Connect with us

Kerala

ഇടിമിന്നലിനെ നേരിടാൻ ഈ ജാഗ്രതകൾ പുലർത്താം

തിങ്കളാഴ്ച വരെ ഇടിമിന്നൽ ജാഗ്രതാ നിർദേശം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വേനൽ മഴ സജീവമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന് മഞ്ഞ ജാഗ്രതാ നിർദേശം നൽകി. എറണാകുളത്തും ഇടുക്കിയിലും നാളെയും മഞ്ഞ ജാഗ്രതയുണ്ട്. ഇടിയോട് കൂടിയ മഴക്കും പെട്ടെന്നുള്ള കാറ്റിനും സാധ്യതയുണ്ട്.

അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. തിങ്കളാഴ്ച വരെ ഇടിമിന്നൽ ജാഗ്രതാ നിർദേശം നൽകി.

വേണം കരുതൽ

  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറണം. ജനലും വാതിലും അടച്ചിടണം. ഭിത്തിയിലോ തറയിലോ സ്പർശിക്കരുത്.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുകയും സാമീപ്യം ഒഴിവാക്കുകയും ചെയ്യണം.
  • ടെലിഫോൺ ഉപയോഗം ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കില്ല.
  • അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസ്സായ സ്ഥലത്തും ടെറസിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണം.
    തുണികളെടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ളപ്പോൾ വാഹനത്തിനകത്ത് തന്നെ തുടരുകയും കൈകാലുകൾ പുറത്തിടാതിരിക്കുകയും ചെയ്യണം.
  • ജലാശയങ്ങളിൽ മീൻപിടിക്കാനോ കുളിക്കാനോ ഇറങ്ങരുത്.
  • തുറസ്സായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവെച്ച് തല കാൽമുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ടിരിക്കണം.