാളുകളും ഒരു ദിവസം സ്വന്തം നാട്ടിലേക്ക് മടങ്ങാനും ഗൃഹാതുരത്വം ആസ്വദിക്കാനും കിനാവു കാണുന്നു. മലയാളിയുടെ സാംസ്കാരിക സ്വത്വത്തിന്റെ ചോദ്യം പ്രധാന സമസ്യയായ രചനയിൽ എസ് കെ പൊറ്റെക്കാട്ടാണ് ഒരു പ്രധാന കഥാപാത്രം. തുടക്കത്തിൽ കഥ പറയുന്നതും അദ്ദേഹം. പൊറ്റെക്കാട്ടിന്റെ വിയോഗശേഷം മുകുന്ദനാണ് അതിന്‌ വിരാമമിടുന്നതും.

 

.

---- facebook comment plugin here -----

Latest