Connect with us

Kerala

തിരുവല്ല ഈസ്റ്റ് കോ-ഓപറേറ്റീവ് ബേങ്ക് ഭരണസമിതി പിരിച്ചുവിട്ടു; നടപടി നിയമവിരുദ്ധമെന്ന് ആക്ഷേപം

പോലീസുമായി എത്തിയ പ്ലാനിങ് അസിസ്റ്റന്റ് രജിസ്ട്രാര്‍ രേഖകള്‍ ബലമായി പിടിച്ചെടുത്ത് അധികാരമേറ്റെടുക്കുകയായിരുന്നു. നിലവിലുണ്ടായിരുന്ന മാനേജിങ് ഡയറക്ടറെ പിരിച്ചുവിടുകയും ചെയ്തു.

Published

|

Last Updated

പത്തനംതിട്ട | തിരുവല്ല ഈസ്റ്റ് കോ-ഓപറേറ്റീവ് ബേങ്ക് ഭരണസമിതി പിരിച്ചുവിട്ടു. സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ കൈക്കൊണ്ട നടപടി നിയമവിരുദ്ധമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പോലീസുമായി എത്തിയ പ്ലാനിങ് അസിസ്റ്റന്റ് രജിസ്ട്രാര്‍ രേഖകള്‍ ബലമായി പിടിച്ചെടുത്ത് അധികാരമേറ്റെടുക്കുകയായിരുന്നു. നിലവിലുണ്ടായിരുന്ന മാനേജിങ് ഡയറക്ടറെ പിരിച്ചുവിടുകയും ചെയ്തു.

റിസര്‍വ് ബേങ്ക് നിയന്ത്രണത്തിലുള്ള അര്‍ബന്‍ കോ-ഓപറേറ്റീവ് ബേങ്കാണിത്. ഈ ബേങ്കില്‍ എന്ത് നടപടി സ്വീകരിക്കണമെങ്കിലും റിസര്‍വ് ബേങ്കിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍, അനുമതിയില്ലാതെയാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിട്ടുള്ളത്. പാര്‍ലിമെന്റ് പാസാക്കിയിട്ടുള്ള ബേങ്കിങ് റെഗുലേഷന്‍സ് ആക്ട് 36 പ്രകാരം ഇത്തരം നടപടികള്‍ക്ക് റിസര്‍വ് ബേങ്കിന്റെ അനുമതി ആവശ്യമാണെന്ന് വ്യക്തമായി പറയുന്നുണ്ട്. സാധാരണ സഹകരണ ബേങ്കുകളെ പിരിച്ചുവിടുന്ന കേരള സൊസൈറ്റിസ് ആക്ട് 32 പ്രകാരമാണ് ഇപ്പോഴത്തെ നടപടി. ഇതിനായി വ്യാജ റിപോര്‍ട്ട് തയ്യാറാക്കിയതായും ആക്ഷേപമുണ്ട്.

ബേങ്കില്‍ എം ഡിയെയും ജീവനക്കാരെയും നിയമിച്ചതിലും പഴയ കെട്ടിടങ്ങള്‍ നവീകരിച്ചതിലും അഴിമതിയുണ്ടെന്ന ചില യു ഡി എഫ് കേന്ദ്രങ്ങളുടെ ആരോപണത്തിന്റെ മറവില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ 16ന് ബേങ്കില്‍ എത്തി രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ബേങ്ക് ആവശ്യമായ രേഖകള്‍ തയ്യാറാക്കി നല്‍കി. എന്നാല്‍, അടുത്ത ദിവസമെത്തി വാങ്ങാമെന്ന് പറഞ്ഞെങ്കിലും പിന്നീട് ഉദ്യോഗസ്ഥന്‍ എത്തുകയോ രേഖകള്‍ കൈപ്പറ്റുകയോ ചെയ്തില്ല. മാത്രമല്ല, ബേങ്ക് രേഖകള്‍ നല്‍കിയില്ലെന്ന് ജോയിന്റ് രജിസ്ട്രാര്‍ക്ക് റിപോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.

Content Highlights:
The governing body of Thiruvalla East Co-operative Bank has been officially dissolved by the authorities. Critics and opposition members have alleged that the action taken against the bank board is completely illegal. The board’s dissolution comes amid rising administrative and financial concerns.

 

---- facebook comment plugin here -----

Latest