Kerala
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്; തിരുവല്ല കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു
വിദേശത്ത് താമസിക്കുന്ന മലയാളിയായ 31 വയസ്സുകാരിയുടെ പരാതിയില്‍ ജനുവരി 10നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായത്.
തിരുവല്ല | പാലക്കാട് മുന്‍ എം എല്‍ എയും കോണ്‍ഗ്രസ്സ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവല്ല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ജനുവരിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട രാഹുലിന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.
വിദേശത്ത് നിന്നെത്തിയ യുവതി പ്രത്യേക അന്വേഷണ സംഘത്തിന് നേരിട്ട് മൊഴി നല്‍കിയിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം നല്‍കിയിട്ടുളളത്. രാഹുലിന് എതിരെ ഉയര്‍ന്ന മൂന്നാം പീഡന പരാതിയിലാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. കേസെടുത്ത് നാലുമാസം ആവുമ്പോഴാണ് എസ് ഐ ടി കുറ്റപത്രം സമര്‍പ്പിക്കുന്നത്.
വിദേശത്ത് താമസിക്കുന്ന മലയാളിയായ 31 വയസ്സുകാരിയുടെ പരാതിയില്‍ ജനുവരി 10നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലാവുന്നത്. ഷൊര്‍ണൂരിലെ കെ പി എം ഹോട്ടലില്‍ നിന്നാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പിറ്റേന്ന് തന്നെ പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. നേരത്തെ രണ്ട് ബലാത്സംഗ കേസുണ്ടായിരുന്ന രാഹുലിനെ മൂന്നാം ബലാത്സംഗ കേസില്‍ രഹസ്യ നീക്കത്തിലൂടെയാണ് പിടികൂടിയത്.
ബലാത്സംഗത്തിനും ശാരീരിക മാനസിക പീഡനത്തിനും പുറമെ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍ അടക്കം ഞെട്ടിക്കുന്നതും സമാന സ്വഭാവത്തിലുള്ളതുമാണ് കുറ്റങ്ങള്‍. എന്നാല്‍, ബലാത്സംഗം അല്ല ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്നാണ് രാഹുലിന്റെ വാദം. ഇതിനുള്ള ഇലക്ട്രോണിക് തെളിവുകള്‍ ഉള്‍പ്പെടെ ഹാജരാക്കുകയും ചെയ്തിരുന്നു.







