Kerala
വയോധികയുടെ സ്വര്‍ണക്കമ്മല്‍ തട്ടിയെടുത്ത ആളെ കണ്ടെത്താനായില്ല
കാരശ്ശേരി കറുത്തപറമ്പ് സ്വദേശിനി വലിയപറമ്പില്‍ ഫാത്തിമ(62) യാണ് തട്ടിപ്പിനിരയായത്
കോഴിക്കോട് | മുക്കം ബസ് സ്റ്റാന്റില്‍ വച്ച് വയോധികയെ കബളിപ്പിച്ച് സ്വര്‍ണക്കമ്മല്‍ തട്ടിയെടുത്ത ആളെ കണ്ടെത്താനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. രണ്ട് ദിവസം മുന്‍പ് താമരശ്ശേരി ഭാഗത്ത് നിന്ന് ബസില്‍ എത്തി സ്റ്റാന്‍ഡില്‍ ഇറങ്ങിയ കാരശ്ശേരി കറുത്തപറമ്പ് സ്വദേശിനി വലിയപറമ്പില്‍ ഫാത്തിമ(62) യാണ് തട്ടിപ്പിനിരയായത്.
സ്നേഹത്തോടെ അടുത്തു കൂടിയ ആള് മകന്റെ സുഹൃത്താണെന്നു തെറ്റിദ്ധരിപ്പിച്ചാണ് കമ്മല്‍ കൈക്കലാക്കിയത്. ഫാത്തിമയെ ‘ഉമ്മാ’ എന്ന് വിളിച്ച് അടുത്തുവന്നയാള്‍ ‘എന്നെ മനസ്സിലായോ’ എന്ന് ചോദിച്ചാണ് സംസാരം തുടങ്ങിയത്. പാവപ്പെട്ടവര്‍ക്ക് 5 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്ന ഒരു പദ്ധതിയുണ്ടെന്നും താനാണ് ഇതിന്റെ ഏജന്റ് എന്നും പറഞ്ഞ ഇയാള്‍ നടപടിക്രമങ്ങള്‍ക്കായി 20,800 രൂപ ആവശ്യമാണെന്നും വിശ്വസിപ്പിച്ചു.
പിന്നീട് വീട്ടമ്മയുടെ ഫോണ്‍ വാങ്ങി ഇവരുടെ മകനോട് സംസാരിക്കുന്നതുപോലെ അഭിനയിച്ചു. നിങ്ങളുടെ മകന് പണത്തിന് പകരം കമ്മല്‍ തരാന്‍ പറഞ്ഞു എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. ഇവര്‍ ബസ്സ്റ്റാന്‍ഡില്‍ വെച്ച് തന്നെ തന്റെ കൈവശമുണ്ടായിരുന്ന മുക്കാല്‍ പവന്റെ കമ്മല്‍ ഊരി നല്‍കുകയായിരുന്നു. നാളെത്തന്നെ വിളിക്കാമെന്നും പറഞ്ഞ് ഇയാള്‍ സ്ഥലം വിട്ടു. വീട്ടിലെത്തിയ സ്ത്രീയോട് മക്കള്‍ കമ്മല്‍ എവിടെയെന്ന് ചോദിച്ചപ്പോഴാണ് തട്ടിപ്പിനിരയായ വിവരം പുറത്തറിയുന്നത്. പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Content Highlights: A conman duped a 62-year-old woman of her gold earrings at Mukkam bus stand in Kozhikode by posing as her son’s friend. He promised up to 10 lakh rupees under a welfare scheme and pretended to call her son to get approval for taking the jewelry. Police have intensified the search for the absconding accused.



