Connect with us

Kerala

ചാലയിലെ സ്വര്‍ണ കവര്‍ച്ച 25 ലക്ഷം രൂപയ്ക്ക് ഉറപ്പിച്ച ക്വട്ടേഷന്‍

മാളവിക ജ്വല്ലറി ഉടമ ജയറാമും മുഖ്യപ്രതി അമോലും കൂട്ടുപ്രതി ദിലീപും ഒരുമിച്ചിരുന്നാണ് കവര്‍ച്ചയുടെ പദ്ധതി തയ്യാറാക്കിയത്

Published

|

Last Updated

തിരുവനന്തപുരം | തലസ്ഥാന നഗരിയിലെ ചാലയിലെ സ്വര്‍ണ കവര്‍ച്ച 25 ലക്ഷം രൂപയ്ക്ക് ഉറപ്പിച്ച ക്വട്ടേഷന്‍ ആണെന്നു പോലീസ് കണ്ടെത്തി. മാളവിക ജ്വല്ലറി ഉടമ ജയറാമും മുഖ്യപ്രതി അമോലും കൂട്ടുപ്രതി ദിലീപും ഒരുമിച്ചിരുന്നാണ് കവര്‍ച്ചയുടെ പദ്ധതി തയ്യാറാക്കിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കവര്‍ച്ചയ്ക്ക് പിന്നിലെ ഗൂഢാലോചന നടന്നത്. കവര്‍ച്ചയ്ക്ക് തലേദിവസം പ്രതികള്‍ സംഭവസ്ഥലത്തെത്തി റിഹേഴ്‌സല്‍ നടത്തിയെന്നും പോലീസ് പറയുന്നു.

ക്വട്ടേഷന്‍ സംഘത്തിന് മുഖ്യപ്രതിയായ അമോല്‍ ആദ്യം കൈമാറിയത് നാല് ലക്ഷം രൂപയാണ്. സ്വര്‍ണം കവര്‍ന്നെടുത്ത ശേഷമാണ് ക്വട്ടേഷന്‍ ഏറ്റെടുത്ത അനൂപ് രാജിനു നാല് ലക്ഷം രൂപ നല്‍കിയത്. കൂട്ടുപ്രതിയായ ദിലീപിന്റെ കൈയിലാണ് അമോല്‍ പണം നല്‍കിയത്. ദിലീപ് ബാങ്ക് അക്കൗണ്ട് വഴി തമിഴ്‌നാട്ടിലായിരുന്ന അനൂപ് രാജിന് തുക കൈമാറുകയായിരുന്നു. കവര്‍ച്ച നടന്ന ദിവസം രാവിലെ തന്നെ അമോല്‍ 85 ഗ്രാം സ്വര്‍ണം വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന് കൈമാറിയിരുന്നു. കവര്‍ന്നെടുത്ത സ്വര്‍ണത്തില്‍ നിന്ന് 85 ഗ്രാം തിരികെ നല്‍കണമെന്നും അമോല്‍ ആവശ്യപ്പെട്ടിരുന്നു.

കവര്‍ച്ചയ്ക്ക് തലേദിവസം പ്രതികള്‍ നടത്തിയ റിഹേഴ്‌സലില്‍ ദിലീപും പങ്കെടുത്തിരുന്നു. അന്ന് പ്രതികള്‍ നിശ്ചയിച്ച സമയത്ത് നന്ദകുമാര്‍ കടയില്‍ നിന്ന് ഇറങ്ങിയില്ല. പിന്നീട് സാഹചര്യം വിലയിരുത്തി കവര്‍ച്ച നടപ്പാക്കുകയായിരുന്നു. അമോലിനെയും ദിലീപിനെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. മാളവിക ജ്വല്ലറി ഉടമ ജയറാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Content Highlights: Police discovered that the Chala gold robbery in Thiruvananthapuram was a Rs 25 lakh quotation plotted by Malavika Jewellery owner Jayaram and accused Amol. The gang conducted a rehearsal a day before executing the heist and transferred advance money via bank accounts. Prime accused are now in custody.

Latest